കോഴിക്കോട് നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മരിച്ച സംഭവം; ചികിത്സിച്ചത് വ്യാജ ഡോക്ടറെന്ന് രോഗിയുടെ കുടുംബം; കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ പരാതി; ഡോക്ടര്‍ കസ്റ്റഡിയില്‍

നെഞ്ചുവേദനയ്ക്ക് ചികിത്സിച്ചത് വ്യാജ ഡോക്ടറെന്ന് പരാതി

Update: 2024-09-30 16:47 GMT

കോഴിക്കോട്: നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ രോഗി മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ചികിത്സിച്ച ഡോക്ടര്‍ക്കുമെതിരെ രോഗിയുടെ കുടുംബം രംഗത്ത്. വ്യാജ ഡോക്ടറാണ് ചികിത്സിച്ചതെന്നും അതാണ് മരണത്തിലേക്ക് നയിച്ചതെന്നും കാണിച്ച് കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിക്കും ആര്‍.എം.ഒ. അബു എബ്രഹാം ലൂക്കിനുമെതിരേ രോഗിയുടെ ബന്ധുക്കള്‍ ഫറോക്ക് പോലീസില്‍ പരാതി നല്‍കി. കടലുണ്ടി പച്ചാട്ട് സ്വദേശി വിനോദ് കുമാറാണ് മരിച്ചത്.

എം.ബി.ബി.എസിന് പരാജയപ്പെട്ട അബു അബ്രഹാം ലൂക്ക് ആണ് തന്റെ പിതാവിനെ ചികില്‍സിച്ചത്. മരണത്തിനു ശേഷം താനും ഭാര്യയും നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ ആണെന്ന് തിരിച്ചറിഞ്ഞതെന്ന് വിനോദ് കുമാറിന്റെ മകന്‍ പറഞ്ഞു.മറ്റ് പലയിടങ്ങളലിളും പ്രവര്‍ത്തിച്ചതിന് ശേഷമാണ് അബു അബ്രഹാം ഇവിടെ എത്തിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെ 4.30-ഓടെയാണ് കടുത്ത നെഞ്ചുവേദനയും ചുമയും മൂലം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നല്‍കാതെ രക്തപരിശോധനയ്ക്കും ഇ.സി.ജിയ്ക്കും നിര്‍ദ്ദേശിച്ചു. അരമണിക്കൂറിനുള്ളില്‍ രോഗി മരിച്ചുവെന്നാണ് പരാതി. ഡോക്ടറുടെ രീതികളില്‍ സംശയം തോന്നിയ വിനോദിന്റെ മകന്‍ അശ്വിനും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് ആര്‍.എം.ഒ. എം.ബി.ബി.എസ്. ബിരുദധാരിയല്ലെന്ന് മനസ്സിലായത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഈ ആശുപത്രിയില്‍ ആര്‍.എം.ഒ. ആണ് അബു എബ്രഹാം ലൂക്ക്. ഇതിനുപിന്നാലെയാണ് അബുവിനെതിരെയും ആശുപത്രിക്കെതിരെയും കുടുംബം പരാതിപ്പെട്ടത്. പങ്കാളി പി. സുരജ, മകന്‍ ആദിത്ത് പി. വിനോദ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയെത്തുടര്‍ന്ന് ആര്‍.എം.ഒ. സ്ഥാനത്തുനിന്ന് ഇയാളെ മാറ്റി. പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാജഡോക്ടറെ ഫറോക്ക് പൊലീസ് തിരുവല്ലയില്‍ നിന്ന് കസ്റ്റഡിയിലെടുത്തു

Tags:    

Similar News