വിവാദമായ കട്ടിംഗ് സൗത്ത് പരിപാടി: ജന്മഭൂമിക്കും ജനം ടിവിക്കും എതിരായ കേസ് തള്ളി ഡല്‍ഹി ഹൈക്കോടതി; മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി; ന്യൂസ് മിനിറ്റ് പോര്‍ട്ടല്‍ ഉടമ ധന്യ രാജേന്ദ്രന് തിരിച്ചടി

ധന്യ രാജേന്ദ്രന് തിരിച്ചടി

Update: 2025-10-15 18:20 GMT

ന്യൂഡല്‍ഹി: വിവാദമായ കട്ടിംഗ് സൗത്ത് പരിപാടിയുമായി ബന്ധപ്പെട്ട് ജനം ടിവിക്കും ജന്മഭൂമി പത്രത്തിനും എതിരെ നല്‍കിയ കേസ് ഡല്‍ഹി ഹൈക്കോടതി തള്ളി. ന്യൂസ് മിനിറ്റ് ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉടമയായ ധന്യ രാജേന്ദ്രന്‍ നല്‍കിയ കേസാണ് കോടതി തള്ളിയത്. ധന്യ നല്‍കിയ മാനനഷ്ടക്കേസ് നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

2023 മാര്‍ച്ചിലാണ് ധന്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ കട്ടിംഗ് സൗത്ത് പരിപാടി കൊച്ചിയില്‍ അരങ്ങേറിയത്. കട്ടിങ് സൗത്ത് എന്ന പേരില്‍ ഭാരതത്തെ തെക്കേ ഭാഗമെന്ന് വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭൂപടത്തില്‍ വ്യത്യസ്തമായി കാണിച്ചു കൊണ്ട്, നടത്തിയ വിഘടന സ്വഭാവമുള്ള പരിപാടി എന്നാരോപിച്ചാണ് ജന്മഭൂമി, ജനം ടി.വി മുതലായ മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തക്കെതിരെ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ കൊടുത്ത കേസാണ് തള്ളിയത്.

ജന്മഭൂമിക്കുവേണ്ടി അഡ്വ. ജോജോ ജോസ് നല്‍കിയ അന്യായം നീക്കല്‍ ഹര്‍ജിയിലാണ് (Plaint Rejction Application) ഹൈക്കോടതി വിധി പറഞ്ഞത്. പ്രസ്തുത അന്യായം ഡല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

കട്ടിംഗ് സൗത്ത് ക്യാമ്പയില്‍ കൊച്ചിയില്‍ വച്ച് നടക്കുന്ന സമയത്ത് ജനം ടിവിയും ജന്മഭൂമി ദിനപത്രവും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു. തെളിവുകളും അടിസ്ഥാനവുമില്ലാതെയാണ് വാര്‍ത്തകളും വീഡിയോകളും പുറത്തു വിട്ടത് എന്നാണ് ധന്യ രാജേന്ദ്രന്‍ ആരോപിച്ചത്. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അടക്കം പങ്കെടുത്ത പരിപാടിയായിരുന്നു കട്ടിംഗ് സൗത്ത്.

കട്ടിംഗ് സൗത്ത് എന്ന പേര് 'കട്ടിംഗ് ചായ്', 'കട്ടിംഗ് എഡ്ജ്' എന്നീ പദങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചില മാധ്യമങ്ങള്‍ കട്ടിംഗ് സൗത്ത് എന്നാല്‍ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പദ്ധതിയാണ് എന്ന വ്യാജ പ്രചാരണം നടത്തിയെന്നാണ് ആരോപണം.

Tags:    

Similar News