നിസാൽ എത്തിയത് ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ; ആദ്യം നമ്മൾ പറഞ്ഞുവിട്ടതാണ്; വീട്ടിൽ പോയശേഷം കൂട്ടുകാരുമൊത്ത് വീണ്ടുമെത്തി; തെങ്ങ് വീണപ്പോൾ എസ്എംഎ രോഗ ബാധിതനായതിനാൽ അവന് മാത്രം പെട്ടെന്ന് ഓടിമാറാനായില്ല; ഞെഞ്ചുലഞ്ഞ് ദൃക്സാക്ഷി; മുട്ടത്ത് കണ്ണീരോർമ്മയായി പത്തുവയസുകാരൻ!
കണ്ണൂർ: ഇന്നലെയാണ് നിസാൽ എന്ന പത്തുവയസുകാരൻ തെങ്ങ് മറിഞ്ഞുവീണ് മരിച്ചത്. നിസാലിന്‍റെ മരണത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും മുട്ടത്തിലെ നാട്ടുകാർ. ഇന്നലെ രാവിലെ പത്തുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. വീടിന് സമീപത്ത് തെങ്ങ് പിഴുതുമാറ്റുന്നുണ്ടായിരുന്നു.
ഇത് കാണാനായാണ് പത്തു വയസുകാരൻ അവിടെ പോയി നിന്നത്. വീട് നിര്‍മിക്കുന്നതിനായി പറമ്പിലെ തെങ്ങുകള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റുന്നതിനിടയിൽ ഒരു തെങ്ങ് ദിശ തെറ്റി കുട്ടി നിൽക്കുന്ന സ്ഥലത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങി. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിസാൽ. ഇപ്പോഴിതാ സംഭവത്തിന്റെ ഞെട്ടൽ പറഞ്ഞിരിക്കുകയാണ് ഒരു ദൃക്സാക്ഷി.
അദ്ദേഹത്തിന്റെ വാക്കുകൾ, കുട്ടികള്‍ പറമ്പിനോട് ചേര്‍ന്നുള്ള വഴിയിലാണ് നിന്നിരുന്നത്. ഇതിന് എതിര്‍വശത്തേക്കാണ് തെങ്ങ് മറിച്ചിട്ടിരുന്നതെന്നും പക്ഷെ ഒരു തെങ്ങ് മാത്രം കുട്ടികള്‍ നിന്ന ഭാഗത്തേക്ക് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷി പറയുന്നു.
അങ്ങോട്ടേയ്ക്കാണ് ഉന്തിയതെങ്കിലും ജെസിബിയുടെ കൈ സ്ലിപ്പായി പെട്ടെന്ന് പിന്നിലേക്ക് തെങ്ങ് വീഴുകയായിരുന്നു. ജെസിബി ഉപയോഗിച്ച് തെങ്ങ് മറിച്ചിടുന്നത് കാണാൻ കുട്ടികള്‍ ആദ്യം വന്നു നിന്നപ്പോള്‍ എല്ലാവരെയും താൻ സ്ഥലത്ത് നിന്ന് മാറ്റിയിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വസ്ത്രം മാറാൻ വീട്ടിൽ പോയ സമയത്ത് കുട്ടികള്‍ വീണ്ടും അവിടെ എത്തുകയായിരുന്നു.
അപ്പോള്‍ ജെസിബി ഓപ്പറേറ്റര്‍ അല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല. തെങ്ങ് വീഴുന്നത് കണ്ട് മറ്റു കുട്ടികള്‍ ഓടിമാറിയെങ്കിലും നിസാലിന് പെട്ടെന്ന് മാറാനായില്ലെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
അതേസമയം, മൻസൂര്‍-സമീറ ദമ്പതികളുടെ മറ്റു രണ്ടു കുട്ടികളും എസ്എംഎ രോഗ ബാധിതരാണെന്നും നിസാൽ ഉള്‍പ്പെടെയുള്ള ഇവരുടെ ചികിത്സക്കായി ചികിത്സ കമ്മിറ്റി ഉള്‍പ്പെടെ രൂപീകരിച്ചിരുന്നുവെന്നും നാട്ടുകാരൻ പറഞ്ഞു.