'ഞങ്ങള്‍ ആ രാജ്യത്തെ പൂര്‍ണമായും പരാജയപ്പെടുത്തി;. ചിലപ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയേക്കാം; ചിലപ്പോള്‍ കരാര്‍ ഉണ്ടാക്കണമെന്നില്ല; എന്നാല്‍ ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല, ഞങ്ങള്‍ വിജയിക്കും'; ഇസ്ലാമാബാദിലെ സമാധാന ചര്‍ച്ചക്കിടെ വിജയം അവകാശപ്പെട്ട് ട്രംപ്; തര്‍ക്കവിഷയമായി നില്‍ക്കുന്നത് ഹോര്‍മുസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍; ഇറാന് സ്വീകാര്യമല്ലാത്ത നിര്‍ദേശം വെച്ച് യുഎസ്
'ഞങ്ങള്‍ ആ രാജ്യത്തെ പൂര്‍ണമായും പരാജയപ്പെടുത്തി;. ചിലപ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയേക്കാം
ഇസ്ലാമാബാദ്: ലോകം ഉറ്റുനോക്കുന്ന ഇസ്ലാമാബാദ് സമാധാന ചര്‍ച്ചകളില്‍ പതിവുശൈലിയില്‍ വെടിപൊട്ടിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ നിര്‍ണ്ണായക ഘട്ടത്തില്‍ നില്‍ക്കെ, ഇറാന്റെ പേരെടുത്ത് പറയാതെ നടത്തിയ ട്രംപിന്റെ പ്രസ്താവന ഇറാനെ ചൊടിപ്പിക്കുന്നതാണ്. 'ഞങ്ങള്‍ ആ രാജ്യത്തെ പൂര്‍ണ്ണമായും പരാജയപ്പെടുത്തിക്കഴിഞ്ഞു. ചിലപ്പോള്‍ അവര്‍ ഒരു കരാര്‍ ഉണ്ടാക്കിയേക്കാം, ചിലപ്പോള്‍ ഉണ്ടാക്കണമെന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് അതൊരു വിഷയമല്ല, ഞങ്ങള്‍ വിജയിക്കും!' സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ട്രംപ് വിജയപ്രഖ്യാപനം നടത്തിത്. ചര്‍ച്ചകള്‍ ഇന്ന് തുടരാനാണ് ഇരുവിഭാഗത്തിന്റെയും തീരുമാനം. ഞായറാഴ്ച്ച ദിനമായ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍ നടക്കും.
യുഎസ് -ഇറാന്‍ ചര്‍ച്ച നിര്‍ണായക ഘട്ടത്തിലേക്ക് കടന്നെന്ന് സൂചിപ്പിക്കുന്നതാണ് അല്‍ജസീറയുടെ റിപ്പോര്‍ട്ടും. മൊത്തത്തില്‍ ചര്‍ച്ച ശുഭസൂചന നല്‍കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഹോര്‍മുസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇനിയും തീരുമാനമായില്ലെന്നാണ് നിഗമനം. ഇറാന് സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ യുഎസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെയും ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
ചര്‍ച്ചകളില്‍ ഇന്ന് തീരുമാനം ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. യുഎസ് വൈസ് പ്രസിഡന്റ് വാന്‍സ് 24 മണിക്കൂര്‍ മാത്രമേ പാക്കിസ്ഥാനില്‍ ചെലവഴിക്കു എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ മാറ്റം വരുമോ എന്നതിലും വ്യക്തതയില്ല. അതേസമയം ടെഹ്‌റാനില്‍ നിന്ന് 3 വിമാനങ്ങള്‍ പാക്കിസ്ഥാനിലെ നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ എത്തി. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിലാണ് മൂന്ന് വിമാനങ്ങളും എത്തിയത്. എന്നാല്‍ എന്തിനാണ് ഈ വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിയത് എന്നതില്‍ വ്യക്തതയില്ല. മെഹ്‌റാബാദ് എയര്‍പോര്‍ട്ടില്‍ നിന്നാണ് വിമാനങ്ങള്‍ പറന്നുയര്‍ന്നത്.
അതേസമയം ഇറാനെതിരായ പോരാട്ടം തുടരുമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെന്യാമിന്‍ നെതന്യാഹു. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗനെയും അദ്ദേഹം വിമര്‍ശിച്ചു. ഇറാന്റെ ഭീകര ഭരണകൂടത്തിനെതിരെ പോരാട്ടം തുടരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ കുര്‍ദിഷ് പൗരന്മാരുടെ കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദിയായ തയിപ് എര്‍ദോഗനെയും അദ്ദേഹം കുറ്റപ്പെടുത്തി.
1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നതതലത്തിലുള്ള നേതാക്കള്‍ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദിലാണ് ഈ ചരിത്ര സംഗമം നടക്കുന്നത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കന്‍ സംഘത്തില്‍ സ്റ്റീവ് വിറ്റ്‌കോഫ്, ജാരഡ് കുഷ്നര്‍ എന്നിവരുടെ സാന്നിധ്യം ചര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചകളില്‍ സജീവമാണ്.
ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങള്‍
മധ്യപൂര്‍വ്വദേശത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധത്തിന് അറുതി വരുത്തുക എന്നതാണ് ചര്‍ച്ചയുടെ പ്രഥമ ലക്ഷ്യം. പ്രധാനമായും നാല് കാര്യങ്ങളിലാണ് ധാരണയിലെത്താന്‍ ശ്രമിക്കുന്നത്:
ആറാഴ്ചയായി തുടരുന്ന നേരിട്ടുള്ള സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക.ലെബനനിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ ഉറപ്പാക്കുക.ലോകത്തെ എണ്ണവിതരണത്തെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുക. ആണവ, സാമ്പത്തിക, സൈനിക മേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ധാരണയായാല്‍ ഒരു സാങ്കേതിക കരാറിന് അന്തിമ രൂപം നല്‍കും.
ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. തന്ത്രപ്രധാനമായ ഈ ജലപാത മൈനുകള്‍ നീക്കി 'വൃത്തിയാക്കുന്ന' നടപടികള്‍ അമേരിക്ക ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച വ്യക്തമാക്കി. യുഎസ് നേവിയുടെ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകള്‍ യാതൊരു തടസ്സവുമില്ലാതെ കടലിടുക്ക് കടന്നതായി മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദ വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കം ടെഹ്‌റാനിലെ അധികാരികളുമായി ഏകോപിപ്പിച്ചല്ല നടത്തിയതെന്ന് യുഎസ് മാധ്യമമായ 'ആക്സിയോസ്' അറിയിച്ചു.
'ഹോര്‍മുസ് കടലിടുക്ക് വൃത്തിയാക്കുന്ന പ്രക്രിയ ഞങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സ്വയം ഇത് ചെയ്യാന്‍ 'ധൈര്യമോ ഇച്ഛാശക്തിയോ' ഇല്ലാത്തതിനാല്‍ അവര്‍ക്കായി ചെയ്യുന്ന ഒരു 'ഉപകാരം' എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
സംഘര്‍ഷത്തില്‍ ഇറാന്‍ 'വന്‍തോതില്‍ പരാജയപ്പെടുകയാണെന്ന്' അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ലോകത്തിലെ ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള കടല്‍ മൈനുകള്‍ ഇപ്പോഴും ഭീഷണിയാണെന്നും അദ്ദേഹം സമ്മതിച്ചു. 'കപ്പലുകള്‍ തങ്ങളുടെ കടല്‍ മൈനുകളില്‍ ഇടിച്ചേക്കാം എന്ന ഭീഷണി മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത്,' ട്രംപ് എഴുതി.
