വീശിയടിക്കാനൊരുങ്ങി 'ദാന' ചുഴലിക്കാറ്റ്; ഇന്ന് രാത്രിയോടെ തീരം തൊടും; മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗത; വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാൻ സാധ്യത; സ്‌കൂളുകൾ അടച്ചിട്ടു; ലക്ഷക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു; ജാഗ്രത നിർദ്ദേശം നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്

Update: 2024-10-24 14:11 GMT

കൊൽക്കത്ത: പശ്ചിമ ബംഗാളിനെ വിറപ്പിച്ച് 'ദാന' ചുഴലിക്കാറ്റ് വീശിയടിക്കാനൊരുങ്ങുന്നു. 'ദാന' ഇന്ന് രാത്രിയോടെ തീരം തൊടുമെന്നാണ് ജനങ്ങൾക്ക് കിട്ടിയിരിക്കുന്ന മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതിനോടകം ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. പുരിക്കും സാഗർ ദ്വീപിനും ഇടയിലാണ് ദാന തീരം തൊടുക എന്നാണ് റിപ്പോർട്ടുകൾ.

ചുഴലിക്കാറ്റിന് മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗത കാണും. ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാനാണ് സാധ്യത കൂടുതൽ. ഒഡീഷയും പശ്ചിമ ബംഗാളും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറെടുപ്പുകൾ എടുത്തുകഴിഞ്ഞു.

അതേസമയം, ഒഡീഷയിൽ ഒക്‌ടോബർ 24 വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിൽ എടുത്ത് ഒഡീഷ സർക്കാർ സ്‌കൂളുകൾ അടച്ചിടുകയും മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 24 വരെ കടലിൽ പോകുന്നത് ഒഴിവാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

വിനോദ സഞ്ചാരികളോടും തീർഥാടകരോടും പുരിയിലേക്കുള്ള യാത്ര ഒഴിവാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ, ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു.

ഇന്ത്യയുടെ കിഴക്കൻ തീരത്ത് കുറഞ്ഞത് 10 ലക്ഷത്തിലധികം ആളുകളെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറേണ്ട സ്ഥിതിയാണുള്ളത്. 14 ജില്ലകളിലെ 3,000 ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്നും ഒഡീഷ സർക്കാർ അറിയിച്ചു. അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ വ്യക്തമാക്കി.  

Tags:    

Similar News