ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്‍; 2004ല്‍ ഹൈകോടതി ജഡ്ജിയായി നിയമനം; സുപ്രീംകോടതിയിലെ നിരവധി വിധിന്യായങ്ങളുടെ ഭാഗം; ആരാണ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകാന്‍ പോകുന്ന ജസ്റ്റിസ് സൂര്യകാന്ത്?

ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായിരുന്ന അഭിഭാഷകന്‍

Update: 2025-10-27 07:13 GMT

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ശുപാര്‍ശ ചെയ്തു. ആര്‍.എസ്.ഗവായി നവംബര്‍ 23നാണ് വിരമിക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചാല്‍, സൂര്യകാന്ത് ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി അടുത്ത ദിവസം ചുമതലയേല്‍ക്കും. 2027 ഫെബ്രുവരി 9വരെ സര്‍വീസുണ്ട്. പിന്‍ഗാമിയെ നാമനിര്‍ദേശം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒക്ടോബര്‍ 23ന് ജസ്റ്റിസ് ഗവായിക്ക് കത്തയച്ചിരുന്നു.

ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം ഏറ്റെടുക്കാന്‍ കഴിവുള്ളവനും യോഗ്യനുമാണെന്ന് ചീഫ് ജസ്റ്റിസ് ആര്‍.എസ്.ഗവായ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. ഹരിയാനയില്‍ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 38-ാം വയസ്സില്‍ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസ്സില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടി നിയമമന്ത്രി കത്തു നല്‍കുകയാണ് നിയമന നടപടികളുടെ ആദ്യഘട്ടം. പിന്നാലെ, സീനിയോറിറ്റിയില്‍ മുന്നിലുള്ള ജസ്റ്റിസിന്റെ പേരു നിര്‍ദേശിച്ച് ചീഫ് ജസ്റ്റിസ് സര്‍ക്കാരിനു കത്ത് നല്‍കും. നിര്‍ദേശിച്ച പേരിനു കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചാല്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.

1962 ഫെബ്രുവരി 10 ന് ഹരിയാനയിലെ ഹിസാറിലാണ് ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. ഹിസാറിലെ സര്‍ക്കാര്‍ കോളജില്‍ നിന്ന് ബിരുദം നേടിയശേഷമാണ് അദ്ദേഹം നിയമപഠനത്തിന് പോയത്. 1984ല്‍ രോഹ്തക്കിലെ മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. തുടര്‍ന്ന് ഹിസാര്‍ ജില്ലാകോടതിയില്‍ അഭിഭാഷകനായി ജോലി തുടങ്ങി. 1985ല്‍ ഹരിയാന ഹൈകോടതിയിലേക്ക് മാറി. ഭരണഘടന, സര്‍വീസ്, സിവില്‍ വിഷയങ്ങളില്‍ അവഗാഹം നേടി. 2000ത്തില്‍ ഏറ്റവുംപ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 38 വയസേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍. തൊട്ടടുത്ത വര്‍ഷം അദ്ദേഹം സീനിയര്‍ അഡ്വക്കറ്റ് ആയി നിയമിച്ചു.

2004 ജനുവരിയില്‍ ജസ്റ്റിസ് സൂര്യകാന്തിനെ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിച്ചു. അവിടെ 14 വര്‍ഷത്തിലേറെ കാലം സേവനമനുഷ്ഠിച്ചു. തൊഴില്‍ നൈതികതക്ക് പേരുകേട്ട ജസ്റ്റിസ് സൂര്യകാന്തിന്റെ പല വിധിന്യായങ്ങളും പേരുകേട്ടവയായിരുന്നു. 2018 ഒക്ടോബറില്‍ അദ്ദേഹം ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു.

2019 മേയില്‍ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം കിട്ടി. സുപ്രീംകോടതിയില്‍ സുപ്രധാന വിധി പുറപ്പെടുവിച്ച നിരവധി ബെഞ്ചുകളുടെ ഭാഗമായിരുന്നു സൂര്യകാന്ത്. 2023ല്‍ ആര്‍ട്ടിക്കിള്‍ 370 ശരിവെച്ചതുള്‍പ്പെടെയുള്ള സുപ്രധാന വിധിന്യായങ്ങളില്‍ അദ്ദേഹം ഭാഗമായിട്ടുണ്ട്. ഭരണഘടനാ നിയമം, മനുഷ്യാവകാശങ്ങള്‍, ഭരണപരമായ വിഷയങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട 1,000ത്തിലധികം വിധിന്യായങ്ങളുടെയും ഭാഗമായി.

2024 നവംബര്‍ മുതല്‍ സുപ്രീംകോടതി ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു.റാഞ്ചിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് സ്റ്റഡി ആന്‍ഡ് റിസര്‍ച്ച് ഇന്‍ ലോയുടെ വിസിറ്ററായും സേവനമനുഷ്ഠിക്കുകയാണ്. നേരത്തെ, അദ്ദേഹം നാഷനല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ രണ്ട് തവണ അംഗമായിരുന്നു. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ജസ്റ്റിസ് സൂര്യകാന്ത് രാജ്യത്തെ പരമോന്നത ജുഡീഷ്യല്‍ പദവി വഹിക്കുന്ന ആദ്യ ഹരിയാനക്കാരനായി മാറും.

Tags:    

Similar News