കടലിന് നടുവിൽ കോടികളുടെ ആഡംബര വില്ല; ആഴ്ചയിൽ 38 കോടി ശമ്പളം, എന്നിട്ടും കൊമ്പുകോർത്ത് സിആർ7; എതിർ ടീമുകൾ ശക്തരാവുമ്പോൾ, അൽ-നാസറിന് ട്രാൻസ്ഫർ വിപണിയിൽ തണുപ്പൻ മട്ട്; സൗദിയിൽ 'പണിമുടക്കി' റൊണാൾഡോ; സൂപ്പർ താരത്തിന്റെ നീക്കത്തിൽ ക്ലബ്ബും പ്രതിരോധത്തിലാകുമ്പോൾ
റിയാദ്: ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോയും സൗദി ക്ലബ്ബ് അൽ-നസറും തമ്മിലുള്ള പോര് മുറുകുന്നു. ആഴ്ചയിൽ ഏകദേശം 38 കോടി രൂപ ശമ്പളം ലഭിച്ചിട്ടും, ക്ലബ്ബിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് താരം പണിമുടക്കിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തിങ്കളാഴ്ച അൽ-റിയാദുമായി നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിന് മുന്നോടിയായാണ് ഈ നാടകീയ നീക്കം.
അവഗണനയിൽ പ്രതിഷേധം:
സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (PIF) തന്റെ ക്ലബ്ബായ അൽ-നാസറിനെ അവഗണിക്കുന്നുവെന്നാണ് റൊണാൾഡോയുടെ പ്രധാന പരാതി. അൽ-നസർ ട്രാൻസ്ഫർ വിപണിയിൽ കാണിക്കുന്ന താൽപ്പര്യക്കുറവിൽ പ്രതിഷേധിച്ചാണ് റൊണാൾഡോ പണിമുടക്കുന്നത്. എതിരാളി ക്ലബ്ബുകൾ കോടികൾ മുടക്കി ടീമിനെ ശക്തിപ്പെടുത്തുമ്പോൾ, തന്റെ ടീമിനെ അവഗണിക്കുന്നു എന്നതിലാണ് 40-കാരനായ താരത്തിന്റെ അതൃപ്തി. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനെയാണ് (PIF) അദ്ദേഹം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. അൽ-നസർ ഉൾപ്പെടെയുള്ള നാല് പ്രമുഖ ക്ലബ്ബുകളുടെ 75 ശതമാനം ഓഹരികളും പി.ഐ.എഫിനാണ്.
അൽ നസർ ട്രാൻസ്ഫർ ജാലകത്തിലൂടെ ഒരു താരത്തെയാണ് ഇത്തവണ കൊണ്ടുവന്നത്. 21കാരനായ ഹെെദർ അബ്ദുൽകരീമാണ് ഈ താരം. എന്നാൽ ക്ലബ്ബിന്റെ പ്രകടനം മെച്ചപ്പെടുത്താൻ റൊണാൾഡോ ആവശ്യപ്പെട്ട താരങ്ങളെയൊന്നും ക്ലബ്ബ് ടീമിലേക്ക് കൊണ്ടുവന്നിട്ടില്ല. തന്റെ നിർദേശങ്ങൾക്ക് വേണ്ട പരിഗണന ലഭിക്കാത്തതിൽ സൂപ്പർ താരമെന്ന നിലയിൽ റൊണാൾഡോക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തം.
ബെൻസെമയുടെ വഴിയിൽ:
കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഏകദേശം 5,300 കോടി രൂപയുടെ കരാർ പുതുക്കിയപ്പോൾ "ഞാൻ സൗദിയുടേതാണ്" എന്ന് പ്രഖ്യാപിച്ച റൊണാൾഡോ, ഇപ്പോൾ വിശ്വസിക്കുന്നത് അൽ-ഹിലാൽ ഉൾപ്പെടെയുള്ള മറ്റ് ടീമുകൾക്ക് ട്രാൻസ്ഫർ വിപണിയിൽ അനാവശ്യ പരിഗണന ലഭിക്കുന്നു എന്നാണ്. മറ്റൊരു സൂപ്പർ താരം കരീം ബെൻസെമ അൽ-ഇത്തിഹാദിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് റൊണാൾഡോയും സമാനമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബെൻസെമ അൽ-ഹിലാലിലേക്ക് മാറാൻ ഒരുങ്ങുന്നതായാണ് വിവരം.
കിരീടമില്ലാത്ത ആധി:
റൊണാൾഡോയെ സംബന്ധിച്ചിടത്തോളം സൗദിയിലെ ആഡംബര ജീവിതവും സംസ്കാരവും അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും, ഒരു വിഷമം ബാക്കിയാണ്. അൽ-നസറിനൊപ്പം ഇതുവരെ ഒരു ആഭ്യന്തര കിരീടം പോലും നേടാനായിട്ടില്ല. 1,000 കരിയർ ഗോളുകൾ എന്ന നേട്ടത്തിലേക്ക് അദ്ദേഹം കുതിക്കുകയാണെങ്കിലും, ഒരു കിരീടം പോലും നേടാതെ മടങ്ങേണ്ടി വന്നാൽ തന്റെ സൗദി ജീവിതം പരാജയമായി കണക്കാക്കപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നു.
ആഡംബരത്തിന്റെ നെറുകയിൽ:
ഫുട്ബോൾ മൈതാനത്തെ രാഷ്ട്രീയവും ടെൻഷനുകളും തുടരുമ്പോഴും, മൈതാനത്തിന് പുറത്ത് റൊണാൾഡോയുടെ ജീവിതം അതീവ ആഡംബര പൂർണ്ണമാണ്. റെഡ് സീ തീരത്തെ 'നുജുമ റിറ്റ്‌സ്-കാൾട്ടൺ റിസർവിൽ' രണ്ട് വമ്പൻ വില്ലകൾ അദ്ദേഹം അടുത്തിടെ വാങ്ങിയിരുന്നു. ഏകദേശം 35 കോടി രൂപയോളം വിലവരുന്ന ഈ വില്ലകളിലേക്ക് ബോട്ടിലോ സീ പ്ലെയിനിലോ മാത്രമേ എത്താൻ കഴിയൂ. ഫുട്ബോൾ രാഷ്ട്രീയത്തിൽ നിന്ന് അകന്ന് കുടുംബത്തോടൊപ്പം സ്വകാര്യതയിൽ സമയം ചിലവഴിക്കാനാണ് താൻ ഈ വില്ലകൾ വാങ്ങിയതെന്ന് റൊണാൾഡോ പറഞ്ഞിരുന്നു.
