ബ്രിട്ടനു ചുറ്റും സൈനിക ശക്തി പ്രദര്‍ശിപ്പിച്ചുകൊണ്ട് റഷ്യ; റഷ്യന്‍ കപ്പലുകള്‍ ബ്രിട്ടനു ചുറ്റും പ്രകടനം നടത്തുമ്പോള്‍ തടയാന്‍ കഴിയാതെ ബ്രിട്ടീഷ് നേവി; റഷ്യന്‍ കപ്പലുകളെ നേരിടാന്‍ ഏറ്റവും പഴയ ശത്രുവായ ഫ്രാന്‍സിന്റെ സഹായം ആവശ്യമെന്ന് നാവികയുദ്ധ വിദഗ്ധര്‍; ഒരു നൂറ്റാണ്ട് മുമ്പ് വരെ സൂര്യന്‍ അസ്തമിക്കാതിരുന്ന സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിക്കുന്നുവോ?

ബ്രിട്ടനു ചുറ്റും സൈനിക ശക്തി പ്രദര്‍ശിപ്പിച്ചുകൊണ്ട് റഷ്യ

Update: 2026-04-12 03:04 GMT

ലണ്ടന്‍: ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിക്കുള്ളിലെക്ക് കടക്കുന്ന റഷ്യന്‍ കപ്പലുകളെ തടയുവാന്‍ ഫ്രാന്‍സിന്റെ സഹായം തേടാന്‍ ബ്രിട്ടീഷ് റോയല്‍ നേവി നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്. യു കെയ്ക്ക് ചുറ്റുമായി റഷ്യന്‍ നാവിക സേനയുടെ പ്രകടനങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് വ്‌ലാഡിമിര്‍ പുടിന്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നാവിക യുദ്ധവിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് മെയില്‍ ഓണ്‍ സണ്‍ഡെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. റഷ്യ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ പാരിസിന്റെ സഹായം അത്യാവശ്യമാണെന്നാണ് അവര്‍ പറയുന്നത്.

കഴിഞ്ഞയാഴ്ച്ച ബ്രിട്ടനു സമീപത്തേക്ക് റഷ്യയുടെ മൂന്ന് അന്തര്‍വാഹിനികളാണ് എത്തിയത്. ബ്രിട്ടന്റെ, സമുദ്രാന്തര കേബിളുകള്‍ നശിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം എന്നാണ് പറയപ്പെടുന്നത്. ബ്രിട്ടന്റെ ഏക ഡിസ്‌ട്രോയര്‍ ആയ എച്ച് എം എസ് ഡ്രാഗണ്‍ കിഴക്കന്‍ മെഡിറ്റേറിയനില്‍ ആയിരുന്ന സമയത്താണ് ഈ അന്തര്‍വാഹിനികള്‍ ബ്രിട്ടന് വടക്കായി എത്തിയത്. മാത്രമല്ല, ഉപരോധം അഭിമുഖീകരിക്കുന്ന റഷ്യയുടെ ചില ഗോസ്റ്റ് ഷിപ്പുകള്‍ പിടിച്ചെടുക്കുമെന്ന ബ്രിട്ടന്റെ ഭീഷണിയേയും പുടിന്‍ വെല്ലുവിളിച്ചിരുന്നു. ഇംഗ്ലീഷ് ചാനലിലൂടെ കടന്നുപോകുന്ന രണ്ട് ഗോസ്റ്റ് ഫ്‌ലീറ്റുകള്‍ക്ക് അകമ്പടിയായി റഷ്യന്‍ യുദ്ധക്കപ്പലായ അഡ്മിറല്‍ ഗ്രിഗോറോവിച്ചിനെ അയച്ചുകൊണ്ടാണ് ബ്രിട്ടീഷ് ഭീഷണിയെ പുടിന്‍ നേരിട്ടത്.

ഉടനടി ഒരു ഓപ്പറേഷന്‍ നടത്താന്‍ ബ്രിട്ടീഷ് റോയല്‍ നേവിയുടെ കൈവശം ഇപ്പോള്‍ ഒരു അന്തര്‍വാഹിനിയും രണ്ട് ഇടത്തരം നാവികക്കപ്പലുകളും മാത്രമെ ലഭ്യമായിട്ടുള്ളു എന്നാണ് വിവരം. ഈ വര്‍ഷം ആദ്യം എച്ച് എം എസ് ഡ്രാഗണ്‍ മെഡിറ്ററേനിയനിലെക്ക് നീങ്ങിയതോടെ നാറ്റോ ടാസ്‌ക് ഫോഴ്‌സിന്റെ മുന്നണി കപ്പലായി ജര്‍മ്മന്‍ യുദ്ധക്കപ്പലിനെ ഇറക്കാന്‍ ജര്‍മ്മന്‍ നേവി നിര്‍ബന്ധിതമായിരുന്നു. അതിനിടെ, ബ്രിട്ടന് ഫ്രാന്‍സിന്റെ സഹായം ആവശ്യമാണെന്ന റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം ഇന്നലെ രാത്രി രംഗത്തെത്തി. ബ്രിട്ടന്റെ സമുദ്രാര്‍ത്തി പൂര്‍ണ്ണ സമയവും സുരക്ഷിതമാണെന്ന് മന്ത്രാലയം വക്താവ് അറിയിച്ചു. അതിനെ സുരക്ഷിതമാക്കി നിര്‍ത്താനുള്ള സ്രോതസ്സുകളും വിഭവങ്ങളും പ്രതിരോധ വകുപ്പിന്റെ കൈവശമുണ്ടെന്നും വക്താവ് അറിയിച്ചു.

അതേസമയം, റഷ്യയുടെ ഷാഡോ ടാങ്കറുകള്‍ പിടിച്ചെടുക്കുമെന്ന് കഴിഞ്ഞ മാസം ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ പോര്‍ട്ട്‌സ്മത്തിലെ എച്ച് എം എസ് എക്‌സെലന്റിലുള്ള നാവിക ആസ്ഥാനത്ത് അടിയന്തിര സാഹചര്യം നേരിടുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണെന്നും മെയില്‍ ഓണ്‍ സണ്‍ഡേയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്റ്റാര്‍മര്‍ നിര്‍ദ്ദേശിച്ചതുപോലെ, ഈ ടാങ്കറുകളില്‍ കയറി അവയെ നിയന്ത്രണ വിധേയമാക്കാന്‍ ഫ്രാന്‍സിന്റെ സഹായം ആവശ്യമാണെന്നാണ് നാവിക ഉദ്യോഗസ്ഥര്‍ കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫ്രഞ്ച് നേവിയില്‍ 120 കപ്പലുകളാണ് ഉള്ളത്. ബ്രിട്ടീഷ് നേവിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഫ്രാന്‍സിന് 45 കപ്പലുകള്‍ കൂടുതലാണ്. അതുപോലെ ഹെലികോപ്റ്ററുകള്‍ ഉള്‍പ്പടെ വഹിക്കാന്‍ കഴിയുന്ന 25 ചെറു യുദ്ധക്കപ്പലുകളും ഡിസ്‌ട്രോയറുകളൂമുണ്ട്. മാത്രമല്ല, ഇവയെല്ലാം ബ്രിട്ടനേക്കാള്‍ ആധുനികമായ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നവയുമാണ്. ഒരുകാലത്ത് ബ്രിട്ടന്റെ ഏറ്റവും വലിയ ശത്രുവായിരുന്ന ഫ്രാന്‍സിന്റെ സഹായം തേടേണ്ടി വരും എന്ന് തന്നെയാണ് ഒരു മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥന്‍ പറയുന്നത്.

റഷ്യന്‍ ഭീഷണിയെ ചെറുക്കാന്‍ ആവശ്യമായത്ര കപ്പലുകള്‍ ബ്രിട്ടീഷ് നേവിയുടെ കൈവശമില്ലെന്ന് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നു. ഫ്രാന്‍സിന്റെ സഹായമില്ലാതെ റഷ്യന്‍ ടാങ്കറുകളെ പിടിച്ചെടുക്കാമെന്ന് രാഷ്ട്രീയ നേതൃത്വം പറയുന്നുണ്ടെങ്കില്‍ അത് പൂര്‍ണ്ണമായും തെറ്റാണെന്നും അവര്‍ പറയുന്നു. ബ്രിട്ടീഷ് നാവിക സേനയുടെ കരുത്തളക്കാന്‍ ഒരു റോക്കറ്റ് ശാസ്ത്രജ്ഞനൊന്നും ആകേണ്ടതില്ലെന്നും, ഫ്രാന്‍സിന്റെ സഹായമില്ലാതെ റഷ്യന്‍ ഭീഷണിയെ ചെറുക്കാന്‍ കഴിയില്ലെന്നും നാവിക ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags:    

Similar News