പേരില്‍ മലയാളി തനിമ; കേരളത്തിന്റെ അയല്‍ക്കാരന്‍; തമിഴ്നാടിന്റെ 'മോദി' ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി; തിരുപ്പൂരുകാരന്‍ സി.പി. രാധാകൃഷ്ണന്‍ ഗൗണ്ടര്‍ വിഭാഗക്കാരന്‍; ദക്ഷിണേന്ത്യയിലെ ബിജെപി മുഖം
തമിഴ്നാടിന്റെ 'മോദി' ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ പേര് എന്‍ഡിഎ പ്രഖ്യാപിക്കുമ്പോള്‍ ആദ്യം ഒരു ആകാംക്ഷ. മലയാളിയാണോ? സിപി രാധാകൃഷ്ണന്‍ എന്ന പേരാണ് പലരിലും മലയാളി എന്ന സംശയം ജനിപ്പിച്ചത്. പേരില്‍ മലയാളി തനിമയുണ്ടെങ്കിലും ആള്‍ കേരളത്തിന്റെ അയല്‍ക്കാരനാണ്. എന്നാല്‍ കേരളവുമായി അടുത്ത ബന്ധമുണ്ടുതാനും. മഹാരാഷ്ട്ര ഗവര്‍ണറായ സിപി രാധാകൃഷ്ണനെ ഇന്ത്യയുടെ അടുത്ത ഉപരാഷ്ട്രപതി പദത്തിലേയ്ക്ക് എന്‍ഡിഎ നിര്‍ദേശിച്ചപ്പോള്‍ തന്നെ ജയം ഉറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷിച്ചപോലെ തന്നെ. 452 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി. സദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്.
കണക്കുകള്‍ പ്രകാരം, തുടക്കത്തില്‍ തന്നെ 427 എംപിമാരുടെ പിന്തുണയോടെ രാധാകൃഷ്ണന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ലോക്സഭയില്‍ അദ്ദേഹത്തിന് 293 വോട്ടുകളും രാജ്യസഭയില്‍ 134 എംപിമാരുടെ പിന്തുണയും ലഭിക്കുമെന്നാണ് എന്‍ഡിഎ കണക്കുകൂട്ടിയിരുന്നത്. ബിജു ജനതാദളില്‍ (ബിജെഡി) നിന്ന് ഏഴ് പേരും, ഭാരത് രാഷ്ട്ര സമിതിയില്‍ (ബിആര്‍എസ്) നിന്ന് നാല് പേരും, ശിരോമണി അകാലിദളില്‍ (എസ്എഡി) നിന്ന് ഒരാളും, ഒരു സ്വതന്ത്ര എംപിയും ഉള്‍പ്പെടെ ആകെ 13 എംപിമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ തങ്ങളുടെ 315 പാര്‍ലമെന്റ് അംഗങ്ങളും വോട്ട് രേഖപ്പെടുത്തിയെന്നായിരുന്നു പ്രതിപക്ഷ സഖ്യം അവകാശപ്പെട്ടിരുന്നത്. ഫലപ്രഖ്യാപനം വന്നതോടെ പ്രതിപക്ഷത്തുനിന്നും രാധാകൃഷ്ണന് വോട്ട് ലഭിച്ചുവെന്നാണ് മനസിലാക്കുന്നത്.
ആര്‍എസ്എസ് പശ്ചാത്തലമുള്ള വ്യക്തി ഉപരാഷ്ട്രപതിയാവുന്നു എന്ന രാഷ്ട്രീയ പ്രാധാന്യവും ഈ വിജയത്തിനുണ്ട്. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍ കൂടിയാണ് സി.പി. രാധാകൃഷ്ണന്‍. 'തമിഴ്നാടിന്റെ മോദി' എന്നും ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. രാഷ്ട്രത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ തമിഴ്നാട്ടില്‍ നിന്നുള്ള മൂന്നാമത്തെ ഉപരാഷ്ട്രതിയായി മാറിയിരിക്കുകയാണ് സിപി രാധാകൃഷ്ണന്‍. ആദ്യ ഉപരാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണനും ആര്‍. വെങ്കിട്ടരാമനും തമിഴ്നാട്ടില്‍ നിന്നുള്ള ഉപരാഷ്ട്രപതിമാരായിരുന്നു.
ബിജെപി കൊടുക്കേണ്ടി വന്ന ഒരു വിലയുടെ കൂടെ തുടര്‍ച്ചയായാണ് ജഗ്ദീപ് ധന്‍കറില്‍നിന്ന് സി.പി. രാധാകൃഷ്ണനിലേക്ക് ഉപരാഷ്ട്രപതി സ്ഥാനം എത്തി നില്‍ക്കുന്നത്. ബിജെപി നേതൃത്വവുമായി ഉരസിയാണ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം ഉപേക്ഷിച്ച് മടങ്ങിയതെന്നത് യാഥാര്‍ഥ്യമാണ്. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളില്‍നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയ ധന്‍കര്‍ ഉപരാഷ്ട്രപതിയായ ശേഷം പല വിഷയത്തിലും പാര്‍ട്ടിതാല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടെടുത്തതും ബിജെപിക്ക് തലവേദനയായിരുന്നു. അതിനാല്‍ തന്നെ പുതിയ രാഷ്ട്രപതി കൃത്യമായ സംഘപശ്ചാത്തലമുള്ള വ്യക്തിയാകണമെന്ന് ബിജെപിയിലെ ഒരു വിഭാഗം നിലപാടെടുത്തിരുന്നു. ഇതും ദക്ഷിണേന്ത്യക്കാരന്‍ എന്ന പരിഗണനയുമെല്ലാമാണ് സി.പി. രാധാകൃഷ്ണനിലേക്ക് ഉപരാഷ്ട്രപതി സ്ഥാനമെത്താന്‍ കാരണായത്. തമിഴ്നാട്ടിലെ പ്രമുഖരായ ഗൗണ്ടര്‍ വിഭാഗത്തില്‍ നിന്ന് ഒരു ഉപരാഷ്ട്രപതിയെ വിജയിപ്പിച്ചെടുത്തതിലൂടെ മറ്റു പല രാഷ്ട്രീയ ലക്ഷ്യങ്ങളും ബിജെപിക്കുണ്ട്.
ഒരുകാലത്ത് തമിഴ്നാട്ടിലെ ബിജെപിയുടെ മുഖമായിരുന്നു ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണന്‍ എന്ന സി.പി. രാധാകൃഷ്ണന്‍. ചെറുപ്പത്തില്‍ മികച്ച സ്പോര്‍ട്സ് താരമായിരുന്ന അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോഴും ആ ഊര്‍ജസ്വലത കാത്തുസൂക്ഷിച്ചു. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലായിരുന്ന തമിഴ്നാട്ടില്‍ പാര്‍ട്ടിയെയും മുന്നണിയെയും വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. എന്‍ഡിഎയില്‍ നിന്ന് ഡിഎംകെ പടിയിറങ്ങിയപ്പോള്‍ അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കുന്നതിലെല്ലാം സി.പി. രാധാകൃഷ്ണന്റെ നേതൃത്വം വലിയ പങ്ക് വഹിച്ചു. അതിനുള്ള അംഗീകാരമായാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ പദവികളിലേക്കൊന്നില്‍ പാര്‍ട്ടി അദ്ദേഹത്തെ പരിഗണിച്ചിരിക്കുന്നത്.
സി.കെ. പൊന്നുസ്വാമിയുടെയും കെ. ജാനകിയുടെയും മകനായി 1957 ഒക്ടോബര്‍ 20നാണ് തിരിപ്പൂരില്‍ സി.പി. രാധാകൃഷ്ണന്റെ ജനനം. കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബപശ്ചാത്തലമായിരുന്നെങ്കിലും രാധാകൃഷ്ണന്‍ വൈകാതെ ആര്‍എസ്എസ് പ്രവര്‍ത്തകനായി. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടിയ അദ്ദേഹം സ്പൈസ് എന്നപേരില്‍ വസ്ത്ര ബ്രാന്‍ഡ് തുടങ്ങി തിരുപ്പൂരില്‍നിന്നുള്ള ആദ്യകാല വസ്ത്രകയറ്റുമതിക്കാരില്‍ ഒരാളായി. 1974ല്‍ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യുട്ടീവ് കമ്മറ്റിയിലെത്തി. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ നയിച്ച ദേശീയ പദയാത്രയില്‍ സജീവമായി പങ്കെടുത്തിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലും സജീവമായിരുന്നു. ബിജെപി രൂപീകരിച്ച കാലം മുതല്‍ അതിന്റെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.
കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി ഉള്‍പ്പെടുന്ന കൊങ്കുമേഖലയിലെ പ്രബല ഒബിസി വിഭാഗമായ കൊങ് വെള്ളാളര്‍ (ഗൗണ്ടര്‍) വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ ആ വിഭാഗത്തിനിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശക്തികേന്ദ്രമായ കൊങ്കുമേഖലയിലെ പ്രധാന നേതാവായി അദ്ദേഹം മാറി. 1996ല്‍ ബിജെപി തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. കോയമ്പത്തൂര്‍ സ്ഫോടനത്തിന് ശേഷം 1998ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999-ലും ഈ വിജയം ആവര്‍ത്തിച്ചു. വാജ്പെയ് ആയിരുന്നു രാധാകൃഷ്ണന്റെ പ്രിയപ്പെട്ട നേതാവ്. മരണം വരെ വാജ്പെയ്യുമായി അടുത്ത ബന്ധമുണ്ടായിരുന്നു.
പാര്‍ലമെന്റ് അംഗമായിരിക്കെ ടെക്സ്‌റ്റൈല്‍സ് സ്ഥിരം സമിതി അധ്യക്ഷനായി പ്രവര്‍ത്തിച്ചു. അക്കാലത്ത് തന്നെ യുഎന്‍ പൊതുസഭയിലും സംസാരിച്ചു. 2004-ല്‍ തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ 19000 കിലോമീറ്റര്‍ രഥയാത്ര തമിഴ്നാട്ടില്‍ വലിയ ചര്‍ച്ചയായിരുന്നു. ഏക സിവില്‍കോഡ്, നദീ സംയോജനം തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി നടത്തിയ രഥയാത്ര 93 ദിവസമാണ് നീണ്ടുനിന്നത്. 2016ല്‍ കയര്‍ബോര്‍ഡ് ചെയര്‍മാനായി കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചു. 2020 മുതല്‍ 2022 വരെ കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായിരുന്നു. 2023-ല്‍ ഝാര്‍ഖണ്ഡ് ഗവര്‍ണറായി നിയമിക്കപ്പെട്ടു. 2024 ജൂലൈ 31 മുതല്‍ മഹാരാഷ്ട്ര ഗവര്‍ണറായും പ്രവര്‍ത്തിച്ചു. ഇടക്കാലത്ത് തെലങ്കാന ആക്ടിങ് ഗവര്‍ണര്‍, പുതുച്ചേരി ആക്ടിങ് ലഫ്. ഗവര്‍ണര്‍ എന്നീ പദവികളും വഹിച്ചു. ഭാര്യ: സുമതി, മക്കള്‍: ഹരി ഷഷ്ഠി, അഭിരാമി