എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യശാസ്ത്ര പഠനത്തിന് വിട്ടുനല്‍കാം; മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടിയുള്ള ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

ആശ ലോറന്‍സിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

Update: 2024-10-23 09:08 GMT

കൊച്ചി: അന്തരിച്ച സിപിഎം മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ട് നല്‍കുന്നതിനെതിരെ മകള്‍ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി തള്ളി. ക്രിസ്ത്യന്‍ മതാചാര പ്രകാരം സംസ്‌കരിക്കാന്‍ അനുമതി തേടി ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. എം എം ലോറന്‍സിന്റെ മൂന്ന് മക്കളില്‍ ഒരാളായ ആശ ലോറന്‍സ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തള്ളിയത്. ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുനില്‍കിയതിന് എതിരെയാണ് ആശ ലോറന്‍സ് കോടതിയെ സമീപിച്ചത്.

വൈദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ട് ആളുകളോട് ലോറന്‍സ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹര്‍ജി കോടതി തള്ളിയത്. മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കല്‍ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മൃതദേഹം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും.

ആശ ലോറന്‍സിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനല്‍കണമെന്ന് എംഎം ലോറന്‍സ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എം എല്‍ സജീവന്‍ ഹൈക്കോടതിയെ അറിയിച്ചത്.

ഹര്‍ജിയില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ എം എം ലോറന്‍സിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എം എം ലോറന്‍സിന്റെ മരണത്തിന് പിന്നാലെയാണ് ആവശ്യവുമായി മകള്‍ ആശ രംഗത്തെത്തിയത്. പിന്നാലെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഉള്‍പ്പടെ നാടകീയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്.

കഴിഞ്ഞ മാസം 21 നായിരുന്നു ലോറന്‍സിന്റെ അന്ത്യം. 2015 ല്‍ സിപിഎം ആലപ്പുഴ സംസ്ഥാന സമ്മേളനത്തോടെ പാര്‍ട്ടിയുടെ ഔദ്യോഗിക സമിതികളില്‍ നിന്നും ഒഴിവായി വിശ്രമ ജീവിതത്തിലായിരുന്ന എംഎം ലോറന്‍സ്. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.

Tags:    

Similar News