'വ്യാജനാണ് പെട്ടു പോകല്ലെ..'; ഗതാഗത നിയമം ലംഘിച്ചതിന് പിഴയൊടുക്കണമെന്ന പേരിൽ വാട്സാപ്പ് സന്ദേശമെത്തും; ഒപ്പം ആപ്ലിക്കേഷൻ ഫയലും, ലിങ്കും; ഇതിൽ ക്ലിക്ക് ചെയ്യുന്നവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; സൈബർ തട്ടിപ്പിന്റെ പുതിയ വിദ്യയിൽ കബളിപ്പിക്കപ്പെട്ടവർ നിരവധി; മുന്നറിയിപ്പുമായി എംവിഡി
കൊച്ചി: കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈബർ തട്ടിപ്പുകൾ വർദ്ധിച്ചു വരികയാണ്. വാട്സാപ്പ് സന്ദേശത്തിലൂടെ പുതിയ തട്ടിപ്പ് വിദ്യയുമായി എത്തിയിരിക്കുകയാണ് സൈബർ കുറ്റവാളികൾ. ഗതാഗത നിയമം ലംഘിച്ചതിന് പിഴയൊടുക്കണമെന്ന സന്ദേശം വാട്സാപ്പിലൂടെ അയച്ചാണ് തട്ടിപ്പ്. വാട്സാപ്പിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തവരുടെ പണം നഷ്ടപ്പെട്ടതായി വ്യാപക പരാതി ഉയരുകയാണ്. ഇതുമായി ബന്ധപ്പെട്ട് എംവിഡിയും സൈബർ സെല്ലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പിഴ അടയ്ക്കാനുള്ള നോട്ടീസോ എം പരിവാഹൻ ആപ് ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശമോ വാട്‌സാപിൽ വരില്ല. സന്ദേശത്തോടൊപ്പമുള്ള .apk ഫയലോ ലിങ്കുകളോ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യരുതെന്നും അധികാരികളിൽ നിന്നും മുന്നറിയിപ്പുണ്ട്.
മോട്ടർ വാഹന വകുപ്പിന്റെ (എംവിഡി) പേരിൽ, ട്രാഫിക് നിയമ ലംഘനം നടത്തിയതിനു ഫൈനുണ്ട്, പിഴയടക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശങ്ങള്‍ വാട്‌സാപ്പിൽ പലർക്കും ലഭിക്കുന്നുണ്ട്. കൂടെ, ഡൗൺലോഡ് ചെയ്യാൻ 'mParivahan', 'Parivahan E-Challan Report' എന്നീ പേരുകളിലേതെങ്കിലുമുള്ള Apk (ആപ്ലിക്കേഷൻ ഫയൽ) ഇനത്തിലെ ഒരു ഫയലുമുണ്ടാകും. എന്നാൽ, ഇത് തട്ടിപ്പാണാണെന്നാണ് എംവിഡിയും സൈബർ സെല്ലും മുന്നറിയിപ്പ് നൽകുന്നത്.
ഇംഗ്ലീഷിലും മലയാളത്തിലും ഇത്തരം സന്ദേശങ്ങൾ വാട്സാപ്പിലൂടെ ലഭിക്കുന്നുണ്ട്. എന്ത് നിയമലംഘനത്തെ തുടർന്നാണ് പിഴയുള്ളതെന്നതുൾപ്പടെ വാട്സാപ്പിൽ ലഭിക്കുന്ന സന്ദേശം. ചുവന്ന സിഗ്നൽ അവഗണിച്ചു , ലൈൻ ട്രാഫിക് തെറ്റിച്ചു. ഇങ്ങനെ പല സന്ദേശങ്ങൾ വാട്സാപ്പിൽ വരും. പരിവാഹൻ അഥവ ആർടിഒ (റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ) അയക്കുന്ന സന്ദേശമെന്ന തരത്തിലാകും സന്ദേശം. മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെ ചിത്രങ്ങളാകും വാട്സാപ്പ് പ്രൊഫൈലിന്റെ ഡി.പി. ഉടൻ തന്നെ പിഴയടച്ചില്ലെങ്കിൽ കൂടുതൽ നടപടികളുണ്ടാകുമെന്നുള്ള അറിയിപ്പും ചില സന്ദേശങ്ങളിൽ പറയുന്നു. സന്ദേശം കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരുടെ പണം നഷ്ടമാകുകയാണ് ചെയ്യുന്നത്.
പൊലീസിന്റെയോ എംവിഡിയുടെയോ പേരിൽ വാട്‌സാപ്പിൽ ലഭിക്കുന്ന സന്ദേശങ്ങളെല്ലാം വ്യാജമാണ്. നിലവിൽ, അറിയിപ്പുകളോ സന്ദേശങ്ങളോ ഇവർ വാട്‌സാപ്പിൽ അയക്കാറില്ല. ഇത്തരം സന്ദേശങ്ങൾക്കൊപ്പമുള്ള ഫയൽ ക്ലിക്ക് ചെയ്ത് തുറന്നാൽ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്ത് ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ളവ ചോർത്തിയെടുക്കപ്പെടാം. എസ്എംഎസ് അഥവ ടെക്‌സ്റ്റ് മെസേജ് ആയാണ് പൊലീസും എംവിഡിയും സന്ദേശങ്ങൾ അയക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെ എംവിഡി മുന്നറിയിപ്പ് നൽകുന്നുണ്ട്.
എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്
വ്യാജനാണ് പെട്ടു പോകല്ലെ.
Traffic violation notice എന്ന പേരിൽ പലരുടെയും വാട്സ് ആപ്പ് നമ്പരിലേക്ക് മലയാളത്തിൽ താഴെ പറയുന്ന ഒരു മെസേജും mParivahan എന്ന ഒരു APK ഫയലും വരുന്നതായി പരാതി ഉയരുന്നുണ്ട്.
നേരത്തെ ഇത്തരം വ്യാജസന്ദേശങ്ങളും കെണികളും ഇംഗ്ലീഷിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് മലയാളത്തിലും വന്ന് തുടങ്ങിയിട്ടുള്ളത്.
ഇത് വ്യാജനാണ്. നിങ്ങൾ ആ ഫയൽ ഓപ്പൺ ചെയ്താൽ നിങ്ങളുടെ ഫോണിലുളള പ്രധാനപ്പെട്ട വിവരങ്ങൾ, ബാങ്ക് Details,പാസ് വേർഡുകൾ തുടങ്ങിയവ ഹാക്കർമാർ കൈക്കലാക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഒരു കാരണവശാലും APK ഫയൽ ഓപ്പൺ ചെയ്യരുത്.
മോട്ടോർ വാഹന വകുപ്പോ, പോലിസോ സാധാരണയായി വാട്ട്സ് അപ്പ് നമ്പറിലേക്ക് നിലവിൽ ചലാൻ വിവരങ്ങൾ അയക്കാറില്ല. അത്തരം വിവരങ്ങൾ നിങ്ങളുടെ ആർ സി യിൽ നിലവിലുള്ള മൊബൈൽ നമ്പറിലേക്ക് ടെക്സ്റ്റ് മെസേജ് ആയാണ് ഇ ചലാൻ സൈറ്റ് വഴി അയക്കാറുള്ളത്.
ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം മെസേജുകൾ വന്നാൽ https://echallan.parivahan.gov.in എന്ന സൈറ്റിൽ കയറി Check Pending transaction എന്ന മെനുവിൽ നിങ്ങളുടെ വാഹന നമ്പറോ,ചലാൻ നമ്പറോ നൽകിയാൽ നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും ചലാൻ പെൻ്റിങ്ങ് ഉണ്ടോ എന്ന് അറിയാവുന്നതാണ്.
ഏതെങ്കിലും തരത്തിൽ പണം നഷ്ടപ്പെട്ടാൽ ഉടനടി 1930 എന്ന നമ്പറിലേക്ക് ബന്ധപ്പെടുക.