ആകാശത്തു നിന്ന് ചൈനയുടെ 'ചാരക്കണ്ണ്'; പശ്ചിമേഷ്യയില്‍ അമേരിക്കന്‍ നീക്കങ്ങള്‍ തത്സമയം ഒപ്പിയെടുത്ത് ഡ്രാഗണ്‍; 'മിസാര്‍ വിഷന്‍' എന്ന ചൈനീസ് വാണിജ്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ഹൈ-റെസല്യൂഷന്‍ ചിത്രങ്ങള്‍ പ്രതിരോധ ലോകത്തെ ഞെട്ടിക്കുന്നു; ജോര്‍ദാനിലെ മിസൈല്‍ വിന്യാസത്തിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പ്രചരിക്കുന്നു

ആകാശത്തു നിന്ന് ചൈനയുടെ 'ചാരക്കണ്ണ്';

Update: 2026-03-11 01:10 GMT

വാഷിങ്ടണ്‍/ബീജിങ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൊടുമ്പിരിക്കൊള്ളുന്ന പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഓരോ നീക്കവും ആകാശത്തുനിന്ന് തത്സമയം നിരീക്ഷിച്ച് ചൈന. 'മിസാര്‍ വിഷന്‍' എന്ന ചൈനീസ് വാണിജ്യ സാറ്റലൈറ്റ് കമ്പനി പുറത്തുവിട്ട ഹൈ-റെസല്യൂഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ പ്രതിരോധ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. അമേരിക്കയുടെ അതിരഹസ്യ സൈനിക വിന്യാസങ്ങളും അത്യാധുനിക ആയുധങ്ങളും ചൈനീസ് ഉപഗ്രഹങ്ങള്‍ കൃത്യമായി ഒപ്പിയെടുത്തു കഴിഞ്ഞു. ഇത് പാശ്ചാത്യ ലോകത്തെ നടുക്കിയിരിക്കയാണ്.

ഇറാനില്‍ അമേരിക്ക ആദ്യ ബോംബ് ഇടുന്നതിന് മുമ്പായാണ് ചൈന ഉപഗ്രഹദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ജോര്‍ദാനിലെ മുവാഫഖ് അല്‍-സാല്‍തി വ്യോമതാവളത്തില്‍ അമേരിക്ക പുതുതായി സ്ഥാപിച്ച 'താഡ്' മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ കൃത്യമായ സ്ഥാനമാണ് ചൈനീസ് കമ്പനി പുറത്തുവിട്ടത്. ഇതിനു പുറമെ ഇസ്രയേലിലെ ഓവ്ദ വ്യോമതാവളത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കയുടെ കരുത്തരായ 11 എഫ്-22 റാപ്റ്റര്‍ സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നു. ഖത്തര്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളും ചൈനയുടെ ഉപഗ്രഹ നിരീക്ഷണ വലയത്തിലാണ്.


 



അപ്രമാദിത്വം തകരുന്നുവോ?

ഇതുവരെ ബഹിരാകാശ നിരീക്ഷണ രംഗത്ത് അമേരിക്ക പുലര്‍ത്തിയിരുന്ന അപ്രമാദിത്വത്തിന് കനത്ത വെല്ലുവിളിയാണ് ചൈന ഉയര്‍ത്തുന്നത്. യുദ്ധമുണ്ടായാല്‍ ഇറാനെ ലക്ഷ്യം വയ്ക്കുന്ന അമേരിക്കന്‍ മിസൈലുകളെയും വിമാനങ്ങളെയും കുറിച്ചുള്ള വിവരങ്ങള്‍ ഇറാനു കൈമാറാന്‍ ഈ സംവിധാനത്തിലൂടെ ചൈനയ്ക്കു സാധിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. 'ഇറാനു ചുറ്റുമുള്ള ഉപരോധം' എന്ന പേരില്‍ ചൈനീസ് സൈന്യം തന്നെ ഒരു വീഡിയോ പുറത്തിറക്കിയത് അമേരിക്കയെ പ്രകോപിപ്പിച്ചിട്ടുണ്ട്.

മിസാര്‍ വിഷന്‍ ഒരു സ്വകാര്യ കമ്പനിയാണെന്നു അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും (ജഘഅ) ചാരക്കണ്ണായാണ് ഇതിനെ വാഷിങ്ടണ്‍ കാണുന്നത്. പശ്ചിമേഷ്യന്‍ യുദ്ധക്കളത്തില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും അമേരിക്കയുടെ രഹസ്യനീക്കങ്ങള്‍ ലോകസമക്ഷം തുറന്നുകാട്ടാനുമാണ് ബെയ്ജിങ്ങിന്റെ ശ്രമം. 




 


നേരത്തെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള 'ഗ്ലോബല്‍ ടൈംസ്' ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അമേരിക്കന്‍ റഡാറുകളും മിസൈല്‍ ലോഞ്ചറുകളും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍ക്ക് കൃത്യമായ ലക്ഷ്യം നിര്‍ണയിക്കാന്‍ സഹായിക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തിയിട്ടുണ്ട്.

വാണിജ്യ ഉപഗ്രഹങ്ങളുടെ മറവില്‍ ചൈന നടത്തുന്ന 'ബഹിരാകാശ ചാരപ്പണി'യാണിതെന്നാണ് യുഎസ് പ്രതിരോധ വൃത്തങ്ങള്‍ ആരോപിക്കുന്നത്. ചൈനീസ് നീക്കം അമേരിക്കന്‍ സുരക്ഷയ്ക്ക് വന്‍ ഭീഷണിയായി മാറിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ജോര്‍ദാനിലെ മരുഭൂമിയില്‍ ഒളിപ്പിച്ചുവെച്ച അമേരിക്കന്‍ ആയുധങ്ങള്‍ ഇനി സുരക്ഷിതമല്ലെന്നും, അവ ഇറാന്റെ മിസൈല്‍ പരിധിക്കുള്ളിലാണെന്നും ഓര്‍മിപ്പിക്കുന്നതാണ് ചൈനയുടെ പുതിയ നീക്കങ്ങള്‍.

Tags:    

Similar News