ഈ ഓണത്തിന് പപ്പടം നല്ല പോലെ കാച്ചാം..; ഒടുവിൽ കരിഞ്ചന്തക്കാരുടെ ആ ശ്രമവും പാളി; കൊപ്ര പൂഴ്ത്തിവെച്ച് വെളിച്ചെണ്ണയ്ക്ക് ഇനി കൃത്രിമമായി വിലക്കയറ്റണ്ട; തടയിടാൻ വിപണിയിൽ സർക്കാരിന്റെ തന്ത്രപരമായ തീരുമാനം; നടപടികൾ അവസാനഘട്ടത്തിൽ; മന്ത്രിയുടെ വാക്കുകൾ സത്യമാകുമ്പോൾ

Update: 2025-08-11 08:01 GMT

തിരുവനന്തപുരം: ഓണക്കാലം ലക്ഷ്യമിട്ട് കൊപ്ര പൂഴ്ത്തിവെച്ച് വെളിച്ചെണ്ണയ്ക്ക് കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കാനുള്ള വ്യാപാര ലോബികളുടെ സംഘടിത നീക്കത്തിന് കടുത്ത തിരിച്ചടി. പ്രമുഖ കമ്പനികൾ കർഷകരിൽ നിന്ന് നേരിട്ട് കൊപ്ര സംഭരിക്കാൻ ആരംഭിച്ചതും, സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള സർക്കാരിന്റെ തന്ത്രപരമായ തീരുമാനവുമാണ് വിപണിയിൽ വില നിയന്ത്രിക്കാൻ സഹായകമായത്. ഈ ഇടപെടലുകൾ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമായി മാറിയിരിക്കുന്നു.

ഒരു ഘട്ടത്തിൽ മൊത്തവിപണിയിൽ 500 രൂപയും കടന്ന് കുതിച്ച വെളിച്ചെണ്ണ വില, 395-425 രൂപ നിലവാരത്തിലേക്ക് താഴ്ന്നത് വിപണിക്ക് തന്നെ ആശ്വാസമായിരിക്കുകയാണ്. ഇതോടെ ഓണത്തോടനുബന്ധിച്ച് വില ലിറ്ററിന് 350 രൂപ വരെയായി കുറയുമെന്നാണ് വിലയിരുത്തൽ. പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള കൊപ്ര വരവിനെ ആശ്രയിച്ചാണ് കേരളത്തിലെ വിപണി നീങ്ങിയിരുന്നത്. ഇത് മുൻകൂട്ടിക്കണ്ട് വൻതോതിൽ കൊപ്ര വാങ്ങി സംഭരിച്ച മൊത്തവ്യാപാരികളുടെ കണക്കുകൂട്ടലുകളാണ് ഇതോടെ ആകെ പാളിപ്പോയത്.

കൊള്ളലാഭ സാധ്യത തിരിച്ചറിഞ്ഞ ഉത്പാദക കമ്പനികൾ, ഇടനിലക്കാരെ ഒഴിവാക്കി തമിഴ്‌നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് തേങ്ങയും കൊപ്രയും വാങ്ങുന്ന തന്ത്രം ആവിഷ്കരിച്ചു. ഇതിനുപുറമെ, മികച്ച വിളവ് ലഭിച്ച കർണാടകയിൽ നിന്നും തേങ്ങയുടെ ഒഴുക്ക് വർധിച്ചതോടെ, പൂഴ്ത്തിവെച്ച കൊപ്ര വിറ്റഴിക്കാൻ മൊത്തവ്യാപാരികൾ നിർബന്ധിതരായി. കിലോഗ്രാമിന് 280 രൂപ വരെയുണ്ടായിരുന്ന കൊപ്ര വില 215-220 രൂപയായി ഇടിയുകയായിരുന്നു.

വിപണിയിലെ ഈ പ്രവണതയ്ക്ക് തടയിടാൻ തന്നെ സർക്കാർ സംവിധാനങ്ങളും വളരെ സജ്ജമാണ്. ഓണം വിപണിയുടെ ഭാഗമായി സപ്ലൈകോ വഴി 40 ലക്ഷം ലിറ്റർ വെളിച്ചെണ്ണ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ലിറ്ററിന് 349 രൂപയായിരിക്കും ഇത് ഉപഭോക്താക്കൾക്ക് ലഭ്യമാവുക. ഇതിനായുള്ള വിതരണ നടപടികൾ ഇപ്പോൾ അന്തിമഘട്ടത്തിലാണ്.

ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന്റെ വാക്കുകളിൽ, "സർക്കാരിന്റെ വിപണി ഇടപെടലുകൾ ഫലപ്രദമാകുന്നതിന്റെ വ്യക്തമായ സൂചനയാണിത്. പൊതുവിപണിയിൽ വില കുറയുന്നതിന് ആനുപാതികമായി സപ്ലൈകോ വിതരണം ചെയ്യുന്ന സബ്സിഡി ഉത്പന്നങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന്" അദ്ദേഹം നേരെത്തെ വ്യക്തമാക്കിയിരിന്നു.

Tags:    

Similar News