റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് ഉന്നതതല സമതി; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് നിരീക്ഷണം; അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ വീണ്ടും 25 ശതമാനത്തിലെത്തും; വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും ഇന്ത്യക്ക് ആശങ്കയ്ക്ക് വഴിയേറെ..
റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തണം എന്നാണ് ട്രംപിന്റെ ശാഠ്യം. ഈ ശാഠ്യത്തിന് ഇന്ത്യ വഴങ്ങി എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. പുതിയ സാഹചര്യത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ അമേരിക്കയുടെ നിരീക്ഷണം ഉണ്ടായിരിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന അഭിപ്രായം ശക്തമാണ്.
റഷ്യന്‍ എണ്ണ ഇറക്കുമതി നിരീക്ഷിക്കാനുള്ള അമേരിക്കയുടെ പ്രത്യേക സമിതിക്ക് ഇന്ത്യ വഴങ്ങിയതായി റിപ്പോര്‍ട്ടുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശനിയാഴ്ച പുറത്തുവിട്ട എക്‌സിക്യൂട്ടീവ് ഉത്തരവ് പ്രകാരം, ഉന്നതതല സമിതിയായിരിക്കും ഇന്ത്യയുടെ എണ്ണ ഇറക്കുമതി നിരീക്ഷിക്കുക. ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് ഈ സമിതി പരിശോധിക്കും. ഇതോടെ ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും.
ഇന്ത്യയുടെ എണ്ണ ഇറക്കുമതി പരിശോധിക്കാനായി, യുഎസ് വാണിജ്യ, ട്രഷറി, ആഭ്യന്തര സെക്രട്ടറിമാര്‍ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. റഷ്യന്‍ എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തുമെന്നും പകരം അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. റഷ്യയില്‍നിന്നുള്ള ഇറക്കുമതി വീണ്ടും തുടങ്ങിയാല്‍ ഇന്ത്യയുടെ മേല്‍ 25 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന ഭീഷണി ട്രംപിന്റെ ഉത്തരവില്‍ നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ 50 ശതമാനം വരെയായിരുന്ന അധിക നികുതി 18 ശതമാനമായി കുറയ്ക്കുന്നതിന് പകരമായാണ് ഇന്ത്യ ഈ നിബന്ധനകള്‍ അംഗീകരിച്ചതെന്നാണ് യുഎസ് വാദം. കൂടാതെ, അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി 500 ബില്യണ്‍ ഡോളറായി വര്‍ധിപ്പിക്കുമെന്നും ഇത് നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, റഷ്യന്‍ എണ്ണയുടെ ഇറക്കുമതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി വ്യക്തത വരുത്തിയിട്ടില്ല.
കരാര്‍ നടപ്പിലാക്കിയാല്‍ ദീര്‍ഘകാലമായുള്ള ഇന്ത്യ-റഷ്യ പ്രതിരോധ-തന്ത്രപ്രധാന ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വലിയ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. റഷ്യ- യുക്രൈന്‍ യുദ്ധസമയത്ത് ആഗോള ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ ഇന്ത്യ റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ എണ്ണ വാങ്ങിയത് സഹായിച്ചിരുന്നുവെങ്കിലും, ഇത് സ്വകാര്യ കുത്തക കമ്പനികള്‍ക്കാണ് ഗുണകരമായതെന്നായിരുന്നു അമേരിക്കയുടെ ആദ്യഘട്ടത്തിലെ ആരോപണം.
അതേസമയം റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ട്രംപിന്റെ ആവശ്യത്തിന് ഇന്ത്യ വഴങ്ങുകയായിരുന്നു എന്നാണ് നേരത്തെ മുതല്‍ പുറത്തുവന്ന വിവരം. 270 കോടി ഡോളറിന്റെ റഷ്യന്‍ എണ്ണയാണ് ഡിസംബറില്‍ ഇന്ത്യ വാങ്ങിയത്. ഇതാകട്ടെ 2024 ഡിസംബറിനേക്കാള്‍ 15 ശതമാനവും 2024 ഡിസംബറിനേക്കാള്‍ 27.1 ശതമാനവും കുറവാണ്. കഴിഞ്ഞ 3 വര്‍ഷത്തെ ഏറ്റവും താഴ്ന്ന ഇറക്കുമതിയാണ് ഡിസംബറില്‍ നടന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് മുന്‍പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഒരു ശതമാനത്തിലും താഴെയായിരുന്നു റഷ്യയുടെ വിഹിതം.
പിന്നീട് റഷ്യയ്ക്കുമേല്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഉപരോധം പ്രഖ്യാപിക്കുകയും റഷ്യന്‍ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുകയും ചെയ്തതോടെ, ഇന്ത്യയ്ക്ക് വന്‍തോതില്‍ റഷ്യ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുകയായിരുന്നു. കുറഞ്ഞവിലയ്ക്ക് എണ്ണ കിട്ടിയതോടെ ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടി. ഇതോടെ റഷ്യയുടെ വിഹിതം 40 ശതമാനം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ഡിസംബറില്‍ വിഹിതം 24.9 ശതമാനത്തിലേക്ക് ഇടിഞ്ഞു.
ഡിസംബറില്‍ ഇന്ത്യ യുഎസില്‍ നിന്ന് 56.93 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തു. നവംബറിനേക്കാള്‍ 60.5% കുറവാണിത്. പക്ഷേ, 2024 ഡിസംബറിനേക്കാള്‍ 31% കൂടുതലുമാണ്. 2024 ഡിസംബറില്‍ ഇന്ത്യ 16 രാജ്യങ്ങളില്‍ നിന്നായിരുന്നു എണ്ണ ഇറക്കുമതി ചെയ്തിരുന്നതെന്ന് ഒരു ഇംഗ്ലിഷ് മാധ്യമ റിപ്പോര്‍ട്ട് പറയുന്നു. 2025 ഡിസംബറില്‍ ഇത് 19 രാജ്യങ്ങളായി ഉയര്‍ന്നു. ഇതില്‍ 10 രാജ്യങ്ങളുടെയും വിഹിതത്തില്‍ വര്‍ധനയുണ്ട്. റഷ്യന്‍ എണ്ണയ്ക്ക് ഇന്ത്യന്‍ കമ്പനികള്‍ ബദല്‍തേടിയതാണ് ഇതിനുകാരണമെന്ന് കരുതുന്നു.
ലോകത്ത് ഏറ്റവുമധികം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 85-90% ക്രൂഡ് ഓയിലും ഇന്ത്യ പുറത്തുനിന്ന് വാങ്ങുകയാണ്. ഈ സാഹചര്യത്തിലായിരുന്നു റഷ്യയില്‍ നിന്ന് ഡിസ്‌കൗണ്ട് നിരക്കില്‍ എണ്ണ ലഭിച്ചപ്പോള്‍ ഇന്ത്യ വലിയതോതില്‍ വാങ്ങിക്കൂട്ടിയത്. ചൈന കഴിഞ്ഞാല്‍ ഏറ്റവുമധികം റഷ്യന്‍ എണ്ണ വാങ്ങിയ രാജ്യമായി അതോടെ ഇന്ത്യ മാറിയിരുന്നു. എന്നാല്‍, റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ പേരില്‍ ഡോണള്‍ഡ് ട്രംപ് പിഴച്ചുങ്കം ചുമത്തിയത് ഇന്ത്യയ്ക്ക് മാത്രം. യുക്രെയ്‌നില്‍ റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റെ യുദ്ധത്തിന് എണ്ണവാങ്ങി ഇന്ധനം പകരുന്നത് ഇന്ത്യയാണെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ നടപടി.
