ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് 52കാരനെ തല്ലിക്കൊന്നത് അയൽവാസികളടക്കമുള്ള ആൾക്കൂട്ടം; മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിൽ ബിജെപി നേതാവിന്റെ മകനും ബന്ധുവും ഉൾപ്പെടെ 18 പ്രതികൾ; കേസ് പിൻവലിക്കണമെന്ന യോഗി സർക്കാരിന്റെ ആവശ്യം തള്ളി; വിചാരണ വേഗത്തിലാക്കാൻ കോടതി

Update: 2025-12-23 14:13 GMT

നോയിഡ: ഉത്തർപ്രദേശിലെ ദാദ്രിയിൽ നടന്ന മുഹമ്മദ് അഖ്‌ലാഖ് (52) വധക്കേസിലെ പ്രതികൾക്കെതിരെയുള്ള എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ അപേക്ഷ നോയിഡ കോടതി തള്ളി. കേസ് പിൻവലിക്കുന്നതിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ കോടതി, വിചാരണ വേഗത്തിലാക്കാനും ഉത്തരവിട്ടു. സൗഹാർദ്ദം വീണ്ടെടുക്കാൻ കേസ് പിൻവലിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചില്ല.

കേസ് ഇനി മുതൽ ദിവസവും കേൾക്കാൻ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജി സൗരവ് ദ്വിവേദി നിർദ്ദേശിച്ചു. അടുത്ത ഹിയറിംഗ് ജനുവരി 6-ന് നടക്കും. സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ പ്രോസിക്യൂഷനോട് നിർദ്ദേശിച്ച കോടതി, ആവശ്യമെങ്കിൽ അവർക്ക് സുരക്ഷ നൽകാനും ഉത്തരവിട്ടു. 2015ലാണ് കേസിന് ആസ്പദമായ സംഭവം.

ഡൽഹിയിൽ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റർ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതിനെ തുടർന്നാണ് അയൽക്കാരടങ്ങുന്ന ആൾക്കൂട്ടം അഖ്‌ലാഖിനെ തല്ലിക്കൊന്നത്. കുറ്റപത്രത്തിൽ പേരുള്ള എല്ലാവർക്കുമെതിരായ കുറ്റങ്ങൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രാദേശിക കോടതിയോട് അനുമതി തേടിയതോടെയാണ് കേസ് വീണ്ടും ചർച്ചയായി.

അഖ്‌ലാഖിനെ കൊന്നത് തങ്ങളോടൊപ്പം ഒരുമിച്ച് വളർന്ന ആളുകളായിരുന്നുവെന്ന് സഹോദരൻ ജാൻ പറയുന്നു. അഖ്‌ലാഖിന്‍റെ ഭാര്യയെയും മകനെയും അവർ മുറ്റത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. മാതാവിനെ ടോയ്‌ലറ്റിൽ പൂട്ടിയിട്ടു. താൻ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു എന്ന് ജാൻ വിങ്ങലോടെ ഓർക്കുന്നു. കൊലപാതകം ഗ്രാമത്തിന്റെ അന്തരീക്ഷം ഒറ്റരാത്രികൊണ്ട് മാറ്റിമറിച്ചെന്നും കൂട്ടക്കൊല ചെയ്യുമെന്ന് വരെ ഭീഷണി നേരിടേണ്ടി വന്നതായും അദ്ദേഹം പറയുന്നു.

പ്രാദേശിക ബിജെപി നേതാവിന്റെ മകനും ബന്ധുക്കളും ഉൾപ്പെടെ 18 പേരെയാണ് ഈ കേസിൽ പ്രതി ചേർത്തിരുന്നത്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായിരുന്നു. നിലവിൽ പ്രതികളിൽ മിക്കവരും ജാമ്യത്തിലാണ്. നീതിക്കായി പത്ത് വർഷമായി പോരാടുന്ന അഖ്‌ലാഖിന്റെ കുടുംബത്തിന് വലിയ ആശ്വാസം നൽകുന്നതാണ് കോടതിയുടെ ഈ പുതിയ ഉത്തരവ്. പ്രതികളെ രക്ഷിക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ രാജ്യവ്യാപകമായി മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

Tags:    

Similar News