ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ കേസ് നടത്തിയതിന് ഒരു ലക്ഷം എംഡിക്ക് പിഴ; ഇതുവരെയുള്ള എല്ലാ വിവരാവകാശ ചോദ്യങ്ങള്‍ക്കും അതിവേഗ മറുപടി നല്‍കണം; നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവൃത്തികളില്‍ സുതാര്യത അനിവാര്യമെന്ന തിരിച്ചറിവില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്; സിയാല്‍ ഇനി 'പൊതുജനത്തിന്റെ' ഭാഗം
കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി (സിയാല്‍) ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍. സിയാല്‍ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഇതേ വിധി പുറപ്പെടുവിച്ചിരുന്നു. അതിനെതിരെ അപ്പീല്‍ ഡിവിഷന്‍ ബഞ്ചില്‍ എത്തി. ബോര്‍ഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നല്‍കണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യം ചെയ്ത് സിയാല്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് സിംഗിള്‍ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നത്.
സിയാലിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാരുടെ അനുമതിയില്ലാതെയാണ് ഈ കേസുമായി എംഡി പോയതെന്നും ഡിവിഷന്‍ ബഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു ലക്ഷം പിഴയടയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനൊപ്പം ഇതുവരെ കിട്ടിയ വിരവാകാശ ചോദ്യങ്ങള്‍ക്കെല്ലാം നടപടി എടുക്കാനും കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിയാലിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പിക്കും വിധമാണ് കോടതിയുടെ ഉത്തരവ്. പൊതു ജനങ്ങള്‍ക്ക് കൂടി അവകാശമുള്ളതാണ് സിയാല്‍ എന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ ഡിവിഷന്‍ ബഞ്ച്.
ഇതിനെതിരേ സിയാല്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ സ്റ്റേ ഉത്തരവ് നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയും ചെയ്തു. ഹര്‍ജിക്കാരന് ഡിവിഷന്‍ ബെഞ്ചിന് മുന്‍പാകെത്തന്നെ തന്റെ വാദമുന്നയിക്കാന്‍ അവസരമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഡിവിഷന്‍ ബഞ്ചില്‍ കേസ് തുടര്‍ന്നു. ഈ കേസിലാണ് നിര്‍ണ്ണായക വിധി വരുന്നത്.
കമ്പനിയില്‍ സര്‍ക്കാര്‍ ഓഹരി 32.42 ശതമാനമാണെന്നും അതിനാല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നുമുള്ള വാദമാണ് സിയാല്‍ ഉന്നയിച്ചത്. എന്നാല്‍ കമ്പനിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും ഡയറക്ടര്‍ ബോര്‍ഡില്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും, മാനേജിങ് ഡയറക്ടര്‍ ഐ.എ.എസ്. ഓഫീസറും ആണെന്നത് കണക്കിലെടുത്താണ് സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചത്. ഇതേ വിധി ഡിവിഷന്‍ ബഞ്ചും ആവര്‍ത്തിക്കുകയാണ്.
സിയാലിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇഷ്ടക്കാര്‍ക്ക് ജോലി നല്‍കുന്നത് അടക്കമുള്ള ആരോപണങ്ങള്‍ ഇതിലുണ്ടായിരുന്നു. തുടര്‍ന്ന് വിവരാവകാശ അപേക്ഷകള്‍ നല്‍കി. എന്നാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് പറഞ്ഞ് നിഷേധിച്ചു. ഇതിനെതിരെ സംസ്ഥാന വിവരാവകാശ കമ്മീഷന് മുന്നില്‍ പരാതി എത്തി. വിവരാവകാശ കമ്മീഷന്റെ പരിധിയില്‍ വരുമെന്നായിരുന്നു ഉത്തരവ്. ഇതിനെ ചോദ്യം ചെയ്ത് സിയാല്‍ ഹൈക്കോടതിയില്‍ എത്തി. സിംഗിള്‍ ബഞ്ചും വിവരാവകാശ നിയമത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. പിന്നീട് സിയാല്‍ സിംഗിള്‍ ബഞ്ചിലുമെത്തി. ഇവിടേയും തിരിച്ചടിയാണ് ഉണ്ടാകുന്നത്.
സിംഗിള്‍ ബഞ്ച് നേരത്തെ വിരവാകാശ കമ്മീഷണറെ വയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഡിവിഷന്‍ ബഞ്ചിലേക്ക് എത്തിയത്. ഈ ഹര്‍ജിയും തള്ളിയ സാഹചര്യത്തില്‍ വിവരാവകാശ കമ്മീഷണറെ ഉടന്‍ നിയമിക്കേണ്ടി വരും.