ഇറാനെ വിറപ്പിച്ച് രണ്ടുയുഎസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടന്നു! മൈനുകള്‍ തകര്‍ത്ത് പടക്കപ്പലുകള്‍ കുതിക്കുമ്പോള്‍ പാകിസ്ഥാനില്‍ സമാധാന ദൂതുമായി ജെ.ഡി വാന്‍സ്; വിപ്ലവത്തിന് ശേഷം ആദ്യമായി നേര്‍ക്കുനേര്‍ ഇരുന്ന ചര്‍ച്ചയില്‍ സംഭവിച്ചതെന്ത്? രണ്ടാം ഘട്ടം ഉടന്‍; കടലിടുക്ക് 'വൃത്തിയാക്കല്‍' തുടങ്ങിയെന്ന് ട്രംപ്; യുദ്ധം അവസാനത്തിലേക്ക് ?

ഇറാനെ വിറപ്പിച്ച് രണ്ടുയുഎസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടന്നു!

Update: 2026-04-11 17:37 GMT

ഇസ്ലാമാബാദ്: പതിറ്റാണ്ടുകള്‍ നീണ്ട ശത്രുതയ്ക്കും ആറാഴ്ചത്തെ രൂക്ഷമായ യുദ്ധത്തിനും ശേഷം സമാധാനത്തിന്റെ പുതിയ വാതായനങ്ങള്‍ തുറന്ന് അമേരിക്കയും ഇറാനും നേരിട്ടുള്ള ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. അടുത്ത ഘട്ട ചര്‍ച്ച ഇന്നുരാത്രിയോ നാളെയോ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളിലെയും ഉന്നതതലത്തിലുള്ള നേതാക്കള്‍ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയില്‍ ഇസ്ലാമാബാദിലാണ് ഈ ചരിത്ര സംഗമം നടക്കുന്നത്.

നേതൃത്വം നല്‍കി ജെ.ഡി വാന്‍സും ഗാലിബാഫും

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അമേരിക്കന്‍ സംഘത്തില്‍ സ്റ്റീവ് വിറ്റ്കോഫ്, ജാരഡ് കുഷ്‌നര്‍ എന്നിവരുടെ സാന്നിധ്യം ചര്‍ച്ചയുടെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ചര്‍ച്ചകളില്‍ സജീവമാണ്.

ചര്‍ച്ചയാകുന്ന പ്രധാന വിഷയങ്ങള്‍

മധ്യപൂര്‍വ്വദേശത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധത്തിന് അറുതി വരുത്തുക എന്നതാണ് ചര്‍ച്ചയുടെ പ്രഥമ ലക്ഷ്യം. പ്രധാനമായും നാല് കാര്യങ്ങളിലാണ് ധാരണയിലെത്താന്‍ ശ്രമിക്കുന്നത്:

ആറാഴ്ചയായി തുടരുന്ന നേരിട്ടുള്ള സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക.ലെബനനിലെ ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഇടപെടല്‍ ഉറപ്പാക്കുക.ലോകത്തെ എണ്ണവിതരണത്തെ ബാധിക്കുന്ന ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുക. ആണവ, സാമ്പത്തിക, സൈനിക മേഖലകളിലെ വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ധാരണയായാല്‍ ഒരു സാങ്കേതിക കരാറിന് (Technical Agreement) അന്തിമ രൂപം നല്‍കും.

ജാഗ്രതയോടെ ഇറാന്‍; പ്രതീക്ഷയോടെ ലോകം

ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും അതീവ ജാഗ്രതയിലാണ് ഇറാന്‍. ചര്‍ച്ചയുടെ മറവില്‍ അപ്രതീക്ഷിത ആക്രമണങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക അവര്‍ക്കുണ്ട്. എങ്കിലും, ഒരു വര്‍ഷത്തിലേറെയായി യുദ്ധഭീതിയിലായ ലോക സമ്പദ്വ്യവസ്ഥയ്ക്കും ഊര്‍ജ്ജ മേഖലയ്ക്കും ഈ ചര്‍ച്ച വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. വരും ദിവസങ്ങളിലും ചര്‍ച്ച തുടരുമെന്നാണ് സൂചന.

അമേരിക്കന്‍ വിദേശനയത്തിലെ വലിയൊരു വഴിത്തിരിവായും ഡോണാള്‍ഡ് ട്രംപിന്റെ 'സമാധാന ദൗത്യ'ത്തിന്റെ ഭാഗമായും ഈ നീക്കത്തെ അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു.

യുഎസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നു

ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി രണ്ട് യുഎസ് യുദ്ധക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചതായി റിപ്പോര്‍ട്ട്. തന്ത്രപ്രധാനമായ ഈ ജലപാത മൈനുകള്‍ നീക്കി 'വൃത്തിയാക്കുന്ന' നടപടികള്‍ അമേരിക്ക ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച വ്യക്തമാക്കി.

യുഎസ് നേവിയുടെ ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ യാതൊരു തടസ്സവുമില്ലാതെ കടലിടുക്ക് കടന്നതായി മൂന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് 'ദ വാള്‍ സ്ട്രീറ്റ് ജേണല്‍' റിപ്പോര്‍ട്ട് ചെയ്തു. ഈ നീക്കം ടെഹ്റാനിലെ അധികാരികളുമായി ഏകോപിപ്പിച്ചല്ല നടത്തിയതെന്ന് യുഎസ് മാധ്യമമായ 'ആക്‌സിയോസ്' (Axios) അറിയിച്ചു.

'ഹോര്‍മുസ് കടലിടുക്ക് വൃത്തിയാക്കുന്ന പ്രക്രിയ ഞങ്ങള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്,' ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് സ്വയം ഇത് ചെയ്യാന്‍ 'ധൈര്യമോ ഇച്ഛാശക്തിയോ' ഇല്ലാത്തതിനാല്‍ അവര്‍ക്കായി ചെയ്യുന്ന ഒരു 'ഉപകാരം' എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.

സംഘര്‍ഷത്തില്‍ ഇറാന്‍ 'വന്‍തോതില്‍ പരാജയപ്പെടുകയാണെന്ന്' അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ലോകത്തിലെ ക്രൂഡ് ഓയിലിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഈ കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ചിട്ടുള്ള കടല്‍ മൈനുകള്‍ (Sea Mines) ഇപ്പോഴും ഭീഷണിയാണെന്നും അദ്ദേഹം സമ്മതിച്ചു. 'കപ്പലുകള്‍ തങ്ങളുടെ കടല്‍ മൈനുകളില്‍ ഇടിച്ചേക്കാം എന്ന ഭീഷണി മാത്രമാണ് ഇപ്പോള്‍ അവര്‍ക്ക് മുന്നിലുള്ളത്,' ട്രംപ് എഴുതി.

ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിക്കാന്‍ യുഎസ് ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ ബോംബാക്രമണം ആരംഭിച്ചത് മുതല്‍ ഇറാന്‍ തീരത്തെ ഈ പ്രധാന കപ്പല്‍ പാത ഏതാണ്ട് പൂര്‍ണ്ണമായും അടച്ചിട്ടിരിക്കുകയായിരുന്നു. ഈ ആഴ്ച ആദ്യം നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ ഭാഗമായി കടലിടുക്ക് വീണ്ടും തുറക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു.

ഇതിനിടെ, ലോകമെമ്പാടുമുള്ള ശൂന്യമായ ടാങ്കറുകള്‍ എണ്ണ വാങ്ങുന്നതിനായി അമേരിക്കയിലേക്ക് നീങ്ങുകയാണെന്ന് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതെ ട്രംപ് മറ്റൊരു പോസ്റ്റില്‍ അവകാശപ്പെട്ടു.

Tags:    

Similar News