ലൈംഗിക ബന്ധത്തിന് വഴങ്ങാതെ വന്നതോടെ വ്യാജ പ്രചാരണം; പാര്‍ട്ടി പരിപാടിക്ക് എത്തുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരവും ചേഷ്ടയും; എം വി ഗോവിന്ദന് അടക്കം പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ല; സിപിഎം വീയപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിന് എതിരെ പൊലീസിനെ സമീപിക്കാന്‍ വനിതാ അംഗം
സിപിഎം വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗത്തിന്റെ പരാതി
ആലപ്പുഴ: സിപിഎം വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗത്തിന്റെ പരാതി. പാര്‍ട്ടി പരിപാടികള്‍ക്ക് എത്തുമ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നുവെന്നാണ് പരാതി. ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു
തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നും യുവതി പരാതിയില്‍ പറയുന്നു.സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.
സൈമണ്‍ എബ്രഹാമിനെ പാര്‍ട്ടി സംരക്ഷിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയുമായിട്ടുള്ള വനിതാ പാര്‍ട്ടി അംഗം, സൈമണ്‍ എബ്രഹാമിനെതിരെ പരാതി നല്‍കുന്നത്. ലൈംഗിക ചൂഷണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. പാര്‍ട്ടി പരിപാടിക്കെത്തുമ്പോള്‍ ഇയാള്‍ മോശമായി പെരുമാറിയെന്നും ലൈംഗിക ചേഷ്ട കാണിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഇതിന് മറ്റൊരു ലോക്കല്‍ സെക്രട്ടറിയായ വനിത അംഗം സാക്ഷിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തനിക്കെതിരെ സൈമണ്‍ എബ്രഹാം വ്യാജ പ്രചാരണം നടത്തുന്നതായും പരാതിയില്‍ പറയുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്നും ഭര്‍തൃമാതാവിനെ തല്ലിയെന്നുമുള്ള രീതിയില്‍, ലോക്കല്‍ കമ്മറ്റി സെക്രട്ടറി വ്യാജ പ്രചാരണം നടത്തുന്നുവെന്ന് പരാതിക്കാരി ആരോപിച്ചു. ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് വ്യാജ പ്രചാരണം നടത്തുന്നതെന്ന് പരാതിക്കാരി പറയുന്നു.
സംഭവത്തില്‍ സംസ്ഥാന സെക്രട്ടി എംവി ഗോവിന്ദന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാതയോടും ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനോടും അന്വേഷിക്കാന്‍ എം വി ഗോവിന്ദന്‍ നിര്‍ദേശം നല്‍കി. അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും പുറത്തുവിട്ടിട്ടില്ല. പരാതിയില്‍ നടപടിയും ഉണ്ടായിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് നീതി കിട്ടാതെ വന്നതോടെ പൊലീസിനെ സമീപിക്കാനാണ് പരാതിക്കാരിയുടെ തീരുമാനം.