വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്; ഫോണ്‍ ചോര്‍ത്തല്‍ സംവിധാനത്തെ കുറിച്ച് അറിവില്ലെന്ന് അന്‍വറിന്റെ മൊഴി; എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ ഫോണ്‍കോള്‍ ചോര്‍ത്തിയിട്ടില്ല; ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കി മുഖ്യമന്ത്രി
വാട്ട്സ്ആപ്പ് കോള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ചെയ്തത്
കോഴിക്കോട്: പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ കോള്‍ ഇന്റര്‍സെപ്ഷനില്‍ ദുരുപയോഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. എംഎല്‍എ ഫോണ്‍ കോളുകള്‍ ചോര്‍ത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിരിക്കുന്നത്. ഫോണ്‍ കോളുകള്‍ എങ്ങനെ ഇന്റര്‍സെപ്റ്റ് ചെയ്യണമെന്നോ അതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് അന്‍വര്‍ മൊഴി നല്‍കിയതായി രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങളില്‍ എ.ഡി.ജി.പി. (ഇന്റലിജന്‍സ്), ഡി.ഐ.ജി. (എ.ടി.എസ്.), തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. എന്നിവര്‍ മുഖേന വിശദമായ അന്വേഷണം നടത്തി. അന്വേഷണത്തിന്റെ ഭാഗമായി ഷൊര്‍ണൂര്‍ റസ്റ്റ് ഹൗസില്‍വെച്ച് തൃശ്ശൂര്‍ ഡി.ഐ.ജി എം.എല്‍.എയുടെ മൊഴി രേഖപ്പെടുത്തി. ഫോണ്‍ കോളുകള്‍ എങ്ങനെ ഇന്റര്‍സെപ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മറ്റൊരു ഫോണ്‍ ഉപയോഗിച്ച് വാട്ട്സ്ആപ്പിലൂടെ തന്റെ ഫോണില്‍ വന്ന ഫോണ്‍കോളുകള്‍ റെക്കോര്‍ഡ് ചെയ്യുക മാത്രമാണ് ഇന്റര്‍സെപ്ഷന്‍ കൊണ്ട് ഉദ്ദേശിച്ചതെന്ന് എം.എല്‍.എ. മറുപടി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
01.01.2022 മുതല്‍ 10.09.2024 വരെയുള്ള കാലയളവില്‍ വയനാട്, കോഴിക്കോട് റൂറല്‍, മലപ്പുറം ജില്ലകളിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് & ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എന്നിവര്‍ മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ എം.എല്‍.എമാരുടെയോ മന്ത്രിമാരുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാക്കളുടെയോ ടെലിഫോണ്‍ നമ്പറുകള്‍ ചോര്‍ത്തിയിട്ടില്ലെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിയമവ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ട് ദേശീയ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസ്ഥാനത്ത് നടത്തുന്ന എല്ലാ കോള്‍ ഇന്റര്‍സെപ്ഷനുകളും നിയമപരമായാണ് ചെയ്യുന്നത്. ഈ സൗകര്യം ഒരു തരത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ മതിയായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
നിയമവിരുദ്ധമായ ഒരു പ്രവൃത്തിയും ഈ സര്‍ക്കാര്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കേരളത്തില്‍ ആരും അനധികൃതമായി അധികാരം ഉപയോഗിച്ചിട്ടില്ലെന്ന് ഉറപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എം.എല്‍.എയുടെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണത്തില്‍ തോമസ് കെ. പീലിയാനിക്കല്‍ എന്ന വ്യക്തിയുടെ പരാതിയില്‍ കറുകച്ചാല്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വിശദീകരിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്ത് നല്‍കിയത്.
നേരത്തെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങി ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയത് പുതിയ സാങ്കേതിക പ്രശ്നമായി മാറിയിരുന്നു. ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മുഖ്യമന്ത്രിയുടെ നടപടി ഭരണഘടനാവ്യവസ്ഥയ്ക്കും ധാര്‍മികതയ്ക്കും നിരക്കുന്നതല്ലെന്നായിരുന്നു ഗവര്‍ണര്‍ നല്‍കിയ മറുപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ചീഫ് സെക്രട്ടറിയും ഡി.ജി.പി.യും ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാതിരുന്നത്. ഈ സാഹചര്യത്തിലാണ് ഗവര്‍ണ്ണറുടെ പുതിയ നീക്കം.
'ഭരണഘടനയുടെ 167-ാം അനുച്ഛേദമനുസരിച്ചും സംസ്ഥാന സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസിന്റെ ചട്ടം 166 (3) അനുസരിച്ചുമാണ് താന്‍ വിവരങ്ങള്‍ ആരാഞ്ഞത്. ഹവാല പണമിടപാടും സ്വര്‍ണക്കടത്തും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നത് വെറും ഭരണപരമായ കാര്യമായി ഒതുക്കാനാവില്ല. രാഷ്ട്രപതിയെ ബോധ്യപ്പെടുത്തേണ്ട ഭരണഘടനാപരമായ ബാധ്യത തനിക്കുണ്ട്. ചീഫ് സെക്രട്ടറിയോട് ഇത്തരം വിവരം തേടുന്നത് ഭരണഘടനാ വിരുദ്ധമോ ഭരണഘടനയുടെ ധാര്‍മികതയ്ക്ക് നിരക്കാത്തതോ അല്ല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരായ സമീപനവുമല്ല.-ഇതാണ് ഗവര്‍ണ്ണറുടെ നിലപാട്. വിഷയം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് ഔദ്യോഗികമായി കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുന്നത്.
ചട്ടപ്രകാരം ഗവര്‍ണറെ കാണാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ പോകേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിഷയത്തില്‍ ഗവര്‍ണര്‍ വീണ്ടും സര്‍ക്കാരിന് കത്ത് നല്‍കും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കത്തയച്ച ഗവര്‍ണര്‍, മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞിരുന്നു. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചുവയ്ക്കാന്‍ ആകില്ലെന്നും രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടിയാണ് വിശദീകരണം ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ചോദിച്ച കാര്യങ്ങള്‍ ബോധിപ്പിക്കാത്തത് ചട്ട ലംഘനമായും ഭരണഘടനാ ബാധ്യത നിറവേറ്റാത്തതായും കണക്കാക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ പറഞ്ഞിരുന്നു.