'മ്യാവൂ മ്യാവൂ' എന്നാല്‍ പൂച്ച കരച്ചിലല്ല, ഡി കമ്പനി വിതരണം ചെയ്യുന്ന തീവ്ര രാസലഹരി; ഡ്രഗ് പാര്‍ട്ടിയില്‍ നോറ ഫത്തേഹിയും ശ്രദ്ധ കപൂറിനെയും പോലുള്ള താര സുന്ദരികള്‍; എന്‍സിപി നേതാവ് സിഷാന്‍ സിദ്ദിഖിയടക്കം പ്രമുഖര്‍ വേറെയും; ബോളിവുഡിന്റെ ദാവൂദ് ബന്ധം വീണ്ടും പുറത്താവുമ്പോള്‍!

ബോളിവുഡിന്റെ ദാവൂദ് ബന്ധം വീണ്ടും പുറത്താവുമ്പോള്‍!

Update: 2025-11-13 17:22 GMT

'മ്യാവൂ മ്യാവൂ' എന്ന വാക്കിന്റെ അര്‍ത്ഥം മുംബൈയിലിപ്പോള്‍ പൂച്ചകരച്ചില്‍ എന്നല്ല. അത് ഗ്രാമിന് പതിനയ്യായിരത്തിലേറെ രൂപ വില വരുന്ന ഗുരുതര രാസലഹരിയാണ്. എം-ക്യാറ്റ്, മ്യാവൂ മ്യാവൂ, ഐസ് എന്നും അറിയപ്പെടുന്ന മെഫെഡ്രോണ്‍ എന്ന കെമിക്കല്‍ ഡ്രഗാണ് ഇപ്പോള്‍ ഇന്ത്യന്‍ നഗരങ്ങളെ പിടിച്ചുകലുക്കുന്നത്. കോടികള്‍ വിലമതിക്കുന്ന ഇതിന്റെ വിതരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതാവട്ടെ, ഇടക്കാലത്ത് മുംബൈയില്‍ വേരറ്റുപോയ ഡി കമ്പനിയും!

കഴിഞ്ഞ രണ്ടുമാസമായി മുംബൈയിലും ഗുജറാത്തിലും രാജസ്ഥാനില്‍നിന്നുമൊക്കെയായി ശതകോടികളുടെ 'മ്യാവൂ, മ്യാവൂ' ആണ് പിടികൂടിയത്. ഇതിന്റെ അന്വേഷണമാണ് ദാവൂദ് സംഘത്തില്‍ എത്തി നില്‍ക്കുന്നത്. ദാവൂദിന്റെ ശിഷ്യനായ, ജിഹാദി ഡ്രഗ് ഡോണ്‍ എന്നും അറിയപ്പെടുന്ന ഹാജി സലീം ഒരു പുതിയ ഡ്രഗ് കാര്‍ട്ടല്‍ തന്നെ ഇന്ത്യയില്‍ ഉണ്ടാക്കിയെന്നാണ് പറയുന്നത്. ഈ സംഘത്തെക്കുറിച്ച് മുംബൈ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ നടന്മാരുടെയും രാഷ്ട്രീയക്കാരുടെയും പേരുകള്‍ പുറത്തുവന്നിരിക്കയാണ്. ഇന്ത്യാടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത് സിനിമാക്കാരും രാഷ്ട്രീയക്കാരുമടങ്ങുന്ന അധോലോകത്തിലേക്കാണ്.

ഡ്രഗ് പാര്‍ട്ടികളില്‍ താര സുന്ദരികള്‍

ഡി കമ്പനിയിലെ രണ്ടാം തലമുറയായ സലിം ദോലയുടെ മകന്‍ താഹെര്‍ ദോലയും, ദാവൂദ് ഇബ്രാഹിമിന്റെ സ്വന്തം സഹോദരി ഹസീന പാര്‍ക്കറുടെ മകന്‍ അലിഷാപാര്‍ക്കറുമാണ് ഈ പാര്‍ട്ടികള്‍ക്ക് പിന്നില്‍. ഡോല സിന്‍ഡിക്കേറ്റ് എന്നാണ് ഇവര്‍ അറിയപ്പെട്ടത്. ദുബൈയില്‍ നിന്നാണ് ഇവര്‍ മെഫെഡ്രോണ്‍ എത്തിക്കുന്നത്. അത് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിക്കയായിരുന്നു. ഓഗസ്റ്റില്‍ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഡോളയുടെ മകന്‍ താഹെര്‍ ഡോളയൂടെ ചോദ്യം ചെയ്യലില്‍ പ്രധാന വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടണ്ടെന്ന് ഇന്ത്യാ ടുഡേ പറയുന്നു. നിരവധി ബോളിവുഡ് നടന്മാര്‍, മോഡലുകള്‍, റാപ്പര്‍മാര്‍, ചലച്ചിത്ര നിര്‍മ്മാതാക്കള്‍, ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കള്‍ എന്നിവര്‍ ഇന്ത്യയിലും വിദേശത്തും അദ്ദേഹം സംഘടിപ്പിച്ച മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തതായി താഹെര്‍ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.




നോറ ഫത്തേഹി, ശ്രദ്ധ കപൂര്‍, സഹോദരന്‍ സിദ്ധാര്‍ത്ഥ് കപൂര്‍ എന്നീതാരങ്ങളാണ് ബോളിവുഡില്‍നിന്ന് ഡ്രഗ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍. ഒപ്പം സിഷാന്‍ സിദ്ദിഖി എന്ന അജിത്പവാര്‍ വിഭാഗം എന്‍സിപി നേതാവുമുണ്ട്. നമ്മുടെ ആറാട്ടണ്ണനെപ്പോലെ ബോളിവുഡ് നടിമാര്‍ക്കൊപ്പം ചിത്രം പങ്കുവെക്കുന്ന ഇന്‍ഫ്ളുവന്‍സറായ ഒറി എന്ന ഓര്‍ഹാനും പാര്‍ട്ടികളില്‍ ഉണ്ടായിരുന്നതായി ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അബ്ബാസ് മസ്തന്റെ സാനിധ്യവും ഇന്ത്യയിലും വിദേശത്തുമായി നടന്ന പാര്‍ട്ടികളില്‍ വരുന്നുണ്ട്.

ഇഡിയും മുംബൈ ക്രൈംബ്രാഞ്ചും ഡ്രഗ് സിന്‍ഡിക്കേറ്റിനെതിരെ അന്വേഷണം ശക്തമാക്കിയിരിക്കയാണ്. അഭിനേതാക്കളെയും റാപ്പര്‍മാരെയും ചലച്ചിത്ര പ്രവര്‍ത്തകരെയും വിളിച്ചുവരുത്തി ഉടനെ മൊഴിയെടുക്കുമെന്നും ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡി കമ്പനി ഉയര്‍ത്തെഴുന്നേല്‍ക്കുന്നു

25 മില്യണ്‍ ഡോളര്‍ തലയ്ക്ക് വില കല്‍പ്പിക്കപ്പെട്ട ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലായ 70 വയസ്സുള്ള ദാവൂദ് കസ്‌ക്കര്‍ ഇബ്രാഹീം എന്ന അധോലോക നായകന്‍, പാക്കിസ്ഥാനിലെ കറാച്ചിയില്‍ പല്ലുകൊഴിഞ്ഞ ഒരു സിംഹമായി കഴിഞ്ഞുകൂടുകയായിരുന്നു, ഈ അടുത്തകാലംവരെ. അയാള്‍ 70കളില്‍ സ്ഥാപിച്ച, ഡി കമ്പനിയെന്ന ലോകത്തിലെ ഏറ്റവം വലിയ അധോലോക സിന്‍ഡിക്കേറ്റ്, തമ്മില്‍ തല്ലിയും ഭീകരവിരുദ്ധസേനയുടെ ശക്തമായ ആക്രമണങ്ങളാലും, ആകെ ദുര്‍ബലമായ സമയമായിരുന്നു ഇത്. കോവിഡ് കാലത്തും അതിനുശേഷവും ദാവൂദ് ഇബ്രാഹീം മരിച്ചുവെന്ന വാര്‍ത്തകള്‍ പലതവണ വന്നു. ഒരു മരുമകന്‍ മാത്രമല്ലാതെ ദാവൂദിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരുമില്ലാത്ത അവസ്ഥയിലൂടെയാണ് കോവിഡ് കാലം കടന്നുപോയത്.

പക്ഷേ അതിനുശേഷമാണ്, ദാവൂദിന്റെ ശിഷ്യനായ, ജിഹാദി ഡ്രഗ് ഡോണ്‍ എന്നും അറിയപ്പെടുന്ന ഹാജി സലീമിന്റെ രംഗപ്രവേശം. കാര്യം ആള് അധോലോകമാണെങ്കിലും 'നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്നുതന്നെയായിരുന്നു ദാവൂദിന്റെ അടുത്ത കാലംവരെയുള്ള അഭിപ്രായം. സ്വര്‍ണ്ണക്കടത്തും ആയുധക്കടത്തും, തട്ടിക്കൊണ്ടുപോവലും, ഹവാലയും, വാടകക്കൊലയും, റിയല്‍ എസ്റേററ്റ- കള്ളപ്പണം വെളുപ്പിക്കലുമൊക്കെ ചെയ്തിട്ടുണ്ടെങ്കിലും, ഡി കമ്പനി മയക്കുമരുന്ന് ബിസിനസില്‍നിന്ന് മാറി നടന്നിരുന്നുവെന്നാണ് മുബൈയിലെ ദ മിറര്‍ പത്രം പറയുന്നത്. പക്ഷേ ഗതികെട്ടാല്‍ പുലി പുല്ലും തിന്നുമെല്ലോ. ഡി കമ്പനി ക്ഷയിച്ചതോടെ, ഹാജി സലീമിന്റെ മയക്കുമരുന്ന് ബിസിനസിന് ദാവൂദ് പച്ചക്കൊടി കാണിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഉറങ്ങിക്കിടന്നിരുന്ന, ഡി കമ്പനി അംഗങ്ങള്‍ക്ക് അത് പുത്തന്‍ ഉണര്‍വായി. ഒപ്പം തീവ്രവാദ സംഘങ്ങള്‍ക്കും. കാരണം, രാസലഹരിയടക്കമുള്ള ശതകോടികളുടെ മയക്കുമരുന്ന് കടത്തിന്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇസ്ലാമിക തീവ്രവാദി സംഘങ്ങളെയാണ്, ഹാജി സലീം ഉപയോഗിച്ചിരുന്നത്. കിട്ടുന്ന ലാഭത്തിന്റെ പകുതി തീവ്രവാദ സംഘങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യും.

ഇന്ത്യയിലേക്കും രാസലഹരി എത്തുന്നത്, ഇതുവരെ ഒരു ഫോട്ടോ പോലും പൊലീസിന് കിട്ടിയിട്ടില്ലാത്ത, ഭീകരന്‍ ഹാജി സലീമിലുടെയാണ്. താഹെര്‍ ദോലയെയാണ് അവര്‍ മുബൈ സിന്‍ഡിക്കേറ്റിനായി തിരഞ്ഞെടുത്തതതും. അതിനിടെ ഡി കമ്പനിയും തമിഴ്പുലികളും ഒന്നിച്ച് മയക്കുമരുന്ന് കടത്തുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. വല്ലാത്ത ഗതികേടാണ്, എല്‍ടിടിഇ എന്ന തമിഴര്‍ക്ക് സ്വന്തമായി രാജ്യം വാങ്ങിക്കൊടുക്കാനായി ഒളിപ്പോരിന് വേണ്ടി ഒരുങ്ങിയ വിപ്ലവ സംഘടനക്ക് വന്നുചേര്‍ന്നത്. മഹീന്ദ രജപക്സെയും ടീമും തമിഴ്പുലികളെ അടിച്ചൊതുക്കുകയും, പ്രഭാകരനെ വധിക്കുകയും ചെയ്തതോടെ അവശേഷിക്കുന്ന കടല്‍പ്പുലികള്‍ക്ക് നാഥനില്ലാതെയായി. പക്ഷേ വര്‍ഷങ്ങളായുള്ള ആയുധക്കടത്തിന്റെ ബലത്തില്‍ അവര്‍ക്ക് ഇന്ത്യന്‍ സമുദ്ര റൂട്ടുകള്‍ നന്നായി അറിയാം. ഇതാണ് ഹാജി സലീം മുതലെടുത്തത്. അതുകൊണ്ടുതന്നെ ഇനി ദക്ഷിണേന്ത്യയിലാണ് രാസലഹരിയുടെ ഭീകര ഏറ്റവും കൂടുതല്‍ അനുഭവിക്കാന്‍ പോവുന്നത് എന്നാണ് പറയുന്നത്.

ആരാണ് സലീം ഡോള?

സലിം ഡോള ഇസ്മയീല്‍, ഉമൈദു റഹ്‌മാന്‍ തുടങ്ങിയ അധോലോക നായകന്മാര്‍ പാക്കിസ്ഥാനില്‍ നിന്നും വിദേശത്തുനിന്നും ഇന്ത്യയിലേക്ക് രാസലഹരിയ്ക്കുവേണ്ടി പണമൊഴുക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. കള്ളക്കടത്തുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുടെ വിശ്വസ്തനായ അനുയായിയായിരുന്നു ഒരുകാലത്ത് സലിം ഡോള. മുബൈയിലേയും ഗുജറാത്തിലേയും പഴയ ഡി കമ്പനി ബന്ധങ്ങള്‍ ഉപയോഗിച്ച് തുര്‍ക്കിയിലെ നെറ്റ് വര്‍ക്ക് വഴിയായിരുന്നു ആസൂത്രണം നടത്തിയിരുന്നത്. ഇയാളുടെ അനന്തരവന്‍ മുസ്തഫ കുബ്ബാവാലയ്ക്കെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇവരെല്ലാം ഡി കമ്പനിയുമായി ബന്ധപ്പെട്ട് തുടങ്ങിയവരാണ്. ഇടക്ക് ഡി കമ്പനി ക്ഷയിച്ചപ്പോള്‍ ഇവര്‍ വിട്ടുപോയെങ്കിലും ഇപ്പോള്‍ വീണ്ടും ഒന്നിച്ചിരിക്കയാണ്.

ഇത്തരം സംഘങ്ങള്‍ക്ക് നേരത്തെ പ്രിയം ആയുധ ഇടപാടുകളായിരുന്നെങ്കില്‍ ഇപ്പോഴത് പുര്‍ണ്ണമായും രാസലഹരിയിലേക്ക് മാറുകയാണ്.

രഹസ്യ ലാബുകളില്‍ പാകം ചെയ്തെടുക്കുന്ന പൊടികളും ദ്രാവകങ്ങളും ഡി സംഘം പുതുതലമുറയെ ലക്ഷ്യംവെക്കുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 2023-ല്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്തത് 2,525 കിലോ മെത്താഫിറ്റമിന്‍, പിടികൂടിയത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഒന്നും രണ്ടുമല്ല 25,000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ടയാണ് നടന്നത്. ഈ കേസിലെ പ്രതിയായ സുബൈര്‍ ദെരക്ഷാന്‍ദേയെ വിശദമായി ചോദ്യംചെയ്തപ്പോളാണ് ഡി കമ്പനിയുടെ ബന്ധം വെളിപ്പെട്ടത്.





2025 ആഗസ്റ്റ് 21-ന് മധ്യപ്രദേശിലെ ഭോപ്പാലില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ റെയ്ഡ് ഇക്കാര്യം ഒന്നുകൂടി സ്ഥിരീകരിച്ചു. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള ജഗദീഷ്പുരയിലെ പതിനൊന്നാം നമ്പര്‍ വീട്ടില്‍ നടത്തിയ റെയ്ഡാണ് രാജ്യത്തെ വന്‍തോതിലുള്ള രാസലഹരി ഉല്‍പ്പാദനത്തിലേയ്ക്ക് വെളിച്ചംവീശിയത്. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൂട്ടാളിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിച്ചുവന്നതാണ് ഈ ലഹരി നിര്‍മ്മാണ് കേന്ദ്രമെന്നാണ് പൊലീസ് പറയുന്നത്. ഇത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ ഡി കമ്പനിയുടെ പേര് പറഞ്ഞുകൊണ്ടുതന്നെ വാര്‍ത്തയും വന്നിരുന്നു.

ഓഗസ്റ്റ് 16-നായിരുന്നു ഡിആര്‍ഐ റെയ്ഡ് നടത്തിയത്. അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് ഡിആര്‍ഐ പിടികൂടിയത് 92 കോടി രൂപയോളം വിലവരുന്ന രാസലഹരിയായിരുന്നു. മധ്യപ്രദേശിലെ വിവിധയിടങ്ങളിലാണ് ഡിആര്‍ഐയുടെ റെയ്ഡ് നടന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ജഗദിഷ്പുര എന്ന ഗ്രാമത്തിലെ പൂട്ടിക്കിടന്ന പതിനൊന്നാം നമ്പര്‍ വീട് കേന്ദ്രീകരിച്ചും റെയ്ഡ് നടത്തി. ഈ വീട്ടില്‍നിന്നാണ് വന്‍തോതില്‍ രാസലഹരി കണ്ടെടുത്തത്. ഒരു സിന്തറ്റിക് ലഹരിഫാക്ടറിയായിരുന്നു ആ വീട് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

രാജ്യത്തുടനീളമുള്ള മാര്‍ക്കറ്റുകളെ ലക്ഷ്യംവെച്ച് 92 കോടി രൂപയോളം വിലവരുന്ന 61.20 കിലോ മെഫെഡ്രോണും 541 കിലോ ഗ്രാം അസംസ്‌കൃത രാസവസ്തുക്കളും ഇവിടെ നിന്ന് പിടികൂടി. വിവിധ തരത്തിലുള്ള ഉപകരണങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അശോക് നഗറിലുള്ള ഫൈസല്‍ ഖുറേഷി എന്നയാളുടെ നേതൃത്വത്തിലായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നു. ഗുജറാത്തില്‍നിന്ന് ഫാര്‍മസി ഡിപ്ലോമ കരസ്ഥമാക്കിയ ശേഷമായിരുന്നു ഇയാള്‍ മധ്യപ്രദേശില്‍ ലഹരിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. ഇയാളുടെ സഹായിയായി റസാഖ് ഖാന്‍ എന്നയാളും ഉണ്ടായിരുന്നു.

ഭിവണ്ടിയില്‍നിന്നും താനെയില്‍നിന്നും സലിം ഡോളയുടെ നിര്‍ദേശപ്രകാരമാണ് മെത്തിലീന്‍ ഡൈക്ലോറൈഡ്, അസെറ്റോണ്‍, മോണോമെത്തിലാമൈന്‍, ഹൈഡ്രോക്ലോറിക് ആസിഡ്, 2-ബ്രോമോ എന്നീ രാസവസ്തുക്കള്‍ എത്തിച്ചതെന്നാണ് പ്രതികള്‍ മൊഴിനല്‍കിയത്. ഇതോടെയാണ് അന്വേഷണം സലീം ഡോളയിലേക്ക് നീണ്ടത്.

Tags:    

Similar News