'ഇനിയും എത്ര നിരപരാധികൾ മരിക്കേണ്ടിവരും?'; 'ധിക്കാരപരമായ നയങ്ങൾ, അനധികൃത കുടിയേറ്റക്കാരന് എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു ?; ഫ്ലോറിഡയിലെ ഇന്ത്യൻ വംശജനായ ഡ്രൈവർ വരുത്തിയ 'യൂ ടേണ്‍' അപകടത്തിൽ ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണറും തമ്മിൽ പോര് മുറുകുന്നു

Update: 2025-08-19 05:46 GMT

വാഷിംഗ്ടൺ: ഫ്ലോറിഡയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ സംഘർഷത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ഇന്ത്യക്കാരനായ ഹർജീന്ദർ സിങ് ഓടിച്ച ട്രക്ക് നിയമവിരുദ്ധമായി യൂ-ടേൺ എടുത്തതിനെത്തുടർന്നുണ്ടായ അപകടമാണ് ഡൊണാൾഡ് ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമും തമ്മിലുള്ള രൂക്ഷമായ വാക്പോരിന് കാരണമായിരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരനായ ഹർജീന്ദറിന് കാലിഫോർണിയയിൽ നിന്ന് എങ്ങനെ വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു എന്നതിനെച്ചൊല്ലിയാണ് പ്രധാന തർക്കം.

അമേരിക്കൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ട്രംപ് ഭരണകൂടം കാലിഫോർണിയയുടെ നയങ്ങളെ ശക്തമായി വിമർശിച്ചു. 'ഇനിയും എത്ര നിരപരാധികൾ മരിക്കേണ്ടിവരും?' എന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമിൽ ചോദിച്ചു. കാലിഫോർണിയയിലെ 'ധിക്കാരപരമായ നയങ്ങൾ' ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്ന് വൈറ്റ്ഹൗസും കുറ്റപ്പെടുത്തി.

ഹർജീന്ദർ നിയമവിരുദ്ധമായാണ് അമേരിക്കയിൽ കഴിയുന്നതെന്നും ട്രംപ് ഭരണകൂടത്തിൻ്റെ കാലത്ത് 2020 സെപ്റ്റംബറിൽ നിരസിച്ച അദ്ദേഹത്തിൻ്റെ തൊഴിൽ അനുമതി ബൈഡൻ ഭരണകൂടം 2021 ജൂണിൽ അംഗീകരിക്കുകയായിരുന്നുവെന്നും ട്രംപ് അനുകൂല വൃത്തങ്ങൾ ആരോപിക്കുന്നു. എന്നാൽ, ട്രംപ് ഭരണകൂടത്തിൻ്റെ ആരോപണങ്ങൾക്ക് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ശക്തമായ ഭാഷയിൽ മറുപടി നൽകി. ഹർജീന്ദർ സിങ് അമേരിക്കയിൽ പ്രവേശിച്ചത് ട്രംപ് പ്രസിഡൻ്റായിരിക്കുമ്പോഴാണെന്ന് അവർ ചൂണ്ടിക്കാട്ടി. രാജ്യത്ത് നിയമപരമായി താമസിക്കുന്നവർക്ക് മാത്രമേ കാലിഫോർണിയയിൽ വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കാറുള്ളൂ എന്നും ഗവർണറുടെ ഓഫീസ് വ്യക്തമാക്കി.

അപകടത്തിന് പിന്നാലെ, ഡ്രൈവറുടെ ഇന്ത്യൻ പശ്ചാത്തലം ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ വംശീയാധിക്ഷേപവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സെന്റ് ലൂസി കൗണ്ടിയിൽ ടേൺപൈക്കിന്റെ വടക്കോട്ട് പോകുന്ന പാതയിലാണ് അപകടമുണ്ടായത്. വലതുവശത്തെ ലെയ്‌നിലൂടെ സഞ്ചരിക്കുകയായിരുന്ന സെമി ട്രക്ക്, ഔദ്യോഗിക വാഹനങ്ങൾക്ക് മാത്രം യൂ-ടേൺ എടുക്കാൻ അനുവാദമുള്ള ഭാഗത്തുവെച്ച് പെട്ടെന്ന് തിരിയാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം, പിന്നാലെ വന്ന ക്രിസ്‌ലർ ടൗൺ ആൻഡ് കൺട്രി വാൻ ട്രെയ്‌ലറിൽ ഇടിച്ചുകയറുകയായിരുന്നു.

അപകടവിവരം ലഭിച്ചയുടൻ സെന്റ് ലൂസി ഫയർ റെസ്‌ക്യൂ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വാനിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഫ്ലോറിഡ സിറ്റി സ്വദേശിയായ 30-കാരൻ, പോംപാനോ ബീച്ചിൽ നിന്നുള്ള 37-കാരി, മിയാമിയിൽ നിന്നുള്ള 54-കാരൻ എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഡ്രൈവറുടെ ഇന്ത്യൻ പശ്ചാത്തലം ചൂണ്ടിക്കാട്ടി വംശീയ ആക്രമണം രൂക്ഷമായത്.

ഡൊണാൾഡ് ട്രംപ് അനുകൂലികളടക്കം നിരവധി പേർ ഇയാളെ 'അനധികൃത കുടിയേറ്റക്കാരൻ' എന്ന് വിശേഷിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവറുടെ പേരുവിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അപകടത്തെ തുടർന്ന് ടേൺപൈക്കിലെ വടക്കോട്ടുള്ള എല്ലാ പാതകളും മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നതായി സെന്റ് ലൂസി കൗണ്ടി ഷെരീഫിന്റെ ഓഫീസ് അറിയിച്ചിരുന്നു.

Tags:    

Similar News