ജോലിയില്‍ കയറിയപാടേ പരിശീലനത്തിനിടെ മുങ്ങി വീട്ടിലേക്ക് പോയി; 12 വര്‍ഷത്തിനിടെ ഒരുദിവസം പോലും ഡ്യൂട്ടിക്ക് ഹാജരായില്ല; ശമ്പളമായി കൈപ്പറ്റിയത് 28 ലക്ഷം രൂപ; പുതിയ കോണ്‍സ്റ്റബിള്‍ ജോലിക്ക് ഹാജരായോ ഇല്ലയോ എന്ന് അന്വേഷിക്കാതെ മേലധികാരികളും; അവിശ്വസനീയ സംഭവം ഇങ്ങനെ
ജോലിക്ക് ഹാജരാകാതെ 28 ലക്ഷം ശമ്പളം വാങ്ങി പൊലീസുകാരന്‍
ഭോപ്പാല്‍: അവിശ്വസനീയമെന്ന് തോന്നാം. പക്ഷേ സംഭവം നടന്നതാണ്. മധ്യപ്രദേശ് പൊലീസില്‍ നിയമിതനായ കോണ്‍സ്റ്റബിള്‍, പരിശീലനത്തിനിടെ, മുങ്ങി വീട്ടില്‍ പോയി. പിന്നീട് ഒരിക്കലും ഡ്യൂട്ടിക്ക് ഹാജരായില്ല. 12 വര്‍ഷത്തിനിടെ ഒരുപണിയും ചെയ്യാതെ 28 ലക്ഷം രൂപ അക്കൗണ്ടില്‍ കൈപ്പറ്റി. ഇതാണ് കഥയുടെ രത്‌നച്ചുരുക്കം. എന്നാല്‍, ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതാണ് കൂടുതല്‍ കൗതുകകരം.
2011 ലാണ് മധ്യപ്രദേശ് പൊലീസില്‍, കഥാനായകനായ കോണ്‍സ്റ്റബിള്‍ നിയമിതനായത്. ഭോപ്പാല്‍ പൊലീസ് ലൈന്‍സിലായിരുന്നു ആദ്യ പോസ്റ്റിങ്. ജോലിയില്‍ ചേര്‍ന്നയുടന്‍, സാഗര്‍ പൊലീസ് പരിശീലന കേന്ദ്രത്തില്‍ അടിസ്ഥാന പരിശീലനത്തിനായി പോയി. പക്ഷേ, അവിടെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം, കോണ്‍സ്റ്റബിള്‍ ആരോടും മിണ്ടാതെ ജന്മനാടായ വിദിഷയിലേക്ക് മടങ്ങിയെന്ന് എസിപി അങ്കിത ഖതേര്‍ക്കര്‍ പറഞ്ഞു.
മേലുദ്യോഗസ്ഥരെ അറിയിക്കുകയോ, അവധി അപേക്ഷ നല്‍കുകയോ ചെയ്യാതെ, തന്റെ സര്‍വീസ് റെക്കോഡ് ഭോപ്പാല്‍ പൊലീസ് ലൈന്‍സിലേക്ക് സ്പീഡ് പോസ്റ്റില്‍ അയച്ചു. ഈ രേഖകള്‍ കിട്ടിയ പാടെ, സ്വീകരിക്കപ്പെട്ടു. ഇങ്ങനെയൊരാള്‍ ജോലി ചെയ്യുന്നുണ്ടോ എന്നോ പരിശീലനം പൂര്‍ത്തിയാക്കിയോ എന്നോ ഭോപ്പാല്‍ ലൈന്‍സിലെയോ, പരിശീലന കേന്ദ്രത്തിലെയോ ആരും ശ്രദ്ധിച്ചില്ല.
മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. പക്ഷേ കോണ്‍സ്റ്റബിള്‍ ഒരുദിവസം പോലും ജോലിക്ക് ഹാജരായില്ല. എന്നാല്‍, ഇയാളുടെ പേര് പട്ടികയില്‍ സജീവമായി തന്നെ തുടരുകയും, മാസം തോറും ശമ്പളം മുടങ്ങാതെ അക്കൗണ്ടില്‍ എത്തുകയും ചെയ്തു. ഒരു പൊലീസ് സ്റ്റേഷനിലോ, പരിശീലന കേന്ദ്രത്തിലോ പോകാതെ 28 ലക്ഷം രൂപ കോണ്‍സ്റ്റബിള്‍ കൈക്കലാക്കി.
കാര്യങ്ങള്‍ മാറി മറിഞ്ഞത് രണ്ടുവര്‍ഷം മുമ്പ്
2011 ലെ ബാച്ചിന്റെ പേ ഗ്രേഡ് വിശകലനം 2023 ല്‍ നടത്തിയപ്പോള്‍ മാത്രമാണ് ക്രമക്കേട് ശ്രദ്ധയില്‍ പെട്ടത്.്് ഈ കോണ്‍സ്റ്റബിള്‍ ആരെന്ന് ആര്‍ക്കും അറിയാമായിരുന്നില്ല. പേരോ, മുഖമോ ആരും തിരിച്ചറിഞ്ഞില്ല. ആഭ്യന്തര പരിശോധനയില്‍ കോണ്‍സ്്റ്റബിളിന്റെ പൂര്‍വകാല റെക്കോഡുകളും സര്‍വീസ് രേഖകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടുകിട്ടിയില്ല. 12 വര്‍ഷം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആളെ ഒരു കേസിന്റെ ചുമതല പോലും ഏല്‍പ്പിക്കാതിരിക്കുകയും, ഒരു ഔദ്യോഗിക ജോലിയും കൊടുക്കാതിരിക്കുകയും ചെയ്തത് അവിശ്വസനീയമായി.
മാനസിക പ്രശ്‌നമെന്ന് ന്യായീകരണം
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തനിക്ക് മാനസിക രോഗ പ്രശ്‌നങ്ങള്‍ ഉണ്ടെന്നായിരുന്നു മറുപടി. അതിനെ സാധൂകരിക്കുന്ന ചില രേഖകളും സമര്‍പ്പിച്ചു. എസിപി ഖട്ടേല്‍ഖറാണ് കേസ് അന്വേഷിക്കുന്നത്. ' മറ്റുള്ളവര്‍ പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയപ്പോള്‍ ഈ കോണ്‍സ്റ്റബിള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തില്ല. ഇയാള്‍ ഒറ്റയ്ക്ക് പോയത് കൊണ്ട് തിരിച്ചെത്തിയെന്ന രേഖയും സൂക്ഷിച്ചിരുന്നില്ല'- എസിപി പറഞ്ഞു.
'പരിശീലനം പൂര്‍ത്തിയാക്കിയില്ലെങ്കിലും ഡ്യൂട്ടിയില്‍ ചേര്‍ന്നില്ലെങ്കിലും ഇയാളുടെ പേര് പൊലീസ് രേഖകളില്‍ പുതുതായി നിയമിതനായ കോണ്‍സ്റ്റബിളിന്റേതായി തുടര്‍ന്നു. ശമ്പളവും കൃത്യമായി നല്‍കി. 12 വര്‍ഷത്തിന് ശേഷം ശമ്പള ഗ്രേഡ് അവലോകനം നടന്നപ്പോളാണ് കാര്യം പുറത്തറിഞ്ഞത്'- എസിപി പറഞ്ഞു.
പുതുക്കിയ പൊലീസ് ചട്ടങ്ങളെ കുറിച്ച് അറിവില്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഹാജരാകാന്‍ കഴിഞ്ഞില്ലെന്നുമാണ് കോണ്‍സ്റ്റബിളിന്റെ ന്യായീകരണം. ഇതുവരെ കോണ്‍സ്റ്റബിള്‍ ഒന്നര ലക്ഷം രൂപ പൊലീസ് വകുപ്പിലേക്ക് തിരിച്ചടച്ചു. ഇനിയുള്ള ശമ്പളത്തില്‍ നിന്ന് ബാക്കി തുക പിടിക്കാമെന്നും ഇയാള്‍ സമ്മതിച്ചു. നിലവില്‍ ഭോപ്പാല്‍ പൊലിസ് ലൈന്‍സിലാണ് ഇയാളെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ നിരീക്ഷിച്ചുവരുന്നതായും എസിപി അങ്കിത ഖതേര്‍ക്കര്‍ പറഞ്ഞു.