രാസപ്രവര്‍ത്തനം വഴി ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കലര്‍ത്തി ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ചാര്‍ജ് ചെയത് വൈദ്യുതി സൃഷ്ടിക്കും; അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയ്ക്കാം; നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നു പറക്കുന്ന ചെറുവിമാനങ്ങള്‍; കൊച്ചി വിപ്ലവത്തിന് ഒരുങ്ങുമ്പോള്‍
കൊച്ചി : സിയാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും താമസിയാതെ ഹൈഡ്രജന്‍ ഇന്ധനമാക്കിയുള്ള ചെറുവിമാനങ്ങള്‍ പറന്നുയരും എന്ന് റിപ്പോര്‍ട്ട്. ഇതിനായി ഹൈഡ്രജന്‍ ഇന്ധന വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് (വിടിഒഎല്‍) എയര്‍ക്രാഫ്റ്റ് ഇക്കോ സിസ്റ്റം വികസിപ്പിക്കും.
പ്രായോഗികമായി നടപ്പാക്കാനായാല്‍ മികവുറ്റതും മലിനീകരണത്തോത് തീരെയില്ലാത്തതുമായ ഒരിന്ധനമാണ് ഹൈഡ്രജന്‍. വ്യവസായങ്ങളില്‍ മാത്രമല്ല ഗതാഗതമേഖലയിലും ഹൈഡ്രജന്‍ ഇന്ധനം ഏറെ പ്രതീക്ഷ നല്‍കുന്നു. വരുംകാലത്ത് നമ്മുടെ ആകാശങ്ങള്‍ ഭരിക്കുന്നത് ഹൈഡ്രജന്‍ വിമാനങ്ങളാകുമോയെന്നും ചര്‍ച്ചകളുണ്ട്. 1957ല്‍ തന്നെ ഹൈഡ്രജന്‍ വിമാനങ്ങളുടെ പരീക്ഷണം തുടങ്ങിയിരുന്നു. 1988 ഏപ്രില്‍ 15ന് ആദ്യമായി പൂര്‍ണമായും ഹൈഡ്രജന്‍ ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ നടന്നു. ഇത്തരത്തിലുള്ള ധാരാളം പദ്ധതികള്‍ പണിപ്പുരയില്‍ വികസിക്കുന്നുണ്ട്. ഇതിന്റെ സാധ്യതകളാണ് കൊച്ചിയും തേടുന്നത്.
സിയാലും സ്വകാര്യ ചെറുവിമാന നിര്‍മാണ കമ്പനിയായ ബ്ലൂജെ എയ്റോസ്പേസും ബിപിസിഎലും സംസ്ഥാന സര്‍ക്കാരിന്റെ പുനരുപയോഗ ഊര്‍ജ ഗവേഷണ ഏജന്‍സിയായ അനെര്‍ട്ടും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിയാല്‍ ഡയറക്ടര്‍ ജി മനു, ബ്ലൂജെ എയ്റോസ്പേസ് സിഇഒ അമര്‍ ശ്രീ വത്സവായ, അനെര്‍ട്ട് സിഇഒ നരേന്ദ്രനാഥ് വെലുരി, ബിപിസിഎല്‍ പുനരുപയോഗ ഊര്‍ജവിഭാഗം ബിസിനസ് ഹെഡ് രഞ്ജന്‍നായര്‍ എന്നിവര്‍ ഇതിനുള്ള ധാരണപത്രം കൈമാറി.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് താഴ്ന്നുപറക്കുന്ന ഈ ചെറുവിമാനങ്ങള്‍ കേരളത്തില്‍ പുതിയൊരു യാത്രാവിപ്ലവത്തിന് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് വിമാനങ്ങളെപ്പോലെ വലിയ റണ്‍വേ ആവശ്യമില്ല, ഹെലികോപ്റ്ററുകളെപ്പോലെ ലംബമായി പറന്നുയരാനും ഇറങ്ങാനുമാകും എന്നതാണ് വിടിഒഎല്‍ വിമാനങ്ങളുടെ പ്രത്യേകത. ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പരമാവധി ഇല്ലാതാക്കാനുമാകും. രാസപ്രവര്‍ത്തനം വഴി ഹൈഡ്രജനും ഓക്സിജനും തമ്മില്‍ കലര്‍ത്തി ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ചാര്‍ജ് ചെയത് വൈദ്യുതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതാണ് വിമാനത്തിന് പറക്കാനാവശ്യമായ ഊര്‍ജം നല്‍കുന്നത്. വിമാനങ്ങളില്‍ ഹൈഡ്രജന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതോടെ അന്തരീക്ഷ മലിനീകരണം വന്‍ തോതില്‍ കുറയ്ക്കാനാവും എന്നാണ് രുതുന്നത്.
2070ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തിലെത്തിക്കുകയെന്ന (സീറോ കാര്‍ബണ്‍ എമിഷന്‍) ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി വികസിപ്പിക്കുന്നത്. ബ്ലൂജെ എയ്‌റോസ്‌പേസ് വികസിപ്പിക്കുന്ന വിമാനങ്ങള്‍ക്കുള്ള ഇന്ധനം കൊച്ചിയിലും തിരുവനന്തപുരത്തും ബിപിസിഎല്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഹൈഡ്രജന്‍ റിഫ്യുവല്‍ സ്റ്റേഷനുകള്‍ (എച്ച്ആര്‍എസ്) വഴി ലഭ്യമാക്കും. കൂടാതെ അനായാസം ലംബമായി പറന്നുയരുന്നതിന് സഹായിക്കുന്ന ഉയര്‍ന്ന ഊര്‍ജോല്‍പ്പാദനശേഷിയുള്ള പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെമ്പ്രേന്‍ (പിഇഎം) ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ വികസിപ്പിക്കുന്നതിന് ആവശ്യമായ ഗവേഷണവും കമ്പനി നടത്തും. ഇതിനുള്ള സാങ്കേതികസഹായം ബ്ലൂജെ എയ്‌റോസ്‌പേസ് നല്‍കും.