ഓട്ടോയെ ഇടിച്ചത് മദ്യലഹരിയില്‍; ഓട്ടോയിലുള്ളവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടും കൊലപാതക ശ്രമത്തിന് കേസില്ല; ചുമത്തിയത് ജാമ്യം കൊടുക്കാവുന്ന നിസ്സാര വകുപ്പ്; പോലീസ് അസോസിയേഷന്‍ നേതാവ് ഉടന്‍ വീട്ടിലേക്ക് പോയി; വിളപ്പില്‍ ശാലയിലെ രതീശന്‍ പോലീസിന് തുണയായത് അസോസിയേഷന്‍ പദവി; ആര്യനാട്ട് പ്രതിഷേധം ശക്തം
തിരുവനന്തപുരം: മദ്യലഹരിയില്‍ കാര്‍ ഓടിച്ച് ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത പൊലീസ് അസോസിയേഷന്‍ ജില്ലാ ട്രഷററെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിട്ടും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് വിവാദത്തില്‍. വിളപ്പില്‍ശാല സ്റ്റേഷനിലെ സിപിഒ വെളിയന്നൂര്‍ സ്വദേശി ആര്‍.രതീഷിനെ (40) തുടര്‍ന്ന് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചാങ്ങ സ്വദേശി വിജയന്‍ (50), യാത്രക്കാരന്‍ വെളിയന്നൂര്‍ വടക്കുംകര വീട്ടില്‍ ഡി.വിജയകുമാര്‍ (60) എന്നിവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയായിരുന്നു അപകടം. കാലിന് പൊട്ടലുണ്ടായ വിജയകുമാറിന് ഇന്നലെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായില്ല. പുളിമൂട് ജംക്ഷന് സമീപത്താണ് അപകടം. കാറിന്റെ മുന്‍വശത്തെ ടയര്‍ ഇളകി മാറിയിട്ടും നിര്‍ത്താതെ ഓടിച്ചു പോയ രതീഷിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. നെടുമങ്ങാട് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് ആദ്യം വിസമ്മതിച്ച രതീഷ് കൂടുതല്‍ പൊലീസുകാര്‍ എത്തിയതോടെ വഴങ്ങി. മദ്യപിച്ചതായി കണ്ടെത്തിയതോടെ അറസ്റ്റ് രേഖപ്പെടുത്തി. വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നു ആര്യനാട് പൊലീസ് അറിയിച്ചു. രതീഷിനെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായി.
ഞായറാഴ്ച രാത്രി 11.30ന് ഉഴമലയ്ക്കല്‍ - പുളിമൂട് വച്ചായിരുന്നു സംഭവം. ആര്യനാട് നിന്ന് കുളപ്പടയിലേക്ക് പോവുകയായിരുന്ന വിജയകുമാറിന്റെ ഓട്ടോയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ രതീഷിന്റെ കാര്‍ ഇടിക്കുകയായിരുന്നു.സംഭവത്തിന് ശേഷം കാര്‍ നിറുത്താതെ പോയ രതീഷിനെ നാട്ടുകാര്‍ തോളൂര്‍ പെട്രോള്‍ പമ്പിന് സമീപം വച്ച് പിടികൂടി പൊലീസില്‍ ഏല്പിക്കുകയായിരുന്നു.അപകടമറിഞ്ഞെത്തിയ പ്രദേശവാസികളോടും രതീഷ് മദ്യലഹരിയില്‍ ബഹളം വച്ചു.പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്യനാട് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് പൊലീസ് ഇയാളെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്താന്‍ ശ്രമിച്ചെങ്കിലും രതീഷ് വിസമ്മതിച്ചു.തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തിയാണ് വൈദ്യ പരിശോധന നടത്തിയത്.സംഭവ സ്ഥലത്തുവച്ചും പൊലീസ് സ്റ്റേഷനിലെത്തിയ ശേഷവും ഇയാള്‍ ബഹളം വയ്ക്കുകയായിരുന്നു .മദ്യപിച്ച് വാഹനം ഓടിച്ചതിന് ആര്യനാട് പൊലീസ് കേസെടുത്തതായി എസ്.എച്ച്.ഒ എസ്.വി.അജീഷ് അറിയിച്ചു.
എന്നാല്‍ ഓട്ടോയില്‍ ഇടിച്ചത് കേസായില്ല. കൊലപാതക ശ്രമം അടക്കം ചുമത്താവുന്ന കേസാണ് ഇത്. എന്നാല്‍ അസോസിയേഷന്‍ നേതാവായതു കൊണ്ട് പോലീസ് അതിന് മുതിര്‍ന്നില്ല.