'എനിക്കെന്റെ അമ്മയെ കാണണം, ആ മുഖം ഒന്നു കണ്ടേ തീരൂ': ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിച്ച അമ്മയെ കുറ്റപ്പെടുത്താനില്ല, ഞാനും ഒരമ്മയല്ലേ! 42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടിയെത്തി മകള്‍; കെട്ടിപ്പിടിച്ച് ഉമ്മ വച്ച് നിഷ പൊട്ടിക്കരഞ്ഞപ്പോള്‍ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി സാറാമ്മയും
42 വര്‍ഷങ്ങള്‍ക്ക് ശേഷം ബെല്‍ജിയത്തില്‍ നിന്ന് പെറ്റമ്മയെ തേടി മകള്‍
തൃശൂര്‍: പേടിയാണമ്മെ, വരൂ നീ
എനിക്കിനിത്തീരെ വയ്യമ്മെ
വേഗം വരൂ, എന്തൊരു ദാഹമാണമ്മേ.....!'
വേദന അനുഭവിക്കുന്ന കുഞ്ഞിനെ കുറിച്ച് വേവലാതിപ്പെടുന്ന അമ്മമനസിനെ കുറിച്ച് കവയത്രി സുഗതകുമാരി വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതി. കുഞ്ഞുന്നാളിലേ അമ്മ അനാഥാലയത്തില്‍ ഉപേക്ഷിച്ചുപോകുന്ന കുഞ്ഞുങ്ങളുടെ വേദന എങ്ങനെ അളക്കാന്‍ കഴിയും! പറക്കമുറ്റുമ്പോള്‍, തന്നെ, പലവിധ കാരണങ്ങളാല്‍ ഉപേക്ഷിച്ചുപോയ അമ്മയെ തേടി വരുന്ന ചില കുട്ടികളുണ്ട്. അപ്പോഴേക്കും വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കും, കഥാപാത്രങ്ങള്‍ക്കെല്ലാം രൂപമാറ്റവും സംഭവിച്ചിരിക്കും. ബെല്‍ജിയം സ്വദേശികള്‍ കൊച്ചിയില്‍ നിന്ന് ദത്തെടുത്ത കുഞ്ഞ് 42 വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയെ തേടി വന്ന കഥയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.
42 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുവരവ്
ആറുമാസം പ്രായമുള്ളപ്പോഴാണ് നിഷ എറണാകുളം സെന്റ് തെരേസാസ് കോളജ് ക്യാംപസിലെ മന്‍സില്‍ അനാഥാലയത്തില്‍ എത്തുന്നത്. അവള്‍ക്ക് ഒരു വയസായപ്പോള്‍, കൃത്യമായി പറഞ്ഞാല്‍ 1983 ല്‍, ഒരുകുഞ്ഞിനെ മോഹിച്ച് എത്തിയ ബല്‍ജിയം ദമ്പതികള്‍ അവള്‍ക്ക് പുതുജീവിതം നല്‍കി. മുതിര്‍ന്നപ്പോള്‍, വളര്‍ത്തച്ഛനും അമ്മയും അവളോട് എല്ലാം തുറന്നുപറഞ്ഞു. കേരളം എന്ന നാടിനെ കുറിച്ചും അവിടുത്തെ അനാഥാലായത്തെയും അവിടെ ഉപേക്ഷിച്ചുപോയ തന്റെ അമ്മയെയും എല്ലാം അവള്‍ മനസില്‍ കണ്ടു. തന്നെ ഉപേക്ഷിച്ചുപോയ അമ്മയോട് അവള്‍ക്ക് ദേഷ്യം തോന്നിയില്ല. എന്തോ, വല്ലാത്ത കാരുണ്യം തോന്നി. അവരുടെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളാവാം അമ്മയെ കൊണ്ടത് ചെയ്യിച്ചത്. താനും ഒരു അമ്മയാണല്ലോ എന്നവള്‍ ഓര്‍ത്തു. തിരക്കുകള്‍ എല്ലാം മാറ്റി വച്ച് നിഷ ബെല്‍ജിയത്തില്‍ നിന്ന് അമ്മയെ കണ്ടെത്താനായി കൊച്ചിയില്‍ പറന്നെത്തി.
ആ മുഖം ഒന്നു കണ്ടേ തീരൂ...
ആരെയും കുറ്റപ്പെടുത്താനായിരുന്നില്ല നിഷയുടെ യാത്ര. 'എനിക്കെന്റെ അമ്മയെ കാണണം. ആ മുഖം ഒരിക്കല്‍ കണ്ടേ തീരൂ,' നിഷ പറഞ്ഞു. അമ്മയെ അറിയാതെ ഈ ലോകം വിട്ടുപോകാനാവില്ലെന്ന വേദനയും സ്‌നേഹവും നിറഞ്ഞ വാക്കുകള്‍ ദൃഢനിശ്ചയമായി മാറി. ടെലിവിഷന്‍ ചാനലില്‍ വാര്‍ത്ത വന്നതോടെ, നിഷയെ ഒരാള്‍ തിരിച്ചറിഞ്ഞു. അവളുടെ അര്‍ദ്ധ സഹോദരന്‍ ബിനോയ് ചാക്കോ.
അവളെ ആറാം മാസത്തില്‍ അനാഥാലയത്തില്‍ ഉപേക്ഷിക്കുമ്പോള്‍ ബിനോയ് പത്താം ക്ലാസിലായിരുന്നു. അന്നത്തെ സംഭവങ്ങള്‍ അയാളുടെ മനസ്സില്‍ ഫ്‌ളാഷ് ബാക്ക് പോലെ തെളിഞ്ഞു. തൃശൂരിലെ വയോജന കേന്ദ്രത്തില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് നിഷയുടെ വഴിയൊരുക്കിയതും ബിനോയിയാണ്.
മകളുടെ മുഖത്തേക്ക് നോക്കാനാവാതെ സാറാമ്മ
ആറം മാസത്തില്‍ പൊന്നുമോളെ ഉപേക്ഷിക്കേണ്ടി വന്നത് ഒരുനിവൃത്തിയുമില്ലാതെയായിരുന്നു. ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ വല്ലാത്ത കുറ്റബോധം. തന്റെ കണ്‍മുന്നില്‍ വല്യ ആളായി വന്നുനില്‍ക്കുന്ന മകളുടെ മുഖത്തേക്ക് ഒന്നു നോക്കാന്‍ പോലും വിഷമം തോന്നി. മകളുടെ മുടിയിലും നര വീണിരിക്കുന്നു. കാലം എത്രയോ കടന്നിരിക്കുന്നു. മുളന്തുരുത്തിയില്‍ നിന്നാണ് അന്ന് ബന്ധുക്കള്‍ കുഞ്ഞിനെ അനാഥാലയത്തില്‍ എത്തിച്ചത്. ബന്ധങ്ങളിലെ താളപ്പിഴകളായിരുന്നു ആ കടുംകൈക്ക് കാരണം. ഇന്നതെല്ലാം ഓര്‍ക്കുമ്പോള്‍ എന്തൊരു കാലം!
കുറച്ചുനേരം തന്നെ നോക്കി നിന്ന നിഷ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് ഉമ്മ വച്ചപ്പോഴാണ് സാറാമ്മയും കരഞ്ഞുപോയത്. ഒരു വലിയ കാര്‍മേഘം പെയ്‌തൊഴിഞ്ഞ പോലെ മനസൊന്ന് തണുത്തു. കൊതി തീരും വരെ അമ്മയും മകളും പരസ്പരം കണ്ടു, സംസാരിച്ചു.
ഭര്‍ത്താവ് യോസിനെയും മകള്‍ രായയേയും അവള്‍ അമ്മയ്ക്ക് പരിചയപ്പെടുത്തി. താന്‍ ഇനിയും വരുമെന്ന് അമ്മക്ക് ഉറപ്പ് നല്‍കിയാണ് നിഷ മടങ്ങിയത്. വഴിക്കണ്ണുമായി സാറാമ്മ കാത്തിരിപ്പാണ്.