42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി ഗോവിന്ദന്‍ മറവിരോഗം നടിക്കുന്നു; പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ പ്രീണനവും പിന്നീട് ഭൂരിപക്ഷ പ്രീണനവും നടത്തിയ സി.പി.എമ്മിന് ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥ; ലീഗിന് വര്‍ഗീയത പോരെന്നു പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചരിക്കുന്നവര്‍ യുഡിഎഫിനെ വര്‍ഗീയത പഠിപ്പിക്കാന്‍ വരേണ്ട: വി ഡി സതീശന്റെ മറുപടി
42 വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ ഒപ്പം കൊണ്ടു നടന്ന എം.വി ഗോവിന്ദന്‍ മറവിരോഗം നടിക്കുന്നു
കാസര്‍കോട്: സിപിഎം ഒരു കാലത്തും ജമാഅത്തെയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞു രംഗത്തുവന്ന എം വി ഗോവിന്ദന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗോവിന്ദന്‍ മാഷിന് മറവി രോഗമുണ്ട്. നാല്‍പ്പത്തി രണ്ട് വര്‍ഷം ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. നിരവധി തവണ ജമാഅത്ത് ഇസ്ലാമി പിന്തുണയില്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് എം.വി ഗോവിന്ദനും പിണറായി വിജയനും. ജമാഅത്ത് ഇസ്ലാമിയെ ന്യായീകരിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പും ദേശാഭിമാനിയുടെ എഡിറ്റോറിയലും ഗോവിന്ദന് അയച്ചു കൊടുക്കാംമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
മനപൂര്‍വമായ മറവി വന്നാല്‍ ഒന്നും ചെയ്യാന്‍ പറ്റില്ല. മറവിയുള്ളതു പോലെ അഭിനയിക്കുകയാണ്. നാല്‍പ്പത്തിരണ്ട് വര്‍ഷം ജമാഅത്ത് ഇസ്ലാമിയെ തോളില്‍ വച്ച് കൊണ്ടു നടന്നവപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇതൊക്കെ ജനങ്ങളുടെ മനസിലുണ്ട്. നേതാക്കളെല്ലാം പരസ്യമായി വേദി പങ്കിട്ടതുമൊക്കെ എങ്ങനെയാണ് പരസ്യമായി മറക്കുന്നത്? അവര്‍ ഞങ്ങള്‍ക്ക് പുറത്ത് നിന്ന് പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ 42 വര്‍ഷം മതേതര വാദികളായിരുന്നവര്‍ പെട്ടന്ന് വര്‍ഗീയവാദിയാകുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
ബാബറി മസ്ജിദ് പൊളിച്ചപ്പോള്‍ എല്ലായിട്ടും ഉണ്ടായതു പോലെ കേരളത്തില്‍ സംഘര്‍ഷം ഉണ്ടായില്ലെന്നും അത് തടഞ്ഞത് ഷിഹാബ് തങ്ങളാണെന്നും പറഞ്ഞ് പിണങ്ങിപ്പോയവരെ കക്ഷത്തില്‍ വച്ചിട്ടാണ് ഞങ്ങളെ വര്‍ഗീയത പഠിപ്പിക്കാന്‍ വരുന്നത്. വര്‍ഗീയത പഠിപ്പിക്കാന്‍ ഇങ്ങോട്ട് വരേണ്ട. സി.പി.എമ്മിന് ഇരട്ടത്താപ്പാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ന്യൂനപക്ഷ പ്രീണനമായിരുന്നു. പിന്നീട് ഭൂരിപക്ഷ പ്രീണനമായി. ഇപ്പോള്‍ രണ്ടു കൂട്ടരും ഇല്ലാത്ത അവസ്ഥയാണ്. ഇപ്പോള്‍ മൊത്തത്തില്‍ കണ്‍ഫ്യൂഷനാണ്. ഇപ്പോള്‍ എന്താണ് പറയുന്നത്, എന്താണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ അറിയാത്ത അവസ്ഥയിലാണ.് പണ്ട് പറഞ്ഞതൊക്കെ മറന്നതായി അഭിനയിക്കുകയാണ്.
ഞങ്ങള്‍ നൂറ് സീറ്റില്‍ അധികം ജയിക്കുമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ ഗോവിന്ദന്‍ മാഷിനെ പോലെ ഒരാള്‍ക്ക് സാധിക്കില്ല. പിണറായി വിജയന്‍ പറഞ്ഞതു പോലെ എം.വി ഗോവിന്ദനും 110 ആക്കാം. 110 എന്നത് തോറ്റു കഴിയുമ്പോള്‍ കണ്ടം വഴി ഓടുന്ന സ്പീഡാണെന്ന് ഒരു ട്രോള്‍ ഇറങ്ങിയിട്ടുണ്ട്. പുതുയുഗ യാത്രയിലൂടെ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി നാടിന്റെ ഭാവിയെ കുറിച്ചും കേരളത്തിലെ പുത്തന്‍ പദ്ധതികളെ കുറിച്ചുമാണ് പറയുന്നത്. അതിനെ കുറിച്ച് 30 ദിവസം കഴിയുമ്പോള്‍ എം.വി ഗോവിന്ദന് മനസിലാകും. അദ്ദേഹം ഞങ്ങളുടെ യാത്രയെ ശ്രദ്ധിക്കുന്നുണ്ട്. അദ്ദേഹം നല്‍കുന്ന ഉപദേശം കൂടി ഞങ്ങള്‍ സ്വീകരിക്കാം.
എല്ലാ സംഘടനകള്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. ഒരു സമുദായ സംഘടനകളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ല. എല്ലാവരും ഒന്നിച്ച് നടക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതിലൊന്നും അഭിപ്രായം പറയല്‍ പ്രതിപക്ഷ നേതാവിന്റെ ജോലിയല്ല. എന്‍.എസ്.എസിലും എസ്.എന്‍.ഡി.പിയും എന്തെങ്കിലും നടന്നാല്‍ മാധ്യമങ്ങള്‍ എന്റെ അടുത്തേക്ക് വരും. അതിലൊന്നും അഭിപ്രായം പറയാണ്ട ആളല്ല ഞാന്‍. സംഘടനകളിലെ ആഭ്യന്തരകാര്യങ്ങള്‍ അവര്‍ തന്നെ പരിഹരിക്കുമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
അതിനിടെ പ്രതിപക്ഷനേതാവ് ജമാഅത്തെ ഇസ്ലാമിയെ ചേര്‍ത്തു പിടിക്കുമ്പോഴും വിമര്‍ശനം കടുപ്പിച്ചു സമസ്ത രംഗത്തുവന്നു. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ഇസ്ലാം എന്ന വിചാരധാര മുസ്ലിം യുവാക്കളെ വഴിതെറ്റിക്കുന്നുവെന്ന് സമസ്ത ഇ കെ വിഭാഗം കുറ്റപ്പെടുത്തി. കാസര്‍കോട് നടന്ന സമ്മേളനത്തിലാണ് മതരാഷ്ട്രവാദത്തിനും പാന്‍ ഇസ്ലാമിക് തീവ്രചിന്താഗതിക്കുമെതിരെ സമസ്ത പ്രമേയം പാസാക്കിയത്.
രാഷ്ട്രീയ ഇസ്ലാം എന്നത് അപകടകരമായ ആശയമാണെന്നും ഇതിനെതിരെ വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. മുന്‍ഗാമികള്‍ കാണിച്ചുതന്ന സമാധാനപരമായ പ്രബോധന ശൈലിയെ അട്ടിമറിക്കാനാണ് മൗദൂദിസ്റ്റ് വിചാരധാരകള്‍ ശ്രമിക്കുന്നത്.
മുസ്ലിം യുവാക്കളെ മുഖ്യധാരയില്‍ നിന്നും അകറ്റുന്ന ഇത്തരം വിഘടനവാദ ചിന്തകളെ ആശയപരമായി പ്രതിരോധിക്കണം. നിഷ്പക്ഷ മാധ്യമങ്ങള്‍ എന്ന വ്യാജേന സമുദായത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ അജണ്ടകള്‍ തിരിച്ചറിയണമെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സഹിഷ്ണുതയും സൗഹൃദവും ഉയര്‍ത്തിപ്പിടിച്ച് മതരാഷ്ട്രവാദത്തെയും തീവ്ര പ്രബോധന ശൈലിയെയും തള്ളിക്കളയാന്‍ സമുദായം തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ സമസ്ത ആവശ്യപ്പെട്ടു.
