ഒരു വിളിക്കപ്പുറം ഭക്ഷണമെത്തിക്കുന്നവര്‍ക്കും ബജറ്റില്‍ കൈത്താങ്ങ്; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇ-ശ്രാം പോര്‍ട്ടലില്‍;പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തും; രാജ്യത്തെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം, ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍
ഒരു വിളിക്കപ്പുറം ഭക്ഷണമെത്തിക്കുന്നവര്‍ക്കും ബജറ്റില്‍ കൈത്താങ്ങ്
ന്യൂഡല്‍ഹി: കേന്ദ്രബജറ്റില്‍ പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കും കൈത്താങ്ങ്.ഇരു വിഭാഗങ്ങളുടെയും സമഗ്രമായ സുരക്ഷ കണക്കിലെടുത്ത് സാമൂഹ്യ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചു.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ തൊഴിലെടുക്കുന്നവര്‍ക്കും ഗിഗ് തൊഴിലാളികള്‍ക്കും സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആരോഗ്യ പരിരക്ഷ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞു.സമ്പദ്വ്യവസ്ഥയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഗിഗ് തൊഴിലാളികളുടെ സംഭാവന കണക്കിലെടുത്ത് ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകളും ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്‌ട്രേഷനും ക്രമീകരിക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു.
ഇശ്രാം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം.പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ ഉള്‍പ്പെടുത്തി ഇവരുടെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.കാറ്ററിങ് ജോലികള്‍, ഫ്രീലാന്‍സ് ജോലികള്‍, സ്വതന്ത്ര കോണ്‍ട്രാക്ടന്മാര്‍, സോഫ്ട്വെയര്‍ വികസനം തുടങ്ങിയ നിരവധി മേഖലയിലാണ് ഗിഗ് തൊഴിലാളികള്‍ ജോലിചെയ്യുന്നത്.മണിക്കൂര്‍ അനുസരിച്ചോ പാര്‍ട്ട് ടൈമായോ ആണ് ഇത്തരം ജോലികള്‍.പാര്‍ട്ട് ടൈമായി പല വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നവരും ഇതിന് കീഴില്‍വരും.
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന തൊഴിലാളികളാണ് പ്ലാറ്റ് ഫോം തൊളിലാളികള്‍.ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകളില്‍ തൊഴിലെടുക്കുന്നവര്‍,ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസുകളില്‍ തൊഴിലെടുക്കുന്നവര്‍,ഡെലിവറി തൊഴിലാളികള്‍ തുടങ്ങിയവരും പ്ലാറ്റ്ഫോം തൊഴിലാളികളാണ്.
2029-30 ആകുമ്പോഴേക്കും ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികളുടെ എണ്ണം 23.5 ദശലക്ഷമാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക് കൂട്ടല്‍. 2020-21 ല്‍ കണക്കാക്കിയ 7.7 ദശലക്ഷത്തിന്റെ മൂന്നിരട്ടിയാണ്. ഗിഗ്, പ്ലാറ്റ്ഫോം തൊഴിലാളികള്‍ക്ക് അനുയോജ്യമായ സാമൂഹിക സുരക്ഷാ നടപടികള്‍ രൂപപ്പെടുത്തുന്നതിന് 2020 ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡ് വ്യവസ്ഥ ചെയ്തിരുന്നു.വിദ്യാര്‍ത്ഥികളും സ്ത്രീകളുമുള്‍പ്പെടെ ഈ മേഖലയുടെ ഗുണഭോക്താക്കളാണ്. ഇവരുടെ തൊഴില്‍ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനം.
പരാധീനതകളുടെ ഗിഗ് മേഖല
ഡല്‍ഹി ആസ്ഥാനമായുള്ള എന്‍.ജി.ഒ. 'ജന്‍ പഹന്‍' രാജ്യത്തെ 32 നഗരങ്ങളിലായി 5000ത്തിലധികം ഗിഗ് തൊഴിലാളികളില്‍ നടത്തിയ സര്‍വെയില്‍ 85 ശതമാനം തൊഴിലാളികളും ദിവസം എട്ട് മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട് എന്നാണ് കണ്ടെത്തിയത്. അതില്‍ തന്നെ 21 ശതമാനം ജീവനക്കാര്‍ ദിവസം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നുണ്ട്. സര്‍വെയില്‍ പ്രതികരിച്ച 65 ശതമാനം സ്ത്രീകളും ജോലിയില്‍ സുരക്ഷിതത്വം ഇല്ല എന്നാണ് അഭിപ്രായപ്പെട്ടത്. മുഖ്യ ജീവനോപധിയായി ഗിഗ് മേഖലയെ തെരഞ്ഞെടുത്തവര്‍ക്ക് മുമ്പിലുള്ള അരക്ഷിതാവസ്ഥയാണ് ഇത് ബോധ്യപ്പെടുത്തുന്നത്.
ഇവര്‍ക്ക് നിയമസംരക്ഷണം ഉറപ്പു വരുത്തുന്നതിനായി 2020 ല്‍ കേന്ദ്ര സര്‍ക്കാര്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് കൊണ്ടു വന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല.ഈ സാഹചര്യത്തിലാണ് ബജറ്റിലെ പ്രഖ്യാപനം ഈ മേഖലയ്ക്ക് ആശ്വാസമാകുന്നത്.ഇപ്പോള്‍ 77 ലക്ഷത്തോളം പേരുണ്ട്.സംസ്ഥാനത്ത് യുവതികള്‍ ഉള്‍പ്പെടെ രണ്ട് ലക്ഷത്തോളം ഗിഗ് തൊഴിലാളികളുണ്ട്.ഓര്‍ഡറനുസരിച്ച് ഭക്ഷണവുമായി പാഞ്ഞെത്തുന്ന ഓണ്‍ലൈന്‍ ഭക്ഷണ വിതരണ തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യമില്ല.ഹോട്ടലുകള്‍ക്കു മുമ്പിലോ റോഡ് വക്കിലോ കാത്തുനില്‍ക്കണം.
ടോയ്‌ലെറ്റ് ഉപയോഗിക്കണമെങ്കിലും ഹോട്ടലുടമ കനിയണം.ഭക്ഷണം എത്തിക്കേണ്ട ദൂരത്തിനനുസരിച്ചാണ് പ്രതിഫലം.ഇന്ധനച്ചെലവ് സ്വയം വഹിക്കണം.ഉച്ചയ്ക്ക് 12 - 3 വരെയും വൈകിട്ട് 6 - 9 വരെയുമുള്ള പീക്ക് അവറുകളില്‍ നിശ്ചിത സമയത്ത് ഓര്‍ഡറുകളെത്തിച്ചാല്‍ ഇന്‍സെന്റീവുണ്ട്.പ്രതിദിനം 700 മുതല്‍ 1200 രൂപ വരെ ലഭിക്കാം.കൂടുതല്‍ സമ്പാദിക്കുന്നവരുമുണ്ട്.ഗിഗ് തൊഴിലാളികള്‍ക്ക് പ്രത്യേകം തൊഴില്‍ നിയമമില്ല എന്നത് തന്നെയാണ് വെല്ലുവിളി.ആരോഗ്യമുള്ളിടത്തോളം ജോലി ചെയ്യാമെന്നല്ലാതെ, തൊഴില്‍ സുരക്ഷയുമില്ല. മുതലാളി തൊഴിലാളി ബന്ധമില്ല. അടിസ്ഥാന ശമ്പളം, പി.എഫ്, ഇ.എസ്.ഐ,ഓവര്‍ടൈം ആനുകൂല്യങ്ങളൊന്നുമില്ല.തൊഴിലാളികള്‍ സംഘടിതരുമല്ല.
ഇവരുടെ ജോലിയില്‍ വേഗത്തിന് പ്രാധാന്യം നല്‍കുന്നതിനാല്‍ അതിന്റേതായ സമ്മര്‍ദ്ദവുമുണ്ട്. അതിവേഗം സഞ്ചരിക്കേണ്ടതിനാല്‍ അപകടസാദ്ധ്യതയും ഏറെയാണ്.പ്രതിഫലവും ജോലി വ്യവസ്ഥകളും വ്യത്യസ്തമാണ്.എങ്കിലും ബോസിനെ ഭയക്കാതെ സ്വാതന്ത്ര്യത്തോടെ ജോലി ചെയ്യാം.ജോലിക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം.ബാക്കി സമയം മറ്റു ജോലികളാകാം എന്നതൊക്കെ ഗിഗ് തൊഴിലാളികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. തൊഴിലാളികളുടെ ക്ഷേമത്തിനായി 2021ല്‍ കര്‍ണാടക നിയമം പാസാക്കിയിരുന്നു.ഇതിന് പിന്നാലെ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് കേരളത്തിലും നിയമം പാസാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.ഇതിന് മുന്നൊടിയായി തൊഴിലാളികളെ ഉള്‍പ്പെടുത്തി ശില്‍പ്പശാലയും ഒരുക്കിയിരുന്നു.
ഭക്ഷണവിതരണത്തില്‍ സൊമാറ്റോ, സ്വിഗ്ഗി,ഗതാഗതത്തില്‍ ഊബര്‍, ഓല,ഡ്രസ്, വീട്ടുസാധനങ്ങളുടെ വിതരണം എന്നിവയില്‍ ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയിലാണ് പ്രധാനമായും ഗിഗ് വര്‍ക്കര്‍മാര്‍ ഉള്‍പ്പെടുന്നത്.