രമ്യ ഹരിദാസും ഷാജന്‍ സ്‌കറിയയും ഒരുമിച്ചുള്ള ചിത്രം ഇട്ട് മുസ്ലിം വോട്ട് ഭിന്നിപ്പിക്കാന്‍ രംഗത്തിറങ്ങി സഖാക്കള്‍; ജലീലിനൊപ്പമുള്ള ചിത്രത്തിനൊപ്പം ഇ പി ജയരാജന്‍ മറുനാടന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും ഉപയോഗിച്ച് തിരിച്ചടിച്ച് സൈബര്‍ കോണ്‍ഗ്രസുകാരും

രമ്യ ഹരിദാസും ഷാജന്‍ സ്‌കറിയയും ഒരുമിച്ചുള്ള ചിത്രം ഇട്ട് മുസ്ലിം വോട്ട് ഭിന്നിപ്പിക്കാന്‍ രംഗത്തിറങ്ങി സഖാക്കള്‍

Update: 2024-10-16 07:56 GMT

തൃശൂര്‍: ചേലക്കര നിയമസഭാ മണ്ഡലം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം വിജയം അനിവാര്യമായ മണ്ഡലമാണ്. കാലങ്ങളായി സിപിഎം കൈവശം വെക്കുന്ന മണ്ഡലത്തില്‍ വിജയിച്ചു കയറിയാല്‍ ഭരണ വിരുദ്ധ വികാരമെന്ന പല്ലവിയെ മറികടക്കാന്‍ സിപിഎമ്മിന് കഴിയുമെന്നാണ് അവര്‍ കരുതുന്നത്. മുന്‍ എംഎല്‍എ യു ആര്‍ പ്രദീപിനെയാണ് സിപിഎം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങുന്നത്. എം പി കെ രാധാകൃഷ്ണനും അടിയുറച്ച് പ്രദീപിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പാണ്.

അതേസമയം പ്രചരണം കാര്യമായി തുടങ്ങുന്നതിന് മുമ്പു തന്നെ രമ്യ ഹരിദാസിനെതിരെ സിപിഎം സൈബറിടങ്ങള്‍ രംഗത്തുവന്നിരുന്നു. ലോക്‌സഭാ മണ്ഡലത്തില്‍ കെ രാധാകൃഷ്ണന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ രമ്യക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ ചേലക്കര പിടിച്ചെടുക്കാന്‍ കണക്കാക്കിയാണ് രമ്യയെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. ഇതോടെ വോട്ടു പിടിക്കാന്‍ മിടുക്കിയായ രമ്യ ഹരിദാസിനെ തുടക്കത്തിലെ തന്നെ കടന്നാക്രമിക്കാന്‍ വഴികള്‍ തേടുകയാണ് സിപിഎം.

ഇതിനായി മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ ചിത്രം അടക്കം സൈബറിടത്തില്‍ പ്രചരിപ്പിക്കുകയാണ് സഖാക്കള്‍. ഇതിന് മറുപടിയുമായി സൈബര്‍ കോണ്‍ഗ്രസുകാരും രംഗത്തുണ്ട്. പി വി അന്‍വര്‍ അടക്കം മറുനാടനെതിരെ മുസ്ലിംവിരുദ്ധ ചാപ്പകുത്തി നേരത്തെ രംഗത്തെത്തിയുന്നു. ഈ വഴിയിലാണ് മണ്ഡലത്തിലെ മുസ്ലിം വോട്ടുകള്‍ മറുനാടന്റെ പേരു പറഞ്ഞ് രമ്യയ്ക്ക് എതിരാക്കാന്‍ സിപിഎം സഖാക്കള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

മുന്‍കാലത്ത് മറുനാടനെ പിണറായി സര്‍ക്കാറും പോലീസും വേട്ടയാടിയപ്പോള്‍ രമ്യ ഹരിദാസ് പിന്തുണ അറിയിച്ച് ഷാജന്‍സ്‌കറിയയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു പിന്തുണ അറിയിച്ചിരുന്നു. അന്ന് സഖാക്കള്‍ രമ്യയെ ക്രൂരമായി സൈബര്‍ ആക്രമണം നടത്തുകയാണ് ചെയ്തത്. ഇപ്പോള്‍ ഷാജന്‍ സ്‌കറിയക്ക് ഒപ്പമുള്ള പഴയ ചിത്രം സൈബറിടത്തില്‍ പ്രചരിപ്പിച്ചാണ് സിപിഎം ഭിന്നിപ്പ് രാഷ്ട്രീയവുമായി രംഗത്തുവന്നിരിക്കുന്നത്. മണ്ഡലത്തിലെ മുസ്ലിംവോട്ടുകളെ ഉന്നമിട്ടാണ് ഇത്തരം പ്രചരണം നടക്കുന്നത്. അ

അതേസമയം ഇതിന് തിരിച്ചടിയുമായി സൈബര്‍ കോണ്‍ഗ്രസുകാരും രംഗത്തുണ്ട്. സിപിഎം നേതാക്കള്‍ക്കൊപ്പം ഷാജന്‍ സ്‌കറിയ നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചാണ് അവര്‍ ഈ പ്രചരണത്തെ പ്രതിരോധിക്കുന്നത്. കെ ടി ജലീലും ഇ പി ജയരാജനും കടകംപള്ളി സുരേന്ദ്രനും അടക്കമുള്ളവര്‍ ഷാജന്‍ സ്‌കറിയക്കൊപ്പം വിവിധ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഈ നേതാക്കള്‍ക്ക് കുഴപ്പമില്ലെങ്കില്‍ പിന്നെന്താണ് രമ്യയെ മാത്രം ആക്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ് സൈബറിടത്തില്‍ ചോദിക്കുന്ന കാര്യം.

മുമ്പ് സര്‍ക്കാറും സിപിഎമ്മും സകല ശക്തികളും ഉപയോഗിച്ചു മറുനാടന്‍ വേട്ടക്കിറങ്ങിയപ്പോള്‍ അന്ന് മറുനാടനെ അനുകൂലിച്ചു കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. മനസ്സുകൊണ്ട് പിന്തുണ നല്‍കിയ പല സിപിഎം അനുഭാവികളും ഉണ്ടായിയിരുന്നു. ഇതിനിടെയാണ് വീണ്ടും മറുനാടന്റെ പേരില്‍ കുപ്രചരണം നടത്തി മുതലെടുപ്പു രാഷ്ട്രീയം ചേലക്കര ഉപതിരഞ്ഞെുപ്പില്‍ സിപിഎം പയറ്റുന്നത്. ഇത് വരും കാലങ്ങളിലും കൂടുതല്‍ ശക്തമായേക്കും.

അതേസമയം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ചേലക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് രംഗത്തുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി സന്ദര്‍ശനം നടത്തിയ കല്ലേക്കുളങ്ങരയിലെ കൈപ്പത്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് രാവിലെ രമ്യ പ്രചാരണത്തിന് തുടക്കമിട്ടത്.

പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്ന് രമ്യ ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു. ചേലക്കരയില്‍ കോണ്‍ഗ്രസിന് ഒരവസരം കൊടുക്കണമെന്ന് സാധാരണക്കാരന്‍ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പിന്തുണയാകാം തന്നെ വീണ്ടും സ്ഥാനാര്‍ഥിയാക്കാനുള്ള കാരണമെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചതോടെ ചേലക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 54.41 ശതമാനം വോട്ട് നേടി വന്‍ ഭൂരിപക്ഷത്തില്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കെ. രാധാകൃഷ്ണനെ വിജയിപ്പിച്ച ചേലക്കര കൈവിടില്ലെന്ന ആത്മവിശ്വാസത്തില്‍ സി.പി.എം. 1996ല്‍ നഷ്ടപ്പെട്ട സീറ്റ് എങ്ങനെയും തിരിച്ചു പിടിക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 83415 വോട്ടുകള്‍ നേടിയാണ് സി.പി.എം സ്ഥാനാര്‍ഥിയായിരുന്ന കെ. രാധാകൃഷ്ണന്‍ വിജയിച്ചത്. കോണ്‍ഗ്രസിലെ സി.സി. ശ്രീകുമാര്‍ 44015 വോട്ടുകള്‍ നേടി രണ്ടാമതെത്തിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട് 24045 വോട്ടുകള്‍ നേടി. ആകെ പോള്‍ ചെയ്ത 153315 വോട്ടുകളില്‍ 54.41 ശതമാനം വോട്ടുകള്‍ സി.പി.എം നേടി. 39400 വോട്ടുകളുടെ ഭൂരിപക്ഷം രാധാകൃഷ്ണന്‍ നേടി.

മണ്ഡലത്തിലെ വോട്ടു ശതമാനം പരിശോധിച്ചാല്‍ 30 ശതമാനത്തോളം ഈഴവ വിഭാഗമാണ്. 20 ശതമാന മുന്നോക്ക ഹിന്ദു വിഭാഗവും 20 ശതമാനം പട്ടിക ജാതി വിഭാഗക്കാരുമുണ്ട്. 18 ശതമാനമാണ് മണ്ഡലത്തിലെ മുസ്ലിം വോട്ടര്‍മാര്‍. പത്ത് ശതമാനം ക്രൈസ്തവ വോ്ട്ടുകളും ചേലക്കരയിലുണ്ട്.

Tags:    

Similar News