'ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും'; എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി; പിണറായി മറുപടി നല്‍കിയത് സിപിഐയും, ആര്‍ജെഡിയും സമരം തീര്‍ക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍; സമരത്തെച്ചൊല്ലി നിയമസഭയില്‍ ഇന്നും ഭരണ - പ്രതിപക്ഷ വാക്‌പോര്; നിരാഹാര സമരത്തിലേക്ക് കടന്ന ആശമാര്‍ക്ക് മുന്നില്‍ ഇനി വഴിയെന്ത്?

'ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനവും വര്‍ധിപ്പിക്കും'

Update: 2025-03-20 13:51 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാ വര്‍ക്കാര്‍മാരുടെ സമരം ഇന്ന് ചേര്‍ന്ന് ഇടതു മുന്നണി യോഗത്തിലും ചര്‍ച്ചയായി. ഘടകക്ഷികളായ സിപിഐയും ആര്‍ജെഡിയുമാണ് വിഷയം ഉന്നയിച്ചത്. സമരം അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഘടകകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടു.

ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഇടപെട്ടു സംസാരിച്ചു. ആശമാരുടെ ഓണറേറിയം വര്‍ധിപ്പിക്കേണ്ടെന്ന നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓണറേറിയം കേന്ദ്രം വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ആനുപാതികമായി സംസ്ഥാന സര്‍ക്കാറും വര്‍ധിപ്പിക്കും വര്‍ധിപ്പിക്കുമെന്ന് മുഖമന്ത്രി യോഗത്തെ അറിയിച്ചു.

അതേസമയം ആശ വര്‍ക്കാര്‍മാരുടെ സമരത്തിന് പിന്തുണയുമായി യുഡിഎഫ് ഇന്നും രംഗത്തെത്തി. നിയമസഭയിലും ഈ വിഷയമാണ് ഇന്ന് വാക്‌പോരിന് കാരണമായിത്. നിയമസഭയില്‍ അംഗനവാടി ടീച്ചര്‍മാരുടെ സമരത്തിലാണ് നജീബ് കാന്തപുരം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയതെങ്കിലും സഭ പ്രക്ഷുബ്ധമായത് പ്രധാനമായും ആശ സമരത്തെച്ചൊല്ലി. ഈ സമരത്തെ തള്ളിക്കളഞ്ഞാല്‍ സിപിഎം മുതലാളി വര്‍ഗ്ഗ പാര്‍ട്ടിയെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങി 39ാം ദിവസം ആശ വര്‍ക്കര്‍മാര്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പട്ടതോടെയാണ് സമരസമിതി നിരാഹാര സമരം തുടങ്ങാന്‍ തീരുമാനിച്ചത്. ആശമാരുടെ ആവശ്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിക്കാന്‍ മന്ത്രി വീണാജോര്‍ജ് ഡല്‍ഹിയില്‍ എത്തി. ആശമാരുടെ സമരത്തെച്ചൊല്ലി നിയമസഭ പ്രക്ഷുബ്ധമായി. സമരത്തെച്ചൊല്ലി ഭരണ പ്രതിപക്ഷ വാക്‌പോരും തുടരുകയാണ്.

വൈകാരികമായ വാക്കുകളിലാണ് ആശമാരുടെ നിരാഹാര സമരം സംസ്ഥാന ദുരന്ത നിവാരണ മാനേജ്‌മെന്റ് സെന്റര്‍ മുന്‍ മേധാവി കെ.ജി.താര ഉദ്ഘാടനം ചെയ്തത്. ശേഷം സമരം ചെയ്യുന്നവര്‍ക്ക് ഐക്യദാര്‍ഢ്യപ്രതീകമായി മരത്തൈ കൈമാറി. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടി എം.എ.ബിന്ദു, തങ്കമണി,ഷിജ എന്നിവരാണ് ആദ്യഘട്ടത്തില്‍ നിരാഹാരമിരിക്കുന്നത്. പ്രതിഫലം 21,000 ആയി ഉയര്‍ത്തണം, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണം എന്നിവയുള്‍പ്പെടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ല എന്നുറച്ചാണ് സമരക്കാര്‍.

ഇന്നലത്തെ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കാണാന്‍ മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലെത്തി. സംസ്ഥാനം ഓണറേറിയം വര്‍ധിപ്പിച്ചാല്‍ മതി കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കേണ്ട എന്ന നിലപാടില്‍ രാഷ്ട്രീയമുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ നേരില്‍ കാണാന്‍ സാധിച്ചാല്‍ വിഷയങ്ങള്‍ നേരിട്ടറിയിക്കുമെന്നും അല്ലെങ്കില്‍ നിവേദനം കൈമാറി മടങ്ങുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

തസ ആശാ വര്‍ക്കര്‍മാര്‍ക്ക് പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത യുഡിഎഫ് നേതാക്കള്‍ നിയമസഭ ബഹിഷ്‌കരിച്ച് നിരാഹാര സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാരുടെ സമരപ്പന്തലിലെത്തിയാണ് പ്രതിപക്ഷ നേതാവ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മന്ത്രിമാര്‍ തുടക്കം മുതല്‍ സമരത്തെ അധിക്ഷേപിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി. സമരം തീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോടെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രശ്‌നപരിഹാരത്തിന് ശ്രമം ഉണ്ടാകണമെന്ന് വീണ്ടും ആവശ്യപ്പെടുന്നു. നിരാഹാര സമരം തുടങ്ങിയത് സമരത്തിലെ വഴിത്തിരിവാണ്. സമരത്തിന് ആശമാര്‍ക്ക് കൂടെയുണ്ടാകുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ്, പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എംപിമാരും ആശമാര്‍ക്കായി പോരാട്ടം നടത്തുകയാണെന്നും വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് എംപിമാരാണെന്നും ചൂണ്ടിക്കാട്ടി.

അതേസമയം അടിസ്ഥാന വര്‍ഗത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കാത്ത കേരളത്തിലെ പിണറായി സര്‍ക്കാര്‍ സര്‍ക്കാര്‍ എങ്ങനെ ഇടത് സര്‍ക്കാരാകുമെന്ന് സെക്രട്ടറിയേറ്റ് നടയില്‍ ആശമാരുടെ അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ഡോ. കെജി താര പറഞ്ഞു. പ്രമുഖ സിപിഐ നേതാവ് കെ ഗോവിന്ദപ്പിളളയുടെ മകളാണ് താര. ആശമാരോടുള്ള സര്‍ക്കാര്‍ സമീപനത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താര വിമര്‍ശനം ഉയര്‍ത്തിയത്.

ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ എങ്ങനെയാണ് ഇത്ര ജനവിരുദ്ധമാകുന്നത്. നാടിനു വേണ്ടി ജീവിതം നീക്കിവെച്ചിരിന്ന പാവങ്ങളായ ആശമാരുടെ ന്യായമായ ആവശ്യങ്ങളോട് മുഖം തിരിക്കുകയും അവരെ അപമാനിക്കുകയും ചെയ്യുന്ന തൊഴിലാളി വര്‍ഗത്തിന് ചേര്‍ന്നതാണോ എന്ന് അന്വേഷിക്കണം. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വോട്ട് ചെയ്ത ഒരാളാണ് താനെന്നും അവര്‍ പറഞ്ഞു.

39 ദിവസമായി തുടരുന്ന ആശമാരുടെ സമരം മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് അനിശ്ചിതകാല നിരാഹാരസമരം. ഇന്നലെ ദേശീയ ആരോഗ്യ മിഷന്‍ ഡയറക്ടറുമായും ആരോഗ്യമന്ത്രി വീണ ജോര്‍ജുമായി നടത്തിയ ചര്‍ച്ചകള്‍ പൊളിഞ്ഞ ഘട്ടത്തിലാണ് നിരാഹാര സമരത്തിലേക്ക് കടന്നത്.

Tags:    

Similar News