ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനത്തില്‍ മലക്കം മറിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി; പിന്‍വാങ്ങിയത് ട്രംപ് പേടി മൂലമെന്ന് വിമര്‍ശകര്‍; ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചക്ക് കാരണം സ്റ്റാര്‍മറുടെ നയമെന്നും വിമര്‍ശങ്ങള്‍

ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനത്തില്‍ മലക്കം മറിഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി

Update: 2026-04-12 02:40 GMT

ലണ്ടന്‍: ഷാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനത്തില്‍ നിന്നും മലക്കം മറിഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. നേരത്തെ, ദ്വീപ് കൈമാറാനുള്ള തീരുമാനം ബ്രിട്ടനും അമേരിക്കയുമായുള്ള ബന്ധത്തില്‍ ചില അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ദ്വീപ് കൈമാറാനുള്ള തീരുമാനം മെയ് മാസത്തിലെ രാജാവിന്റെ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. എന്നാല്‍, അത് ഉള്‍ക്കൊള്ളിക്കാതെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത് സ്റ്റാര്‍മറിന് ട്രംപിനെ ഭയമുള്ളതുകൊണ്ടാണെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

തന്ത്രപരമായ ദിശാബോധം നഷ്ടപ്പെട്ട സര്‍ക്കാരിന്റെ മറ്റൊരു നാണംകെട്ട മലക്കം മറിച്ചില്‍ എന്നാണ് ഇതിനെ കണ്‍സര്‍വേറ്റീവ് നേതാവ് കെമി ബെയ്ഡ്‌നോക്ക് വിശേഷിപ്പിച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും സംയുക്ത സൈനിക ആസ്ഥാനമായ ഡീഗോ ഗാര്‍ഷ്യ ഈ ദ്വീപില്‍ ഉള്‍പ്പെടുന്നതിനാലും, മൗറീഷ്യസ് ചൈനയുടെ തന്ത്രപ്രധാനമായ സഖ്യകക്ഷി ആയതിനാലും, ദ്വീപ് കൈമാറാനുള്ള തീരുമാനമെടുത്തത് ആഗോള സുരക്ഷയുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തയാണ് എന്നായിരുന്നു റിഫോം യു കെ നേതാവ് നെയ്ജല്‍ ഫരാജിന്റെ പ്രതികരണം.

നേരത്തേ ഡീഗോ ഗാര്‍ഷ്യയില്‍ സൈനിക ആസ്ഥാനം തുടരുന്നതിനായി ബ്രിട്ടന്‍ പ്രതിവര്‍ഷം 101 മില്യന്‍ പൗണ്ട് മൗറീഷ്യസിന് പാട്ടം നല്‍കുന്ന കൈമാറ്റ കരാറിനെ ട്രംപ് അനുകൂലിച്ചിരുന്നെങ്കിലും, മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധം വഷളായതോടെ ട്രംപ് കരാറിനെതിരെ രംഗത്ത് വരികയായിരുന്നു. ഈ മാസമാദ്യം, ഡീഗോ ഗാര്‍ഷ്യയോ മറ്റേതെങ്കിലും ബ്രിട്ടീഷ് സൈനിക ആസ്ഥാനങ്ങളോ ഇറാനു മേല്‍ ആക്രമം നടത്താന്‍ അമേരിക്ക ഉപയോഗിക്കുന്നത് സ്റ്റാര്‍മര്‍ തടഞ്ഞിരുന്നു. വോക്കിസത്തിന്റെ മൂര്‍ദ്ധന്യതയിലാണ് സ്റ്റാര്‍മര്‍ എന്ന് കുറ്റപ്പെടുത്തിയ ട്രംപ് തീരുമാനം തന്നെ നിരാശപ്പെടുത്തിയെന്നും പറഞ്ഞിരുന്നു.

ട്രംപ് പരസ്യമായി എതിര്‍ക്കുമ്പോള്‍, ഷാഗോസ് ദ്വീപ് കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കാതെ സ്റ്റാര്‍മര്‍ക്ക് മുന്‍പില്‍ മറ്റ് വഴികളില്ലെന്ന് മുന്‍ നയതന്ത്രകാര്യ മേധാവി ചൂണ്ടിക്കാണിച്ചിരുന്നു. കൈമാറ്റം ചെയ്യുന്നതിനുള്ള തീരുമാനം ഇനി നടപ്പാകില്ലെന്നും, അങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഉപദേശം നല്‍കിയ മുന്‍ വിദേശകാര്യ വകുപ്പിന്റെ ഇന്‍ ചാര്‍ജ്ജ് സൈമണ്‍ മെക് ഡൊണാള്‍ഡ് പറയുന്നു. 'രണ്ട് ലക്ഷ്യങ്ങളാണ് ബ്രിട്ടന് മുന്നിലുള്ളത്, ഒന്ന് അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിക്കുക, രണ്ട് അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക', മെക്‌ഡൊണാള്‍ഡ് പറയുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡണ്ട് പരസ്യമായി തന്നെ എതിര്‍ക്കുമ്പോള്‍ ബ്രിട്ടന് ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തേണ്ടിന്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News