വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന്റെ ഓര്‍മ്മക്കായി കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ ബീജം ആവശ്യപ്പെട്ട് യുവതി; മരണം കഴിഞ്ഞ് 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ നിസ്സഹായത അറിയിച്ചു ഡോക്ടര്‍മാര്‍

വിവാഹം കഴിഞ്ഞ് നാലാം മാസത്തില്‍ ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു

Update: 2024-12-23 08:36 GMT

ഭോപാല്‍: അകാലത്തില്‍ മരണപ്പെട്ട ഭര്‍ത്താവിന്റെ ബീജം സംഭവിച്ച് ഗര്‍ഭിണായായ യുവതിയുടെ അനുഭവങ്ങള്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുണ്ട്. ഇത് അപൂര്‍വ്വമായി മാത്രം നടക്കുന്ന കാര്യമാണ്. ഇതിനിടെയാണ് മധ്യപ്രദേശില്‍ അപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ ബീജം വേണമെന്ന ആവശ്യവുമായി യുവതി രംഗത്തുവന്നത്.

മധ്യപ്രദേശിലെ രേവ ഗ്രാമത്തിലെ യുവതിയാണ് ആവശ്യവുമായി സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിയില്‍ എത്തിയത്. വാഹന അപകടത്തിലാണ് യുവതിയുടെ ഭര്‍ത്താവായിരുന്ന ജിതേന്ദ്ര സിങ് ഗെഹര്‍വാര്‍ മരിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാലുമാസമായിട്ടേ ഉണ്ടായിരുന്നുള്ളൂ.

പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായാണ് യുവാവിന്റെ മൃതദേഹം ആശുപത്രിയിലെത്തിച്ചത്. ആദ്യം ഭര്‍ത്താവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് യുവതി സമ്മതിച്ചില്ല. പിന്നീടാണ് തനിക്ക് ഗര്‍ഭം ധരിക്കാനായി ഭര്‍ത്താവിന്റെ ബീജം ലഭിക്കണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചത്. അതേസമയം യുവാവ് മരിച്ച് 24 മണിക്കൂര്‍ കഴിഞ്ഞതിനാല്‍ ബീജമെടുക്കാന്‍ സാധിക്കുകയില്ല എന്നായിരുന്നു ഡോക്ടര്‍മാരുടെ മറുപടി.

മരണം സംഭവിച്ച് 24മണിക്കൂറിനകം ബീജം എടുത്ത് സൂക്ഷിച്ചുവെക്കണം. ആ സമയംകടന്നു പോയതിനാല്‍ അതിനു സാധിക്കുകയില്ല. ബീജം സംരക്ഷിക്കാനുള്ള സംവിധാനം ആശുപത്രിയില്‍ ഇല്ലെന്നും ഫോറന്‍സിക് വിഭാഗം മേധാവിയായ ഡോ. രജനീഷ് കുമാര്‍ പാണ്ഡെ അറിയിച്ചു.

തന്റെ ആവശ്യം നടക്കില്ലെന്ന് മനസിലാക്കിയ യുവതി ആശുപത്രിയില്‍ ബഹളം വെച്ചു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് യുവതിയെ അനുനയിപ്പിച്ചത്. ഒടുവില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ യുവാവിന്റെ അനുമതി ലഭിച്ചതോടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി യുവാവിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു.

വിവാഹം കഴിഞ്ഞ് നാലുമാസത്തിനുള്ളില്‍ ഭര്‍ത്താവിനെ നഷ്ടമായ യുവതിയുടെ സങ്കടം മനസിലാക്കുന്നുവെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. അതുല്‍ സിങ് പ്രതികരിച്ചു. ഭര്‍ത്താവിന്റെ ഓര്‍മക്കായാണ് കുട്ടിയുണ്ടാകാന്‍ അവര്‍ ആഗ്രഹിച്ചത്. എന്നാല്‍ സമയം വൈകിയതിനാല്‍ ഒന്നും സാധിക്കാതെ വന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News