ക്രൂരമായി കൊല്ലപ്പെട്ട യുവതിയെന്ന നിലയില്‍ ഫോട്ടോ ക്രൈംഫയലില്‍; 'ഒപ്പം' സിനിമയില്‍ ഫോട്ടോ ദുരുപയോഗിച്ചെന്ന് ആരോപിച്ച് യുവതിയുടെ പരാതി; ആന്റണി പെരുമ്പാവൂര്‍ 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണം; അദ്ധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസിന് നീതി കിട്ടിയത് എട്ടുവര്‍ഷത്തിന് ശേഷം

ആന്റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി

Update: 2025-04-02 11:14 GMT

കൊച്ചി: അനുവാദമില്ലാതെ അപകീര്‍ത്തി വരും വിധം സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് പിഴ ചുമത്തി കോടതി. ആന്റണി പെരുമ്പാവൂര്‍ 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ചാലക്കുടി മുന്‍സിഫ് കോടതിയുടെ വിധി. ചാലക്കുടി കാടുകുറ്റി സ്വദേശിയായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് പരാതിക്കാരി. ഒപ്പം സിനിമയില്‍ ഫോട്ടോ ഉപയോഗിച്ചു എന്നാണ് പരാതി.

അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസ് ആണ് അഡ്വ. പി നാരായണന്‍കുട്ടി മുഖേനയാണ് പരാതി നല്‍കിയത്. പരാതിക്കാരിക്ക് 1 ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1,68,000 രൂപ നല്‍കാനുമാണ് ചാലക്കുടി മുന്‍സിപ്പ് എം എസ് ഷൈനിയുടെ വിധി.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് മോഹന്‍ലാല്‍ നായകനായ ഒപ്പം 2016ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ ഉപയോഗിച്ചത്. ബ്ലോഗില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന് കാണിച്ച് കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല.

തുടര്‍ന്ന് 2017ല്‍ അഡ്വ. പി. നാരായണന്‍കുട്ടി മുഖേന ചാലക്കുടി കോടതിയില്‍ പരാതി നല്‍കി. ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസിനെയും കക്ഷിചേര്‍ത്തിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍ നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമ പ്രവര്‍ത്തകര്‍ നിഷേധിച്ചു. ഇപ്പോഴും ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

'7 വര്‍ഷം രണ്ട് ലക്ഷം രൂപയുമാണ് ഇതുമായി ബന്ധപ്പെട്ട് എനിക്കു വന്ന ചെലവുകള്‍. അതിനുള്ള നഷ്ടപരിഹാരം വിധിച്ചുകൊണ്ടുള്ള കോടതി വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ഇപ്പോള്‍ പത്ര സമ്മേളനം വിളിക്കാന്‍ കാരണമുണ്ട്. ഒരു സാധാരണ സ്ത്രീക്ക് നിയമപരിരക്ഷ ഉണ്ടെന്നു പറയുമ്പോഴും എട്ട് വര്‍ഷവും രണ്ട് ലക്ഷം രൂപയും മാസംതോറും കോടതിയിലുമായി അലച്ചിലായിരുന്നു.

എന്തു പരിരക്ഷയാണ് സ്ത്രീകള്‍ക്കുള്ളതെന്ന ചോദ്യം സമൂഹത്തിനു മുന്നില്‍ പറയുന്നതിനു വേണ്ടിയാണ് ഇവിടെ വന്നത്. നമ്മുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ വന്നിട്ടും ഇപ്പോഴും അവര്‍ക്കിതൊരു പ്രശ്‌നമേ അല്ല, എമ്പുരാന് ഇപ്പോള്‍ വന്നിരിക്കുന്ന പ്രശ്‌നങ്ങള്‍ നമുക്കറിയാം. രണ്ട് മിനിറ്റ് ആണെങ്കിലും അത് കട്ട് ചെയ്യാന്‍ അവര്‍ക്ക് സാധിച്ചു. നമ്മളവരോട് ആവശ്യപ്പെട്ടത് ആ ഫോട്ടോ ഒന്ന് ബ്ലര്‍ ചെയ്യാനായിരുന്നു. അത് നിങ്ങളുടെ ഫോട്ടോ അല്ല എന്നാണ് ഇപ്പോഴും അവരുടെ വാദം. ഇനിയെങ്കിലും നമ്മുടെ ഫോട്ടോ അതില്‍ നിന്നു മാറ്റൂ എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്.''പ്രിന്‍സിയുടെ വാക്കുകള്‍.

Tags:    

Similar News