അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്ന് ആശ ലോറന്‍സ്; സംസ്‌കാര ചടങ്ങുകള്‍ കുടുംബം പറഞ്ഞത് പ്രകാരം; തര്‍ക്കം ദുഃഖമുണ്ടാക്കി; മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടി ചെയ്യാറുള്ളത്; ലോറന്‍സിന്റെ മരണം വിവാദമാക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
ലോറന്‍സിന്റെ മരണം വിവാദമാക്കാനില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനാകില്ലെന്ന തീരുമാനത്തിലുറച്ച് മകള്‍ ആശ ലോറന്‍സ്. അപ്പന്‍ പോകേണ്ടത് അമ്മയുടെ കൂടെയെന്നായിരുന്നു ആശയുടെ പ്രതികരണം. പൊതുദര്‍ശനം നടന്ന ടൗണ്‍ ഹാളില്‍ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ആശയും മകനും പാര്‍ട്ടി പ്രവര്‍ത്തകരുമായാണ് വാക്കേറ്റമുണ്ടായത്. 'അലവലാതി സഖാക്കള്‍ അമ്മയെ തള്ളിയിട്ടെ'ന്നായിരുന്നു ആശയുടെ മകന്റെ പ്രതികരണം. ബലപ്രയോഗത്തിലൂടെയാണ് ആശയേയും മകനെയും മാറ്റിയത്. പൊതുദര്‍ശന ഹാളില്‍ നിന്ന് മാറാന്‍ ആശയും മകനും തയ്യാറായിരുന്നില്ല.
അതേ സമയം സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ സംസ്‌കാര ചടങ്ങിലെ തര്‍ക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനന്‍ പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്‌നം ഉണ്ടായതെന്ന് അറിയില്ല. കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു. ലോറന്‍സിന്റെ മരണം വിവാദമാക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ല. ഉന്തും തള്ളും ഉണ്ടായിട്ടില്ല. കുടുംബങ്ങള്‍ തമ്മിലാണ് സംസാരം ഉണ്ടായത്. മുദ്രാവാക്യം വിളിക്കുന്നത് പാര്‍ട്ടി ചെയ്യാറുള്ളതാണെന്നും സിഎന്‍ മോഹനന്‍ പറഞ്ഞു.
ലോറന്‍സിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ടൗണ്‍ഹാളില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ലോറന്‍സിന്റ മകള്‍ ആശ മൃതദേഹത്തിന്റെ അരികില്‍ നിന്നതോടെ മൃതദേഹം പുറത്തേക്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ സമയം വനിതാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. മകളും വനിതാ പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ, മകളുടെ മകനും രംഗത്തെത്തിയതോടെ വളണ്ടിയര്‍മാരുമായി ഉന്തും തള്ളുമുണ്ടായി. മൃതദേഹം പുറത്തേക്കെടുക്കാന്‍ ഇരുവരും തടസ്സം നിന്നു. തുടര്‍ന്ന് മകളേയും മകനേയും ബലം പ്രയോഗിച്ച് മാറ്റിയതോടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. ബന്ധുക്കളെത്തിയാണ് ഇരുവരേയും മാറ്റിയത്.
എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകള്‍ ആശ നല്‍കിയ ഹര്‍ജിയില്‍ വിധി വരുന്നത് വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഹര്‍ജിയില്‍ അന്തിമ തീരുമാനം വരും വരെ ലോറന്‍സിന്റെ മൃതദേഹം പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് പഠന ആവശ്യങ്ങള്‍ക്ക് കൈമാറരുതെന്നും മൃതദേഹം ആശുപത്രിക്ക് കൈമാറാന്‍ ലോറന്‍സ് പറഞ്ഞിരുന്നില്ലെന്നുമാണ് മകള്‍ ആശയുടെ ഹര്‍ജിയില്‍ പറയുന്നത്. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉള്ളതായി തനിക്കറിയില്ല. അമ്മ ഉണ്ടായിരുന്നെങ്കില്‍ ഇത് സമ്മതിക്കില്ലായിരുന്നു. അച്ഛനെ പള്ളിയില്‍ അടക്കണമെന്നും ആശ ആവശ്യപ്പെട്ടു. എന്നാല്‍, മൃതദേഹം മെഡിക്കല്‍ കോളേജിനെതിരെ കൈമാറണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നുവെന്ന് എംഎം ലോറന്‍സിന്റെ മകന്‍ എംഎല്‍ സജീവന്‍ പ്രതികരിച്ചത്.
മൃതദേഹം പള്ളിയില്‍ സംസ്‌കരിക്കാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്നും ആശ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറന്‍സിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം ആവശ്യമാണെന്നും ആശ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജില്‍ വൈദ്യപഠനത്തിന് നല്‍കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കോടതി ഇടപെട്ട് ഇത് തടയണമെന്നും ആശാ ലോറന്‍സ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഹര്‍ജിക്ക് പിന്നില്‍ രാഷ്ട്രീയമാണെന്ന് സഹോദരന്‍ സജീവന്‍ ആരോപിച്ചു. ഹര്‍ജി കൊടുപ്പിച്ചത് ബിജെപിക്കാരാണ്. മൃതദേഹം കൈമാറുന്നതിനുള്ള സമ്മതപത്രം കൊടുത്തു കഴിഞ്ഞു. പിതാവ് എക്കാലവും കമ്മ്യൂണിസ്റ്റുകാരനെന്നും സജീവന്‍ പറഞ്ഞു. പിതാവിന്റെ മൃതദേഹം വിട്ടുനല്‍കുന്നതിനുള്ള സമ്മതപത്രം താനും മറ്റൊരു സഹോദരിയും ചേര്‍ന്ന് നല്‍കിയിട്ടുണ്ട്. മൃതദേഹം വിട്ടു നല്‍കുന്നതിന് പിതാവും താത്പര്യം പ്രകടിപ്പിരുന്നു. ഇക്കാര്യം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.
ആശ ഇതുമാത്രമല്ല ചെയ്തിരിക്കുന്നത്. ഇതിന് മുന്‍കാല ചരിത്രമുണ്ട്. മുന്‍പ് പിതാവിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെതിരെ ആശ രംഗത്തുവന്നതാണ്. അതിന് പിന്നില്‍ ചില ആളുകളുണ്ടായിരുന്നുവെന്നും സജീവന്‍ വ്യക്തമാക്കി.
ശനിയാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചക്ക് 12 മണിയോടെ ആയിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കുറച്ചു നാളുകളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.