ഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്തു സിപിഎം; പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകം; സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ദൗത്യമെന്ന് എം എ ബേബി
ഇന്ത്യ-ചൈന സഹകരണം ലോകത്തിന് ഗുണകരം; സ്വാഗതം ചെയ്തു സിപിഎം
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലെ സഹകരണ നീക്കത്തെ സ്വാഗതം ചെയ്ത് സി.പി.എം നേതൃത്വം. അതിര്‍ത്തിയെചൊല്ലി വര്‍ഷങ്ങളായി പുകയുന്ന നയതന്ത്ര സംഘര്‍ഷങ്ങള്‍ക്ക് അവസാനം കുറിച്ച്, ഉറ്റസൗഹൃദ രാജ്യങ്ങളെന്ന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ നടന്ന കൂടികാഴ്ചക്കു പിന്നാലെ സാമൂഹിക മാധ്യമമായ 'എക്‌സില്‍' സി.പി.എം ദേശീയ ജനറല്‍ സെക്രട്ടറി ഇരുരാജ്യങ്ങളുടെയും ശ്രദ്ധേയമായ ചുവടുവെപ്പിനെ പ്രശംസിച്ചു.
അയല്‍രാജ്യങ്ങളുടെ സഹകരണം ലോകത്തിന് ഗുണകരമാണെന്നും ചൈനയിലെ ടിയാന്‍ജിനില്‍ നിന്ന് വരുന്നത് നല്ല വാര്‍ത്തകളെന്നും ഇത് സന്തോഷകരമാണെന്നും എം.എ ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യയും ചൈനയും സഹകരണം ശക്തമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്ത അദ്ദേഹം, അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുന്നതിനുള്ള പുതിയ ചുവടുവെപ്പും കൈലാസ് മാനസസരോവര്‍ യാത്ര പുനരാരംഭിക്കുന്നതും നേരിട്ടുള്ള വിമാന സര്‍വീസും പ്രാബല്ല്യത്തില്‍ വരുന്നതും ഉള്‍പ്പെടെ തീരുമാനങ്ങള്‍ ഗുണകരമാണെന്നും സിപിഎം അഖിലേന്ത്യാ സെക്രട്ടറി എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ 75ാം വാര്‍ഷികത്തില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുടെ രാജ്യങ്ങളുടെ സൗഹൃദം ശക്തമാക്കുന്നത് ശുഭസൂചനയാണ്. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ഭാവി കെട്ടിപ്പടുക്കണമെന്ന ഇരു രാജ്യങ്ങളുടെയും തീരുമാനം നിര്‍ണായകമാണെന്നം അദ്ദേഹം പ്രതികരിച്ചു.
ഗ്ലോബല്‍ സൗത്തിലെ പ്രബല ശക്തികളായ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മര്‍ദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം വഹിക്കുന്നു. ജനങ്ങളുടെ ക്ഷേമത്തിനൊപ്പം സമാധാനത്തിനും പുരോഗതിക്കും ഇരു രാജ്യങ്ങളുടെയും സഹകരണം വഴിയൊരുക്കുമെന്നും എം.എ ബേബി പറഞ്ഞു.
അമേരിക്ക ഇന്ത്യക്കുമേല്‍ ചുമത്തിയ അധിക തീരുവ സമ്മര്‍ദത്തിനിടെ ചൈനയുമായുള്ള ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായി മാറി. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നുമായിരുന്നു സംയുക്ത പ്രസ്താവനയിലൂടെ പ്രധാനമന്ത്രി മോദി വ്യക്തമാക്കിയത്.
ടിയാന്‍ജിയില്‍ നടന്ന എസ്.സി.ഒ ഉച്ചകോടിയോടനുബന്ധിച്ച് നരേന്ദ്ര മോദിയും ഷി ജിന്‍പിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ ചൈന ബന്ധം അനിവാര്യമെന്ന് മോദി വ്യക്തമാക്കിയപ്പോള്‍, വ്യാളിയും ആനയും തമ്മിലെ സൗഹൃദം പ്രധാനമെന്ന് ഷി ജിന്‍ പിങും പറഞ്ഞു.