പിണറായി എന്ന 'കരുത്തനായ മുഖ്യമന്ത്രി' ഒരു പാരഡി ഗാനത്തിന് മുന്നില്‍ തോറ്റുവെന്ന പ്രചാരണം ശക്തമാകും; ആഭ്യന്തര വകുപ്പിന്റെ പക്വതയില്ലാത്ത നീക്കങ്ങള്‍ സിപിഎമ്മിനും പിണറായിയ്ക്കും പാരയായി; സിപിഎമ്മില്‍ എതിര്‍ ശബ്ദവും ഉയരുന്നു; പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ'... ചര്‍ച്ച തുടരും
തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളില്‍ എന്നും മൂര്‍ച്ചയുള്ള ആയുധമായിരുന്ന 'പാരഡി' ഗാനങ്ങള്‍ക്കെതിരെ കേസെടുത്ത് വെട്ടിലായ സി.പി.എം ഒടുവില്‍ പിന്‍വാങ്ങുമ്പോള്‍ വെട്ടിലാകുന്നത് പിണറായി സര്‍ക്കാര്‍. ഇനി സര്‍ക്കാരില്‍ പാര്‍ട്ടി കൂടുതല്‍ പിടിമുറുക്കും. സിപിഎമ്മില്‍ എതിര്‍ അഭിപ്രായം സജീവമാണ്. ഇതാണ് പാരഡി പാട്ടിലെ കേസിനേയും സ്വാധീനിച്ചത്. പിണറായി വിജയന്‍ എന്ന 'കരുത്തനായ മുഖ്യമന്ത്രി' ഒരു പാരഡി ഗാനത്തിന് മുന്നില്‍ തോറ്റുവെന്ന പ്രചാരണം വരും ദിവസങ്ങളില്‍ രാഷ്ട്രീയ വേദികളില്‍ സജീവമാകും. ആഭ്യന്തര വകുപ്പിന്റെ പക്വതയില്ലാത്ത നീക്കങ്ങള്‍ പിണറായിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
സര്‍ക്കാരിനെ പരിഹസിച്ചുവെന്നാരോപിച്ച് എടുത്ത പാരഡി ഗാനക്കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് കൂടുതല്‍ രാഷ്ട്രീയ നാണക്കേടുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് സി.പി.എമ്മിന്റെ ഈ പെട്ടെന്നുള്ള പിന്മാറ്റം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷം, ഒരു പാട്ടിന്റെ പേരില്‍ കേസെടുത്തത് ദേശീയ തലത്തില്‍ വരെ വലിയ ചര്‍ച്ചയായതും മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധത്തിലാക്കിയതും പിന്‍വാങ്ങലിന് കാരണമായി. വലിയ വിമര്‍ശനമാണ് സിപിഎം നേതാക്കള്‍ ഉയര്‍ത്തുന്നത്. പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ' എന്ന പാരഡി ഇപ്പോഴും വമ്പന്‍ ഹിറ്റാണ്.
സര്‍ക്കാരിന്റെ വീഴ്ചകളെയും മുഖ്യമന്ത്രിയുടെ ശൈലിയെയും പരിഹസിക്കുന്ന പാരഡി ഗാനങ്ങള്‍ക്കെതിരെ അതിശക്തമായ നിലപാടാണ് ആഭ്യന്തര വകുപ്പ് ആദ്യം സ്വീകരിച്ചിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ പാട്ടുകള്‍ വൈറലാവുകയും, പോലീസിനെ ഉപയോഗിച്ച് ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നുവെന്ന പ്രതിപക്ഷ ആരോപണം ശക്തമാവുകയും ചെയ്തതോടെ സര്‍ക്കാര്‍ പ്രതിസന്ധിയിലായി. 'അസഹിഷ്ണുതയുടെ പര്യായമായി സര്‍ക്കാര്‍ മാറി' എന്ന ആക്ഷേപം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയാകുമെന്ന് പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.
പാരഡി ഗാനങ്ങള്‍ക്കെതിരെയുള്ള കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും മൗലികാവകാശ ലംഘനമായി കോടതി ഇത് കാണുമെന്നും നിയമോപദേശം ലഭിച്ചിരുന്നു. കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റാല്‍ അത് സര്‍ക്കാരിന്റെ മുഖത്തടിക്കുന്നതിന് തുല്യമാകുമെന്ന് സി.പി.എം ഭയന്നു. എങ്കിലും കേസിലെ എഫ് ഐ ആര്‍ നിലവിലുണ്ട്. ഇത് പിന്‍വലിക്കില്ല. എന്നാല്‍ മറ്റ് നടപടികള്‍ക്ക് മുതിരില്ല. കേസെടുത്തതോടെ പ്രസ്തുത പാരഡി ഗാനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യത പത്തിരട്ടിയായി വര്‍ദ്ധിച്ചു. ഇത് സര്‍ക്കാരിനെതിരെയുള്ള വികാരം ജനങ്ങള്‍ക്കിടയില്‍ പടരാന്‍ കാരണമായി. ഇതും സിപിഎമ്മിന് തലവേദനയാണ്.
ഒരു വശത്ത് മുന്നണി മാറ്റങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും മാറുന്ന സാഹചര്യത്തില്‍ ഇത്തരമൊരു വിവാദം അനാവശ്യ ഭാരമാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തി. കേസിലെ പിന്നോട്ട് പോക്കല്‍ സര്‍ക്കാരിന്റെ 'മാന്യത'യായി ചിത്രീകരിക്കാന്‍ സി.പി.എം ശ്രമിക്കുന്നുണ്ടെങ്കിലും, ഇത് ഭരണകൂടത്തിന്റെ ഭയമാണെന്നാണ് യു.ഡി.എഫും ബി.ജെ.പിയും പറയുന്നത്.
