അമേരിക്ക ഫസ്റ്റ് മുദ്രാവാക്യവുമായി മുന്നേറിയ ട്രംപ് ചെന്നുപെട്ടത് ഊരാക്കുടുക്കില്‍; ഇറാനെ ആക്രമിച്ചതോടെ ആഗോള ക്രമം തന്നെ മാറുന്നു; ട്രംപിന്റെ ഇറാന്‍ യുദ്ധത്തില്‍ ലാഭം കൊയ്ത് റഷ്യയും ചൈനയും; ലോകരാജ്യങ്ങള്‍ ആയുധത്തിനും എണ്ണക്കുമായി റഷ്യയിലേക്ക്; പതറി അമേരിക്കയും നാറ്റോ സഖ്യകക്ഷികളും; റഷ്യന്‍-ചൈനീസ് ചേരിയിലേക്ക് കൂടുതല്‍ അടുത്ത് ഇറാന്‍; വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചത് ഗള്‍ഫ് രാജ്യങ്ങള്‍ക്ക്
ഇറാനെ ആക്രമിച്ചതോടെ ആഗോള ക്രമം തന്നെ മാറുന്നു
വാഷിംഗ്ടണ്‍: 'ഞാന്‍ വരും, ഞാന്‍ കാണും, ഞാന്‍ ജയിക്കും' എന്ന ഭാവത്തില്‍ ഇറാനെതിരെ യുദ്ധകാഹളം മുഴക്കി ഇറങ്ങിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒടുവില്‍ ചെന്നുപെട്ടത് വന്‍ വെട്ടിലാണ്. ഇസ്രായേലിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇറാനെതിരെ യുദ്ധത്തിന് ഇറങ്ങി തിരിച്ചതോടെ ലോകക്രമത്തില്‍ അമേരിക്കയുടെ ശക്തി ചോരുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. 40 ദിവസം നീണ്ടുനിന്ന 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി' വെടിനിര്‍ത്തലില്‍ എത്തിയെങ്കിലും ഇറാനുമായി കരാറുകള്‍ ഒന്നും തന്നെ ഉണ്ടാക്കാനായില്ല.
ട്രംപിന്റെ വിഡ്ഡിത്തമാണ് ഇറാന്‍ യുദ്ധമെന്ന് വിലയിരുത്തുന്നവര്‍ അമേരിക്കയലുണ്ട്. റഷ്യയും ചൈനയുമാണ് യുഎസ് തുടങ്ങിവെച്ച യുദ്ധത്തിന്റെ നേട്ടം കൊയ്യാന്‍ പോകുന്നവര്‍. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയപ്പോള്‍ റഷ്യയും ചൈനയും ആഗോള രാഷ്ട്രീയത്തിലെ പുതിയ 'ബോസുമാരായി' അവതരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. സൈനികമായി ഇറാനെ തകര്‍ത്തെന്ന അമേരിക്കയുടെ അവകാശവാദങ്ങള്‍ക്കിടയിലും, രാഷ്ട്രീയമായും സാമ്പത്തികമായും യഥാര്‍ത്ഥ നേട്ടം കൊയ്തത് അമേരിക്കയുടെ ബദ്ധവൈരികളായ റഷ്യയും ചൈനയുമാണെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ഡെയ്ലി മെയില്‍' പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
റഷ്യക്ക് ലോട്ടറി, ചൈനയ്ക്ക് ജാക്ക്‌പോട്ട്!
ട്രംപിന്റെ യുദ്ധം ഏറ്റവും കൂടുതല്‍ തുണച്ചത് പുടിനെയാണ്. യുദ്ധം തുടങ്ങിയതോടെ ലോകത്ത് എണ്ണവില കുതിച്ചുയര്‍ന്നു. അതോടെ റഷ്യന്‍ എണ്ണയ്ക്ക് മേലുണ്ടായിരുന്ന ഉപരോധങ്ങള്‍ നീക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായി. യുക്രെയ്ന്‍ യുദ്ധം കാരണം നട്ടംതിരിഞ്ഞ റഷ്യന്‍ സമ്പദ്വ്യവസ്ഥയിലേക്ക് ഇപ്പോള്‍ ഡോളറുകള്‍ ഒഴുകുകയാണ്. ലോകരാജ്യങ്ങള്‍ ഇപ്പോള്‍ ആയുധത്തിനും എണ്ണയ്ക്കുമായി ക്യൂ നില്‍ക്കുന്നത് മോസ്‌കോയുടെ വാതിലിലാണ്. ഭാവിയില്‍ ഗള്‍ഫ് നാടുകള്‍ അടക്കമുള്ളവര്‍ ആയുധങ്ങള്‍ക്കായി റഷ്യയുമായി കൂടൂതല്‍ കൈകോര്‍ക്കാനാണ് സാധ്യത.
ചൈനയാകട്ടെ, ഈ യുദ്ധത്തില്‍ തോക്കിന്റെ പൈപ്പിലൂടെയല്ല, മറിച്ച് തലച്ചോറ് കൊണ്ടാണ് കളിച്ചത്. വെടിനിര്‍ത്തലിന് ചുക്കാന്‍ പിടിച്ചതിലൂടെ പശ്ചിമേഷ്യയിലെ വലിയേട്ടന്‍ തങ്ങളാണെന്ന് ഷി ജിന്‍പിങ് തെളിയിച്ചു. അമേരിക്കയുടെ ശത്രുവായ ഇറാനെ സ്വന്തം പാളയത്തിലെത്തിച്ച് ചൈനയും റഷ്യയും ചേര്‍ന്ന് പുതിയൊരു ചേരിക്ക് രൂപം നല്‍കിക്കഴിഞ്ഞു.
അമേരിക്ക ഇറാന്മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുമ്പോള്‍ അത് ഇറാനെ കൂടുതല്‍ റഷ്യന്‍-ചൈനീസ് ചേരിയിലേക്ക് അടുപ്പിക്കുകയാണ് ചെയ്യുന്നത്. കുറഞ്ഞ നിരക്കില്‍ ഇന്ധനം ഇറക്കുമതി ചെയ്യാനും 'ബെല്‍റ്റ് ആന്‍ഡ് റോഡ്' പദ്ധതിയിലൂടെ ഇറാനില്‍ കൂടുതല്‍ നിക്ഷേപം നടത്താനും ചൈനയ്ക്ക് സാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍. ഗള്‍ഫ് രാജ്യങ്ങള്‍ അടക്കം അമേരിക്കയെ സുരക്ഷാ കാര്യത്തില്‍ ഭാവിയില്‍ ആശ്രയിക്കാന്‍ കഴിയില്ലെന്ന നിഗമനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇതോടെ ചൈനയ്ക്ക് ലോകക്രമത്തില്‍ നിര്‍ണയാക റോള്‍ കൈവരിക്കാനാകുമെന്നാണ് കണക്കൂകൂട്ടല്‍.
പതറിപ്പോയ അമേരിക്കയും 'പേപ്പര്‍ ടൈഗര്‍' ആയ നാറ്റോയും
'അമേരിക്ക ഫസ്റ്റ്' എന്ന് പറഞ്ഞ് നടന്ന ട്രംപിന്റെ ജനപ്രീതി ഇപ്പോള്‍ പാതാളത്തിലാണ്. യുദ്ധം കാരണം അമേരിക്കയില്‍ വിലക്കയറ്റം കുതിച്ചുയര്‍ന്നു. പെട്രോള്‍ അടിക്കാന്‍ ജനം നെട്ടോട്ടമോടുന്നു. ഇതിനിടയിലാണ് കൂടെ നില്‍ക്കാത്ത നാറ്റോ സഖ്യകക്ഷികളെ ട്രംപ് ഭീഷണിപ്പെടുത്തുന്നത്. 'നിങ്ങള്‍ക്കെന്നെ ആവശ്യമുള്ളപ്പോള്‍ ഞാന്‍ ഉണ്ടാകില്ല' എന്ന് ട്രംപ് പരസ്യമായി പറഞ്ഞതോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അങ്കലാപ്പിലായി. നാറ്റോ വെറുമൊരു 'പേപ്പര്‍ ടൈഗര്‍' ആണെന്ന പുടിന്റെ പരിഹാസം ശരിവെക്കുന്ന നിലപാടുകളാണ് ട്രംപില്‍ നിന്നുണ്ടാകുന്നത്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വൈദ്യുതി, ഇന്ധന നിരക്കുകള്‍ കുതിച്ചുയരുകയാണ്. ഇതും പ്രതിസന്ധി വര്‍ധിപ്പിക്കുന്നതാണ്.
അടി തെറ്റിയ ഗള്‍ഫ് രാജ്യങ്ങള്‍; ലാഭം കൊയ്ത് നോര്‍വെയും കാനഡയും
യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതം ഏറ്റുവാങ്ങേണ്ടി വന്നത് ഗള്‍ഫ് രാജ്യങ്ങള്‍ക്കാണ്. ടൂറിസവും എണ്ണക്കച്ചവടവും തകര്‍ന്നു. മിസൈലുകള്‍ ചീറിപ്പാഞ്ഞപ്പോള്‍ ദുബായ് അടക്കമുള്ള നഗരങ്ങള്‍ ഭീതിയിലായി. എന്നാല്‍ ഈ അവസരം മുതലെടുത്ത് നോര്‍വെയും കാനഡയും അവരുടെ എണ്ണക്കച്ചവടം പൊടിപൊടിക്കുകയാണ്.
ഊര്‍ജ്ജ വിപണിയിലെ തകര്‍ച്ച മുതലെടുത്ത് നോര്‍വെയും കാനഡയും വന്‍ ലാഭമുണ്ടാക്കി. 'ലോകത്തിന് വിശ്വസിക്കാവുന്ന ഇന്ധനദാതാക്കളായി ഞങ്ങള്‍ മാറുന്നു' എന്നാണ് കാനഡയുടെ പ്രഖ്യാപനം. വടക്കന്‍ കടലിലെ എണ്ണ ഉല്‍പ്പാദനം റെക്കോര്‍ഡ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ നോര്‍വെയും നീക്കം തുടങ്ങി. ഇത് യുദ്ധം ഈ രാജ്യങ്ങള്‍ക്ക് നേട്ടമുണ്ടാക്കുന്നു എന്ന തെളിവാണ്.
സ്വപ്നപദ്ധതികളുമായി മുന്നോട്ട് പോയിരുന്ന സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടനുഭവിച്ചു. എണ്ണശുദ്ധീകരണ ശാലകള്‍ക്കും വിനോദസഞ്ചാര മേഖലയ്ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.
ഇറാന്‍ എന്ന 'ഊരാക്കുടുക്ക്'
ആയത്തുള്ള ഖമേനിയെ വധിച്ചെങ്കിലും ഇറാനെ തകര്‍ക്കാന്‍ ട്രംപിനായില്ല. അവരുടെ ഭൂഗര്‍ഭ ആണവ നിലയങ്ങള്‍ ഇപ്പോഴും സജീവമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അതിലുപരി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കടല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്കില്‍ ടോള്‍ പിരിക്കാനുള്ള അധികാരം കൂടി ഇറാന്‍ നേടിയെടുത്തു. ഇനി അവിടെ നിന്ന് എണ്ണ കൊണ്ടുപോകണമെങ്കില്‍ ഇറാന് ക്രിപ്റ്റോകറന്‍സിയില്‍ ടോള്‍ നല്‍കണം! ചുരുക്കത്തില്‍, ഇറാനെ ഒരു പാഠം പഠിപ്പിക്കാനിറങ്ങിയ ട്രംപ് സ്വന്തം രാജ്യത്തെയും സഖ്യകക്ഷികളെയും വന്‍ പ്രതിസന്ധിയിലാക്കി ഇരിക്കുകയാണ്.
ഇറാനുമായുള്ള വ്യാപാര ബന്ധങ്ങള്‍ തകരുന്നതും ഇന്ധനവില വര്‍ധനവും യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുണ്ട്. മേഖലയിലെ അസ്ഥിരത അഭയാര്‍ത്ഥി പ്രവാഹത്തിനും തീവ്രവാദ ഭീഷണിക്കും കാരണമാകുമെന്ന് യൂറോപ്പ് ഭയപ്പെടുന്നു. വാഷിംഗ്ടണും ബ്രസ്സല്‍സും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ട്രംപിന്റെ നിലപാടുകള്‍ വലിയ വിള്ളലുകള്‍ വീഴ്ത്തിയതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ഇസ്രായേലും നെതന്യാഹുവും
ഇറാനില്‍ ഭരണകൂട മാറ്റം ലക്ഷ്യമിട്ട് യുദ്ധത്തിന് പ്രേരിപ്പിച്ച പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് തിരിച്ചടിയേറ്റു. ഇറാന്റെ മിസൈല്‍ ശേഷി പൂര്‍ണ്ണമായും തകര്‍ക്കാനോ ഭരണകൂടത്തെ താഴെയിറക്കാനോ കഴിഞ്ഞില്ല. ഇതോടെ ട്രംപ് ഭരണകൂടത്തിലെ ഒരു വിഭാഗത്തിന് നെതന്യാഹുവിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടു. ഇപ്പോള്‍ ഇറാനുമായി യുദ്ധമുണ്ടാക്കിയപ്പോള്‍ ഉണ്ടായ ക്ഷീണം തീര്‍ക്കാന്‍ ലെബനനില്‍ ആക്രമണം കടുപ്പിക്കുകയാണ് നെതന്യാഹു.
ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രതിസന്ധി
ഇന്ധനത്തിനായി പശ്ചിമേഷ്യയെ ആശ്രയിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ യുദ്ധം കടുത്ത നിയന്ത്രണങ്ങള്‍ക്കിടയാക്കി. ശ്രീലങ്കയും ബംഗ്ലാദേശു അടക്കം കടുത്ത പ്രതിസന്ധിയിലാണ്. ഇന്ധന ലഭ്യത കുറഞ്ഞതോടെ ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധി നല്‍കേണ്ടി വന്നു. ഇന്ത്യയില്‍ എല്‍പിജി പ്രതിസന്ധിയാണ് കാര്യമായി ബാധിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഇടിയുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. പശ്ചിമേഷ്യയിലെ പ്രതിസന്ധി തുടര്‍ന്നാല്‍ ഇന്ത്യ കടുത്ത ഊര്‍ജ്ജ പ്രതിസന്ധി നേരിടേണ്ടി വരും. ഗുജറാത്തിലെ സെറാമിക് വ്യവസായം ഗ്യാസ് ലഭ്യതയില്ലാതെ ഒരു മാസത്തോളം അടച്ചുപൂട്ടേണ്ടി വന്നു.
പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘര്‍ഷം വിദേശ തൊഴിലാളികളെയും പ്രവാസി നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ വന്‍തോതിലുള്ള തിരിച്ചുവരവിനും കാരണമാകും. ജിസിസി രാജ്യങ്ങളില്‍ 99 ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി ചെയ്യുന്നത്. വിദേശ നാണ്യ ശേഖരത്തില്‍ ഇവര്‍ അയക്കുന്ന തുകയ്ക്ക് നിര്‍ണായക പങ്കുണ്ട്. സംഘര്‍ഷം കാരണം റിഫൈനറികള്‍ അടച്ചിടുന്നതും പണം അയക്കാതെ തൊഴിലാളികള്‍ കൈവശം വയ്ക്കുന്നതും തിരിച്ചടിയായേക്കാം.
ഭൗമരാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കിടയിലും പ്രവാസി നിക്ഷേപം നിലവില്‍ ശക്തമായി തുടരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025-26 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഇന്ത്യയിലേക്കുള്ള പ്രവാസി നിക്ഷേപം 3.41 ലക്ഷം കോടി രൂപ(36.9 ബില്യണ്‍ ഡോളര്‍)ആയി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.25 ലക്ഷം കോടി (35.1 ബില്യണ്‍ ഡോളര്‍) ആയിരുന്നു. ഇന്ത്യയുടെ മൊത്തം പ്രവാസി നിക്ഷേപത്തിന്റെ 38 ശതമാനവും ലഭിക്കുന്നത് ജിസിസി രാജ്യങ്ങളില്‍ നിന്നാണ്. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ പകുതിയോളം പേര്‍ താമസിക്കുന്നത് ഈ മേഖലയിലാണ്. യുദ്ധം തുടരുന്നത് തൊഴില്‍ വിപണിയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം.
മധ്യസ്ഥ റോളില്‍ പാകിസ്ഥാന്‍
യുദ്ധകാലയളവില്‍ അമേരിക്കയ്ക്കും ഇറാനുമിടയില്‍ സമാധാന ചര്‍ച്ചകളുടെ സന്ദേശവാഹകനായി പ്രവര്‍ത്തിച്ചത് പാകിസ്ഥാനാണ്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ ഇടപെടലുകളാണ് സമാധാന ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിയത്. ഇസ്ലാമാബാദില്‍ നടന്ന നിര്‍ണ്ണായക ചര്‍ച്ചയില്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള സംഘം ഇറാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച പരാജയമായെങ്കിലും പാക്കിസ്ഥാനിലേക്ക് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഇത് ആഗോള തലത്തില്‍ പാക്കിസ്ഥാന്‍രെ പ്രതിച്ഛായ മെച്ചപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്.
