ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തവര്‍ ബാറിലെത്തി മദ്യപിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; കാക്കയങ്ങാട്ടെ ബാറില്‍ മദ്യക്കുപ്പിക്കിടയില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രദര്‍ശിപ്പിച്ചു; സ്പര്‍ദ്ധയും കലാപവും സൃഷ്ടിച്ചതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Update: 2025-09-17 16:47 GMT

കണ്ണൂര്‍ : കാക്കയങ്ങാട്ടെ സ്വകാര്യ ബാറില്‍ മദ്യക്കുപ്പിക്കിടയില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ എടുത്ത് സമൂഹമാധ്യമത്തില്‍ കൂടി പ്രചരണം നടത്തിയ സിപിഎം ബ്രാഞ്ച് സെകട്ടറിക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. സിപിഎം വട്ടപ്പൊയില്‍ ബ്രാഞ്ച് സെക്രട്ടറി ശരത്തിനെതിരെയാണ് പോലീസ് കേസെടുത്തത്.

ഭാരതീയ ന്യായസംഹിത 192, കേരള പോലീസ് ആക്ട് 120 (O) വകുപ്പുകള്‍ പ്രകാരം സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുക, കലാപം സൃഷ്ടിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ബോധപൂര്‍വ്വം സമൂഹമാധ്യമത്തിലൂടെ പ്രചാരണം നടത്തിയതിനാണ് കേസ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശരത്ത്.

ശ്രീകൃഷ്ണജയന്തി ദിവസം വൈകുന്നേരമാണ് സംഭവം. കാക്കയങ്ങാട്ടെ ബാറിലെത്തിയ ശരത്ത് മദ്യക്കുപ്പിക്കടിയില്‍ ഓടക്കുഴല്‍ വെച്ച് ഫോട്ടോ എടുത്ത ശേഷം സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. ഇത് ആ സമയത്ത് ബാറിലുണ്ടായിരുന്ന ചിലരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ ആഘോഷ പ്രമുഖ് പോലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച ശേഷമാണ് പോലീസ് കേസെടുത്തത്.

ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തവര്‍ ആഘോഷത്തിനുശേഷം ബാറിലെത്തി മദ്യപിച്ചുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു പ്രതിയുടെ ഉദ്ദേശം. അതോടൊപ്പം തന്നെ ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തെ സമൂഹത്തിന് മുന്നില്‍ താറടിച്ച് കാണിക്കുക കൂടി പ്രതി ലക്ഷ്യമിട്ടു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ കഴിഞ്ഞദിവസം രാത്രി കാക്കയങ്ങാട് ബ്രോഡ് ബീന്‍ ഹോട്ടലില്‍ വെച്ച് പ്രതി, ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷവും കലാപവും ഉണ്ടാക്കണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി ബാറില്‍ മദ്യക്കുപ്പികള്‍ അടുക്കി വച്ച അലമാരയുടെ മുന്‍ ഭാഗത്തെ ടേബിളില്‍ ഓടക്കുഴല്‍ വച്ച് ഫോണില്‍ ഫോട്ടോയെടുത്ത് 'ഒരു ഓടക്കുഴല്‍ മറന്ന് വച്ചിട്ടുണ്ട് കണ്ണന് ബോധം തെളിയുമ്പോള്‍ അത് എടുക്കാന്‍ അറിയിക്കുക' എന്നും മറ്റും അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നുമാണ് കേസ്.ശരത്ത് ഓടക്കുഴലുമായാണ് ബാറിനുള്ളില്‍ വന്നതെന്ന് സി. സി.ക്യാമറ പരിശോധനയില്‍ പോലീസ് കണ്ടെത്തി. പാലപ്പുഴ സ്വദേശി ടി. അനില്‍ നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശരത്ത് ഒളിവിലാണ്.


കഴിഞ്ഞ ദിവസം നടന്ന ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് കണ്ണവത്ത് സി.പി.എം ബി ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇരുവിഭാഗത്തെയും പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് പൊലിസ് കേസെടുത്തിട്ടുണ്ട്.

Tags:    

Similar News