മാന്നാര്‍ എസ്എച്ച്ഓയുടെ വീട്ടില്‍ നടന്നത് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയുടെ യാത്രയയപ്പ് ചടങ്ങ്; രാത്രി മൂത്തപ്പോള്‍ ചെങ്ങന്നൂര്‍, കുറത്തികാട് എസ്എച്ച്ഓമാര്‍ തമ്മിലടിച്ചു; വിവരമറിഞ്ഞിട്ടും മുകളിലേക്ക് റിപ്പോര്‍ട്ട ചെയ്യാതെ രഹസ്യാന്വേഷണ വിഭാഗങ്ങളും
ചെങ്ങന്നൂര്‍, കുറത്തികാട് എസ്എച്ച്ഓമാര്‍ തമ്മിലടിച്ചു
ആലപ്പുഴ: മാന്നാറില്‍ യാത്രയയപ്പ് പാര്‍ട്ടിക്കിടെ എസ്എച്ച്ഓമാരുടെ തമ്മിലടി. കുറത്തികാട് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മോഹിത്തും ചെങ്ങന്നൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സി. വിപിനുമാണ് തമ്മില്‍ തല്ലിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പിയായിരുന്ന ബിനുകുമാറിന്റെ യാത്രയയപ്പ് പാര്‍ട്ടിക്കിടെയാണ് സംഭവം. ജൂലൈ പത്തിന് രാത്രി മാന്നാര്‍ എസ്എച്ച്ഓ ഡി. രജീഷ്‌കുമാറിന്റെ വാടകവീട്ടിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. ചെങ്ങന്നൂര്‍ സബ് ഡിവിഷന് കീഴില്‍ വരുന്ന അഞ്ച് എസ്എച്ച്ഓമാരാണ് യാത്രയയപ്പ് ചടങ്ങില്‍ സംബന്ധിച്ചത്. രാത്രി മൂത്തപ്പോഴാണ് വാക്കേറ്റവും തമ്മിലടിയും ഉണ്ടായത്. ഒരാള്‍ മറ്റൊരാളെ അധിക്ഷേപിച്ച് സംസാരിച്ചതാണ് വാക്കേറ്റത്തിലേക്കും തമ്മില്‍ തല്ലിലേക്കും നീങ്ങിയത്. മൂന്നു മിനുട്ടോളം ഇവര്‍ തമ്മിലടിച്ചുവെന്നാണ് വിവരം. മദ്യലഹരിയിലാണ് സംഘട്ടനം നടന്നത് എന്ന് പറയുന്നു. മറ്റുള്ള ഉദ്യോഗസ്ഥര്‍ ഇരുവരെയും മാറ്റി വിടുകയായിരുന്നു.
ഈ വിവരം സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അറിഞ്ഞിട്ടും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രശ്നം ഇവിടെ തന്നെ പറഞ്ഞു തീര്‍ത്തുവെന്നാണ് പറയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവി പോലും കഴിഞ്ഞ ദിവസമാണ് വിവരം അറിഞ്ഞത്. വിഷയത്തില്‍ ആരോടും ഇതു വരെ റിപ്പോര്‍ട്ട് തേടിയിട്ടില്ല. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ഇവിടെ തന്നെ ഒതുക്കി തീര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്.