15 കോടി രൂപ മുടക്കി നിര്‍മാണം; അഞ്ച് നിലകളിലായി കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന നിര്‍മ്മിതി; 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന സെമിനാര്‍ ഹാളും ഭാരവാഹി ഓഫീസുകളും പ്രസ് മീറ്റ് ഹാളും അടക്കമുള്ള സൗകര്യങ്ങളും; കണ്ണൂരില്‍ പിണറായി ഉദ്ഘാടനം ചെയ്തത് സിപിഎമ്മിന്റെ ഏറ്റവും വലിയ ഓഫീസ്

15 കോടി രൂപ മുടക്കി നിര്‍മാണം; അഞ്ച് നിലകളിലായി കോര്‍പറേറ്റ് ആസ്ഥാന ഓഫീസുകളെ കവച്ചു വയ്ക്കുന്ന നിര്‍മ്മിതി

Update: 2025-10-20 13:16 GMT

കണ്ണൂര്‍: കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത് സംസ്ഥാനത്തെ ഏറ്റവും വലിയ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസാണ്. സിപിഎമ്മിന്റെ ഏറ്റവും ശക്തമായ സ്വാധീനമുള്ള കണ്ണൂരില്‍ അഞ്ചു നില കെട്ടിട സമുച്ചയമാണ് വെറും രണ്ടു വര്‍ഷം കൊണ്ടു 15 കോടിയിലേറെ ചെലവഴിച്ചു നിര്‍മിച്ചത്. മാറുന്ന കാലത്തിന് അനുസരിച്ചു വേണ്ട സൗകര്യങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പുതിയ നിര്‍മ്മിതി. ആധുനിക കോര്‍പ്പറേറ്റ് ഓഫീസുകളെ വെല്ലുന്ന സൗകര്യമാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്.

പുതിയ കെട്ടിടം കാണാന്‍ ഉദ്ഘാടന ദിവസമായ ഒക്ടോബര്‍ 20 ന് രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ബഹുജന സംഘടനാ അംഗങ്ങളുടെയും ഒഴുക്കായിരുന്നു. ചുവപ്പില്‍ കുളിച്ചു നില്‍ക്കുന്ന വാസ്തു ഭംഗിയും ആധുനികതയും ഒരേപോലെ സമ്മേളിച്ച അഴിക്കോടന്‍ മന്ദിരത്തിന്റെ മുന്‍ഭാഗത്തു നിന്നും ഉള്‍ഭാഗങ്ങളില്‍ നിന്നും സെല്‍ഫിയെടുക്കാനുള്ള മത്സരമായിരുന്നു. ഉച്ചയോടെ കണ്ണൂര്‍ നഗരം ജനസമുദ്രമായി മാറി. ഉദ്ഘാടനത്തിന്റെ ഭാഗമായ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ജില്ലയുടെ വിവിധ പാര്‍ട്ടി ബ്രാഞ്ചുകളില്‍ നിന്നും ഒരു ലക്ഷത്തിലേറെ പേരാണെത്തിയത്.

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റിയാണ് അഞ്ച് നിലകളുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് പുതിയ ഓഫീസിലുള്ളത്. പൂര്‍ണമായും ശീതികരിച്ച 500 ലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന എകെജി സെമിനാര്‍ ഹാള്‍, ചടയന്‍ ഹാള്‍, പാട്യം ഗവേഷണ കേന്ദ്രം, ലൈബ്രറി സോഷ്യല്‍ മീഡിയ വാര്‍ റൂം , ജില്ലാ സെക്രട്ടറിയേറ്റ് ഹാള്‍, കണ്‍വെന്‍ഷന്‍ സെന്റര്‍ 'ജില്ലാ സെക്രട്ടറിയുടെ ഓഫീസ് വര്‍ഗബഹുജന സംഘടനകളുടെ ഓഫീസുകള്‍, റിസപ്ക്ഷന്‍ കൗണ്ടര്‍ പ്രസ് മീറ്റ് ഹാള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള താമസ മുറികള്‍, വാഹന പാര്‍ക്കിംഗ് സൗകര്യം എന്നിവയും കെട്ടിടത്തിന്റെഭാഗമാണ്. എല്ലാ നിലയിലേക്കും ഒരേ സമയം പ്രവര്‍ത്തിക്കുന്ന രണ്ട് ലിഫ്റ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പഴയ കെട്ടിടത്തിന്റെ തടികള്‍ തന്നെ പുനരുപയോഗിച്ച് പുതിയ കെട്ടിടത്തില്‍ ഉള്‍പ്പെടുത്തിയതും ഇതിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. വെള്ളാപ്പള്ളി ബ്രദേഴ്സാണ് കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റെടുത്തത്. സമയബന്ധിതമായി യുദ്ധകാല അടിസ്ഥാനത്തിലാണ് പ്രവൃത്തി തുടങ്ങിയത്. രണ്ട് വര്‍ഷം മുമ്പ് എം വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് നിര്‍മ്മാണം തുടങ്ങിയത്. പ്രവൃത്തി പൂര്‍ത്തിയായത് കെ.കെ.രാഗേഷ് ജില്ലാ സെക്രട്ടറിയായി വേളയിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായത്.


 



സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം എ.കെ.ജി മന്ദിരമാണെങ്കിലും രാഷ്ട്രീയ തലസ്ഥാനമായ കണ്ണൂരു നിന്നാണ് പാര്‍ട്ടിയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ സ്വീകരിച്ചിരുന്നത് അഴിക്കോടന്‍ മന്ദിരത്തില്‍ നിന്നായിരുന്നു. എകെജി മുതല്‍ അഴീക്കോടന്‍ രാഘവന്‍, ഇ കെ നായനാര്‍, സി എച്ച് കണാരന്‍, ചടയന്‍ ഗോവിന്ദന്‍, സി കണ്ണന്‍, എം വി രാഘവന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയ പരേതരായ നേതാക്കള്‍ക്കൊപ്പം നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ പി ജയരാജന്‍. പി കെ ശ്രീമതി, കെ കെ ശൈലജ ടീച്ചര്‍ സം സ്ഥാന സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍, പി ജയരാജന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ കണ്ണൂരില്‍ നിന്നും ഉയര്‍ന്നുവന്ന നേതാക്കളാണ്.

അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷിയായി ഒരുവര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന് സ്മാരകമായി തളാപ്പില്‍ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തത്. കണ്ണൂര്‍ തെക്കിബസാറിലെ തൊഴിലാളികുടുംബത്തില്‍ ജനിച്ച്, തൊഴിലാളി യൂണിയനിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനായ അഴീക്കോടന്‍ 1946-ല്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1956 സെപ്റ്റംബര്‍ 19-ന് ജില്ലാ സെക്രട്ടറിയുമായി.

1972 സെപ്റ്റംബര്‍ 23-നാണ് തൃശ്ശൂര്‍ ചെട്ടിയങ്ങാടിയില്‍ അദ്ദേഹം കൊല്ലപ്പെട്ടത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ജ്വലിക്കുന്ന സ്മരണകളിലൊന്നായ അദ്ദേഹത്തിന്റെ പേരിലുള്ള മന്ദിരം 1973 ഡിസംബര്‍ അഞ്ചിനാണ് തളാപ്പില്‍ എകെജി ഉദ്ഘാടനംചെയ്തത്. ഇഎംഎസ് ആയിരുന്നു ഉദ്ഘാടനച്ചടങ്ങിന്റെ അധ്യക്ഷന്‍. നേതാക്കളുടെ സാന്നിധ്യംകൊണ്ട് പ്രൗഢമായ ചടങ്ങില്‍ ഉദ്ഘാടനംചെയ്യപ്പെട്ട അഴീക്കോടന്‍ മന്ദിരത്തില്‍ പിന്നീട് എ.കെ.ജി.യുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മാരകങ്ങളും ഒരുക്കി. 1980 മാര്‍ച്ച് 22-നാണ് എ.കെ.ജി. സ്മാരക ഹാള്‍ എ.വി.കുഞ്ഞമ്പു ഉദ്ഘാടനംചെയ്തത്.

പിണറായി വിജയനായിരുന്നു അധ്യക്ഷന്‍. ചടയന്‍ ഗോവിന്ദന്‍ സ്മാരകമന്ദിരം 2000 മാര്‍ച്ച് 19-ന് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനംചെയ്തു. ഇ.പി.ജയരാജനായിരുന്നു അധ്യക്ഷന്‍. പുതിയ ഓഫീസില്‍ എകെജി ഹാളും ചടയന്‍ ഹാളും കൂടുതല്‍ സൗകര്യങ്ങളോടെയാണ് സജ്ജമാക്കിയത്.


 



കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പാട്യം ഗോപാലന്റെ സ്മരണ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പാട്യം പഠന-ഗവേഷണ കേന്ദ്രത്തിനും പുതിയ ഓഫീസില്‍ ആധുനികസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1995-ലാണ് പാട്യം ഗോപാലന്‍ സ്മാരക പഠനഗവേഷണ കേന്ദ്രം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1995 ഓഗസ്റ്റ് ഒന്‍പതിന് ഇഎംഎസ് ആണ് ഉദ്ഘാടനംചെയ്തത്. ഗവേഷണ, പരിശീലനരംഗങ്ങളിലും നവമാധ്യമമേഖലയിലും വിവിധതരത്തിലുള്ള ഇടപെടലുകള്‍ ഗവേഷണകേന്ദ്രം നടത്തുന്നുണ്ട്.

ജില്ലാ കമ്മിറ്റി ഓഫീസില്‍ അഴീക്കോടന്റെ ശില്പവും എകെജിയുടെ ചിത്രവും സ്മരണകളിലേക്കുള്ള വാതിലുകള്‍ തുറക്കും. മൂന്നടി ഉയരമുള്ള അഴീക്കോടന്റെ ഫൈബര്‍ ഗ്ലാസ് ശില്പവും 1200 ചതുരശ്ര അടിയിലുള്ള എകെജിയുടെ സ്റ്റെന്‍സില്‍ സ്‌കെച്ചുമാണ് ശില്പി ഉണ്ണി കാനായിയുടെ നേതൃത്വത്തില്‍ ഒരുക്കിയത്. രണ്ടുമാസംകൊണ്ടാണ് ഉണ്ണി ശില്പം നിര്‍മിച്ചത്. എ.കെ.ജി. ഹാളിന്റെ ചുമരിലാണ് എ.കെ.ജി.യുടെ ചിത്രം. അദ്ദേഹത്തിന്റെ ഏറ്റവുംവലിയ സ്റ്റെന്‍സില്‍ ചിത്രമാണിതെന്ന് ഉണ്ണി കാനായി പറഞ്ഞു. ചുവന്ന എസിപി വാളില്‍ 2കെ പ്രൈമര്‍ ഉപയോഗിച്ച് മാറ്റ് ബ്ലാക്ക് പിയു പെയിന്റ് ഉപയോഗിച്ച് ഒരാഴ്ച രാത്രിയും പകലും വിശ്രമമില്ലാതെയാണ് ചിത്രമൊരുക്കിയത്.

പഴമ വിടാതെ പുതുമോടി. 52 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് 1973-ല്‍ അഴീക്കോടന്‍ മന്ദിരത്തിനായി വാങ്ങിയത്. നൂറ്റാണ്ട് പിന്നിട്ടതോടെ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നുവീഴുകയും ചോര്‍ന്നൊലിക്കുകയുംചെയ്തതോടെയാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2024 ഫെബ്രുവരി 24-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. 20 മാസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്. പഴയ കെട്ടിടത്തിലെ തൂണുകള്‍, ജാലകങ്ങള്‍ എന്നിവയുടെ തടി ഉപയോഗിച്ച് പഴയതിന്റെ മാതൃകയിലാണ് അഞ്ച് നിലയില്‍ പുതിയ ഓഫീസ് നിര്‍മിച്ചത്.

പഴമ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടുതന്നെ പുതിയകാലത്തിന്റെ സൗകര്യങ്ങളുമൊരുക്കി. 500 പേര്‍ക്ക് ഇരിക്കാവുന്നതാണ് പുതിയ എകെജി ഹാള്‍. വിവിധ യോഗങ്ങള്‍ ചേരാനുള്ള ഹാളുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, ജില്ലാ കമ്മിറ്റി യോഗത്തിനും സെക്രട്ടേറിയറ്റ് യോഗത്തിനുമുള്ള ഹാളുകള്‍, പാട്യം പഠന-ഗവേഷണ കേന്ദ്രവും ലൈബ്രറിയും പത്രസമ്മേളനത്തിനുള്ള ഹാള്‍, സോഷ്യല്‍ മീഡിയ റൂം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. 15 കോടിയിലധികം രൂപയാണ് നിര്‍മാണത്തിന് ചെലവിട്ടത്.


 



പുതിയ ഓഫീസിന്റെ നിര്‍മാണത്തിനായി 500 രൂപമുതല്‍ ഒരുമാസത്തെ വരുമാനംവരെ സംഭാവനചെയ്തവരുണ്ടെന്ന് ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പറഞ്ഞു. 18 ഏരിയ കമ്മിറ്റികളും 249 ലോക്കല്‍ കമ്മിറ്റികളും 4421 ബ്രാഞ്ചുകളുമാണ് കണ്ണൂരില്‍ സിപിഎമ്മിനുള്ളത്. 65,466 പാര്‍ട്ടിയംഗങ്ങളും 26,322 അനുഭാവി ഗ്രൂപ്പംഗങ്ങളും ജില്ലയിലുണ്ട്. പാര്‍ട്ടിയംഗങ്ങള്‍ സ്വമേധയാ നല്‍കിയ സംഭാവനയിലാണ് പുതിയ ഓഫീസ് കെട്ടിപ്പടുത്തതെന്ന് രാഗേഷ് പറഞ്ഞു.

Tags:    

Similar News