പനി ബാധിച്ച് മരണം; ഇതര സംസ്ഥാനക്കാരന്റെ മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ കടത്തിക്കൊണ്ടു പോയി; തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ടുപോയതെന്ന് ബന്ധു; കോട്ടയം നാട്ടകത്തെ അഭയ ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ക്ക് എതിരെ പരാതി

ഇതര സംസ്ഥാനക്കാരന്റെ മൃതദേഹം ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ കടത്തിക്കൊണ്ടു പോയി

Update: 2024-09-19 14:43 GMT

കോട്ടയം: പനി ബാധിച്ച് മരണപ്പെട്ട ഇതര സംസ്ഥാനക്കാരന്റെ മൃതദേഹം മരണാനന്തര ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്ന സ്വകാര്യ സ്ഥാപനം അനധികൃതമായി കടത്തിക്കൊണ്ടു പോയതായി പരാതി. മധ്യപ്രദേശ് സ്വദേശിയായ അമന്‍ കുമാര്‍ മറവി(18)യുടെ മൃതദേഹമാണ് നാട്ടകത്തെ അഭയ ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ കടത്തിക്കൊണ്ടു പോയതായി പരാതി ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ 8 നാണ് പനി ബാധിക്കുകയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകള്‍ കുറയുകയും പിന്നീട് ഹൃദയ സംബന്ധമായ അസുഖവും മൂലം കോട്ടയം മെഡിക്കല്‍ കോളേജില്‍ വച്ച് അമന്‍ കുമാര്‍ മറവി മരിക്കുന്നത്. മൃതദേഹം മധ്യപ്രദേശിലേക്ക് കൊണ്ടു പോകാനായി ബന്ധു പഞ്ചം സിംങ് ശ്രമം നടത്തിയപ്പോള്‍ വലിയ ചിലവാകുമെന്നതിനാല്‍ അത് ഉപേക്ഷിച്ചു. കോട്ടയത്തെ സന്നദ്ധ സംഘടനയായ നവജീവന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോള്‍ കോട്ടയത്തെ ശവസംസ്‌ക്കാരം നടത്താനുള്ള സഹായം ചെയ്തു നല്‍കാമെന്ന് അവര്‍ അറിയിച്ചു.




നവജീവന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ പോലീസില്‍ നിന്നും സംസ്‌ക്കാരം നടത്താനുള്ള അനുമതി വാങ്ങുകയും നഗരസഭയില്‍ പഞ്ചംസിങ്ങിന്റെ പേരില്‍ സംസ്‌ക്കാരത്തിനായുള്ള 4,000 രൂപ അടയ്ക്കുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി സംഘടനാ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ അഭയ ഫ്യൂണറല്‍ സര്‍വ്വീസുകാര്‍ മൃതദേഹം അവിടെ നിന്നും കൊണ്ടു പോയി. മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് എന്ന് പറഞ്ഞാണ് മൃതദേഹം അവിടെ നിന്നും കൊണ്ടു പോയതെന്ന് ബന്ധു പഞ്ചം സിങ് പറഞ്ഞു.

ഇതോടെ സംഘടനയുടെ പ്രവര്‍ത്തകര്‍ മൃതദേഹം ശ്മശാനത്തിലേക്ക് സംസ്‌ക്കരിക്കാന്‍ കൊണ്ടു പോകാമെന്ന് അറിയച്ചപ്പോള്‍ പഞ്ചം സിങ് അഭയ ഫ്യൂണറല്‍ സര്‍വ്വീസുകാരെ ബന്ധപ്പെട്ടപ്പോള്‍ പണം തന്നെങ്കില്‍ മാത്രമേ മൃതദേഹം വിട്ടു നല്‍കൂ എന്ന് അറിയിച്ചു. കൂടാതെ ഇവര്‍ ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഇതോടെ മരണമടഞ്ഞ അമന്‍കുമാറിന്റെ ബന്ധു പഞ്ചം സിങ് പേടിച്ച് മധ്യപ്രദേശിലേക്ക് മടങ്ങി. അവര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ കഴിയാതിരുന്നതോടെയാണ് ഇയാള്‍ മടങ്ങിയത്. രണ്ടാഴ്ചയിലധികമായി മൃതദേഹം അഭയ ഫ്യൂണറല്‍ സര്‍വ്വീസിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തന്നെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടു പോയതെന്നാണ് പഞ്ചം സിങ് പറയുന്നത്. അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കാന്‍ കഴിയില്ല. അതിനാലാണ് നാട്ടിലേക്ക് മടങ്ങിയതെന്നും പഞ്ചം സിങ് വ്യക്തമാക്കി.




ഇതിനിടയില്‍ മൃതദേഹം കാണാനില്ല എന്ന പരാതി ഗാന്ധിനഗര്‍ പോലീസിന് ലഭിച്ചു. പോലീസ് അഭയയുടെ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ മരിച്ച അമന്‍ കുമാറിന്റെ ആളുകളാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ബന്ധപ്പെട്ടതെന്നും അതിനാലാണ് മെഡിക്കല്‍ കോളേജില്‍ നിന്നും ബന്ധുവിന്റെ സാന്നിധ്യത്തില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതെന്നുമാണ് പറഞ്ഞത്. മൃതദേഹം ഇത്രയും ദിവസം സൂക്ഷിച്ചതിന്റെ തുക നല്‍കിയാല്‍ വിട്ടു നല്‍കാമെന്നും അറിയിച്ചു. ഒരു ദിവസത്തേക്ക് 1500 രൂപയാണ് വാടക. നിലവില്‍ പോലീസ് അമന്‍കുമാര്‍ ജോലിക്ക് നിന്ന സ്ഥലത്തെ ഉടമയെ വിളിച്ചു വരുത്തി ഇത് സംബന്ധിച്ച ചര്‍ച്ച നടത്തുകയാണ്.




അതേ സമയം കോട്ടയം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ചില ഏജന്റുമാര്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം സ്വന്തം സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാനായി വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കാറുണ്ട്. മിക്കപ്പോഴും മൃതദേഹം സ്വകാര്യ മോര്‍ച്ചറികളിലേക്കാണ് കൊണ്ടു പോകുന്നത്. ഇതു വഴി വലിയ കമ്മീഷനും ലഭിക്കും. ഇത്തരത്തിലുള്ള ഏജന്റുമാരുടെ ചതിയാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം സ്വകാര്യ മോര്‍ച്ചറിയിലേക്ക് കൊണ്ടു പോകാനിടയായത് എന്നും ആരോപണമുണ്ട്.

Tags:    

Similar News