മുത്തൂറ്റ് ഫിനാന്‍സ്- ഇന്‍ഷുറന്‍സ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തിരിമറി നടത്തി; പൊരുത്തക്കേടുകള്‍ മാതൃകമ്പനിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പുറത്ത് വന്നത് കോടികളുടെ തട്ടിപ്പ്; അനുമതിയില്ലാതെ സംസ്ഥാനം വിടരരുത്; പ്രതികൾക്ക് നിബന്ധനകളോടെ ജാമ്യം അനുവദിച്ച് കോടതി

Update: 2025-07-30 15:41 GMT

കൊച്ചി: ജീവനക്കാരുടെ ഇന്‍സെന്റീവ് ഉള്‍പ്പെടെ തിരിമറി നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതികൾക്ക് നിബന്ധനകളോടെ ജാമ്യം അനുവദിച്ച് കേരള ഹൈക്കോടതി. മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ രഞ്ജിത് രാമചന്ദ്രന്‍, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ബ്രോക്കേഴ്സ് ലിമിറ്റഡ് സിഇഒ തോമസ് പി രാജന്‍ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിൽ പോലീസിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പ്രതികളുടെ പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും സംസ്ഥാനത്ത് വിട്ടു പോകരുതെന്നുമാണ് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്.

വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രതികൾക്കെതിരെയുള്ള ആരോപണം. 11.92 കോടി രൂപ തട്ടിയെടുത്തെന്ന്‌ പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ബിസിനസ്‌ വർധിപ്പിക്കാൻ വിവിധ ഇൻഷുറൻസ്‌ കമ്പനികൾ മുത്തൂറ്റ്‌ ജീവനക്കാർക്ക്‌ വിതരണം ചെയ്യാൻ നൽകിയിരുന്ന പാരിതോഷിക തുക, സമ്മാനക്കൂപ്പൺ, വിദേശയാത്രാസൗകര്യങ്ങൾ തുടങ്ങിയവയാണ്‌ ഇരുവരും സ്വന്തം പേരിലാക്കിയത്‌. പൊലീസ് കേസെടുത്ത ഉടന്‍ ഇരുവരും മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നു.

എന്നാൽ പ്രതികളുടെ ജാമ്യാപേക്ഷ ആറാംതവണ മാറ്റിവച്ചശേഷം ഇരുവരോടും പൊലീസ്‌ സ്‌റ്റേഷനിൽ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ എറണാകുളം സൗത്ത്‌ പൊലീസ്‌ ചോദ്യംചെയ്‌തു. പണം വന്നതിന്റെ ഉറവിടവും, ഏതൊക്കെ അക്കൗണ്ടുകളിലേക്ക്‌ പണം കൈമാറിയെന്നതും സംബന്ധിച്ചും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ്‌ ചോദിച്ചറിഞ്ഞു.

മുത്തൂറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനത്തിലെ തൊഴിലാളികളെക്കൊണ്ട് അമിതമായി തൊഴിലെടുപ്പിച്ചാണ് അവര്‍ക്കു നല്‍കേണ്ട കോടികളുടെ സമ്മാനത്തുകകളും മറ്റും അടിച്ചുമാറ്റിയതെന്നാണ് ആരോപണം. നൂറുകണക്കിന് 10,000 രൂപയുടെ ക്യാഷ് കാര്‍ഡുകള്‍ ഇരുവരും കടയില്‍ നല്‍കി തുക കൈപ്പറ്റി. ഈ തുകയുടെ 10 ശതമാനം കടക്കാര്‍ക്കും നല്‍കിയെന്നാണ് ആരോപണം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാര്‍ക്ക് നല്‍കാനുള്ള സമ്മാനക്കൂപ്പണുകളിലാണ് പ്രതികള്‍ തിരിമറി നടത്തിയത്.

2023 ഏപ്രില്‍ മുതല്‍ 2024 നവംബര്‍ മാസം വരെയുള്ള കാലയളവിലാണ് പ്രതികള്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയത്. ഇന്‍ഷ്വറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍, നിശ്ചിത ബിസിനസ് നേടുന്ന ജീവനക്കാര്‍ക്ക് പ്രോത്സാഹനമായി 10ലക്ഷം രൂപയുടെ വീതം കൂപ്പണുകള്‍ നല്‍കാറുണ്ട്. 2023 മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളില്‍ സമ്മാനക്കൂപ്പണുകള്‍ നല്‍കുന്നതില്‍ പൊരുത്തക്കേടുകള്‍ മാതൃകമ്പനിയുടെ ശ്രദ്ധയില്‍പ്പെടുകയും തട്ടിപ്പ് പിടികൂടുകയുമായിരുന്നു. വ്യാജരേഖ ചമച്ചാണ് ജീവനക്കാര്‍ക്ക് നല്‍കേണ്ട സമ്മാനക്കൂപ്പണുകള്‍ ഇരുവരും കൈക്കലാക്കിയത്.

സമ്മാനക്കൂപ്പണുകള്‍ ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ആവശ്യമുള്ള സാധനങ്ങളടക്കം വാങ്ങാം. എന്നാല്‍, യാതൊരു ഇടപാടും നടത്താതെ ഒരു ലക്ഷംരൂപ കടയുടമയ്ക്ക് നല്‍കുകയും ബാക്കി ഒമ്പത് ലക്ഷം പണമായി കൈപ്പറ്റുകയും ചെയ്യുന്ന രീതിയാണ് പ്രതികള്‍ സ്വീകരിച്ചതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈവിധം സമ്മാനക്കൂപ്പണുകള്‍ ഉപയോഗിച്ചതായി കാണിച്ചിരിക്കുന്ന സ്ഥാപന ഉടമകളുടെയും മറ്റും മൊഴി കേസില്‍ നിര്‍ണ്ണായകമാണ്. ഇരുവരേയും ആരോപണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയിരുന്നു.

Tags:    

Similar News