സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സഖാക്കളുടെ കണ്ണിലെ കരടായി പോരാട്ട ജീവിതം; ചിത്രലേഖയുടെ വിയോഗത്തിന് ശേഷം കുടുംബം ദുരിതത്തില്‍; വായ്പ്പാ കുടിശ്ശിക പെരുകിയതോടെ വീട് ജപ്തി ചെയ്യാന്‍ അര്‍ബന്‍ ബാങ്ക്; നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് എങ്ങോട്ടു പോകണമെന്ന് ചിത്രലേഖയുടെ ഭര്‍ത്താവ്
ചിത്രലേഖയുടെ വിയോഗത്തിന് ശേഷംവീട് ജപ്തി ചെയ്യാൻ അർബൻ ബാങ്ക്
കണ്ണൂര്‍: ദളിത് പോരാളി ചിത്രലേഖയുടെ കുടുംബം തെരുവിലേക്കോ യെന്ന ചോദ്യമുയരുന്നു. അര്‍ബന്‍ ബാങ്ക് ജപ്തിഭീഷണി നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് എങ്ങോട്ടു പോകണമെന്ന് ചിത്രലേഖയുടെ ഭര്‍ത്താവ് എം.ശ്രീഷ് കാന്തിന് യാതൊരു നിശ്ചയമില്ല. ഒറ്റയാള്‍ ദളിത്‌പെണ്‍ പോരാട്ടത്തിലൂടെ ചരിത്രത്തിലിടം നേടിയ ചിത്രലേഖയുടെ കാട്ടാമ്പള്ളി കുതിരത്തടത്തിലുള്ള വീട് ജപ്തി ചെയ്യാന്‍ കോണ്‍ഗ്രസ് ഭരണ സമിതി നിയന്ത്രണത്തിലുള്ള കണ്ണൂര്‍ കോ. ഓപ്പറ്റീവ് അര്‍ബന്‍ ബാങ്ക് അധികൃതര്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.
നവംബര്‍24ന് തിങ്കളാഴ്ച്ചയാണ് തലശേരി സി.ജെ.എം കോടതിയുത്തരവടക്കം ഹാജരാക്കി ബാങ്ക് മാനേജര്‍ പ്രിയേഷും മറ്റുദ്യോഗസ്ഥരും അഡ്വക്കറ്റ് കൗണ്‍സലര്‍ കെ.എം.ഷൈജയും ചിത്രലേഖയുടെ വീട്ടിലെത്തി നോട്ടീസ് നല്‍കിയത്. പട്ടിണിയില്‍ കഴിയുന്ന കുടുംബം ജപ്തി നോട്ടീസ് കൂടി കിട്ടിയതോടെ വന്‍ പ്രതിസന്ധിയിലാണ്. 2016 ഓഗസ്തിലാണ് അഞ്ച് ലക്ഷം രൂപ പത്തു വര്‍ഷ കാലാവധിയില്‍ അര്‍ബന്‍ ബാങ്കില്‍ നിന്ന് പട്ടയം ഈടു വെച്ച് വായ്പയെടുക്കുന്നത്.
മുന്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ.മോഹനനാണ് ഇടനില നിന്ന് വായ്പ ശരിയാക്കിക്കൊടുത്തത്. കപ്പണയായ ഭൂമി തറയാക്കാന്‍ തന്നെ വായ്പ തുക ചെലവായി. വായ്പയില്‍ ഒന്നര ലക്ഷം രൂപയിലധികം തിരിച്ചടച്ചു. പലിശയടക്കം ഒമ്പതു ലക്ഷം രൂപയാണ് ബാങ്ക് നോട്ടീസ് പ്രകാരം അടയ്‌ക്കേണ്ടത്. ഇപ്പോഴത്തെ ബാങ്ക് ചെയര്‍മാനും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ രാജീവന്‍ എളയാവൂര്‍ ആറു ലക്ഷം രൂപയ്ക്ക് സെറ്റിലാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ സെഷന്‍സ് കോടതി മുഖേന നോട്ടീസ് നല്‍കിയിരിക്കുന്നത്.
കുതിരത്തടത്തെ അഞ്ച് സെന്റ് ഭൂമി 2016 മാര്‍ച്ചില്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ് അനുവദിച്ചത്. 200 ദിവസം കലക്ട്രേറ്റിനും സെക്രട്ടറിയേറ്റിനും മുന്നില്‍ ചിത്രലേഖ നടത്തിയ സമരത്തെ തുടര്‍ന്ന് അഞ്ച്‌ലക്ഷം രൂപയും വീടുനിര്‍മാണത്തിനനുവദിച്ചിരുന്നു. അന്നത്തെ കണ്ണൂര്‍ജില്ലാ കലക്ടറായിരുന്ന ബാലകിരണാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. തറ പൂര്‍ത്തിയായ ശേഷം ഭരണമേറ്റ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭൂമിയും പണവും റദ്ദാക്കി. 2024 ജൂണില്‍ ഹൈക്കോടതിയാണ് ഭൂമി ചിത്രലേഖയ്ക്ക് തിരിച്ചു നല്‍കിയത്.
ഒരു വര്‍ഷം മുന്‍പ് ഒക്ടോബറിലാണ് ചിത്രലേഖ അര്‍ബുദത്തെ തുടര്‍ന്ന് മരിക്കുന്നത്. ഭര്‍ത്താവ് ശ്രീഷ്‌കാന്ത്, മകന്‍ മനു, മനുവിന്റെ രണ്ടു കുട്ടികള്‍ എന്നിവരാണ് കാട്ടാമ്പള്ളിയിലെ എരമംഗലത്ത് വീട്ടില്‍ താമസിക്കുന്നത്. മകള്‍ മേഘയും കുട്ടിയും ഭര്‍ത്താവിന്റെ വീട്ടിലാണ്.
ചിത്രലേഖയുടെ മരണം, ശ്രീഷ്‌കാന്തിനു നേരെയുണ്ടായ അക്രമം, ഓട്ടോറിക്ഷ ഫിനാന്‍സ് കമ്പനിയുടെ കൊണ്ടുപോകല്‍, മനുവിന്റെ മാനസികാസ്വാസ്ഥ്യം തുടങ്ങിയവ കൊണ്ടാണ് തിരിച്ചടവ് മുടങ്ങിയത്. കാലിലെ പരുക്ക് കാരണം ശ്രീഷ്‌കാന്തിനിപ്പോഴും ഓട്ടോറിക്ഷയോടിക്കാനാകില്ല.
മനുവിനാണെങ്കില്‍ മാനസികാസ്വാസ്ഥ്യവും. ആരുടെയൊക്കെയോ കാരുണ്യത്തിലാണ് ജീവിതം തള്ളി നീക്കുന്നത്. ഇതിനിടയിലാണ് ജപ്തി നീക്കം. വീട് വിറ്റും വായ്പ തിരിച്ചടയ്ക്കാന്‍ കുടുംബം തയ്യാറാണ്. വാങ്ങാനുമാളുണ്ട്. പക്ഷേ, 12 വര്‍ഷം കഴിഞ്ഞാലേ ഭൂമി വില്‍ക്കാവൂവെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് കലക്ട്രേറ്റില്‍ അപേക്ഷ നല്‍കി. താലൂക്ക്, വില്ലേജ് ഓഫീസുകളില്‍ നടന്ന പരിശോധനകളില്‍ നിസഹായത ബോധ്യപ്പെട്ടു. ഫയലിപ്പോള്‍ റവന്യു കമ്മീഷണറുടെ ഓഫീസിലാണുള്ളത്. ഇതില്‍ തീരുമാനമായാല്‍ വീടു വിറ്റ് ബാങ്ക് വായ്പ തീര്‍ത്ത് ജീവിത മാര്‍ഗത്തിനുള്ള ഉപാധികളും കണ്ടെത്താമെന്ന തീരുമാനത്തിലായിരുന്നു ശ്രീഷ്‌കാന്ത്.
കഴിഞ്ഞ മാസം 22നാണ് വീട് ജപ്തി ചെയ്യാന്‍ സി.ജെ.എം കോടതി ഉത്തരവിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിനിടയിലാണ് ജപ്തി നടപടിയുമായി അര്‍ബന്‍ ബാങ്ക് രംഗത്തെത്തിയിരിക്കുന്നത്. ഡിസംബര്‍ ഏഴിനകം വീടൊഴിയണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇല്ലെങ്കില്‍ ഡിസംബര്‍ 18ന് ജപ്തി ചെയ്യുമെന്നാണ് താക്കീത്. വാടകയ്ക്ക് ശ്രീഷ്‌കാന്ത് ഓട്ടോറിക്ഷ കിട്ടിയാല്‍ പരുക്ക് പക വെക്കാതെ കുടുംബം പോറ്റാന്‍ ശ്രീഷ്‌കാന്ത് തയ്യാറാണ്. അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുകയാണ് ചിത്രലേഖയുടെ കുടുംബം. ഇനിയെന്ത്? ചോദ്യ ചിഹ്നത്തിലാണ് നാലംഗങ്ങളുള്ള ഈ കുടുംബം.
