ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണ്; സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡം അനുസരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുക മാത്രമാണ് പി.എസ്.സിയുടെ ചുമതല; സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ അവകാശമില്ല; രൂക്ഷവിമാര്‍ശനവുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം തള്ളിയതില്‍, പി.എസ്.സി.യെ വിമര്‍ശിച്ച് സുപ്രീംകോടതി. സര്‍ക്കാര്‍ നിര്‍ദേശം നിരാകരിക്കുന്നത് അധികാരപരിധി ലംഘിക്കുന്നതിന് തുല്യമാണെന്നും, പി.എസ്.സി.ക്ക് ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ഇല്ലെന്നുമാണ് സുപ്രീംകോടതിയുടെ വാദം. ഉദ്യോഗാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പിനായുള്ള സ്വയംഭരണമാണ് പി.എസ്.സി.ക്ക് ബാധകമാകുന്നത്, ഒഴിവുകളുടെ എണ്ണം തീരുമാനിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും സര്‍ക്കാരിന്റെ അധികാരപരിധിയിലാണെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിനുള്ള റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ പിഎസ്സി തള്ളിയതിനെതിരെ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. ഒഴിവുകള്‍ വിജ്ഞാപനം ചെയ്യുന്നതും, ജോലിയുടെ ഭരണപരമായ ആവശ്യത്തിന് അനുസരിച്ച് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും സര്‍ക്കാരിന്റെ അധികാരമാണ്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി റാങ്ക് പട്ടിക തയ്യാറാക്കല്‍ മാത്രമാണ് പിഎസ്‌സിയുടെ ചുമതലയെന്നും ജസ്റ്റിസുമാരായ വിക്രംനാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തൊഴില്‍ദാതാവ് എന്ന നിലയില്‍ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്.സി. കടന്ന് കയറുന്നത് ശരിയല്ല. കൂടുതല്‍ ജീവനക്കാരെ ആവശ്യമുണ്ടെന്ന് മനസിലാക്കി റാങ്ക് പട്ടിക വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അംഗീകരിക്കാന്‍ പി.എസ്.സിക്ക് ബാധ്യതയുണ്ട്. ആ നിര്‍ദേശം നിരാകരിക്കുന്നത് അധികാര പരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി ഉത്തരവില്‍ വിശദീകരിക്കുന്നു.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 നിയമനത്തിന് 2014 പ്രസിദ്ധീകരിച്ച വിജ്ഞാപനപ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020 ല്‍ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനാല്‍ സര്‍ക്കാരിന് റാങ്ക് പട്ടിക വിപുലീകരിക്കമെന്ന് നിര്‍ദേശം നല്‍കാന്‍ അധികാരമുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കുമെന്നും സുപ്രീംകോടതി വ്യകത്മാക്കിയിട്ടുണ്ട്. ഹര്‍ജിക്കാര്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകരായ ഹാരിസ് ബീരാന്‍, അസര്‍ അസീസ്, ആനന്ദ് ബി മേനോന്‍ എന്നിവരാണ് ഹാജരായത്.