കെട്ടിടം അണ്‍ഫിറ്റെന്നും പൊളിച്ചുമാറ്റണമെന്നും രണ്ടുവര്‍ഷം മുമ്പേ കണ്ടെത്തിയെന്ന് കോര്‍പറേഷന്‍ സെക്രട്ടറി; അപകടം മുന്‍കൂട്ടി കണ്ടിട്ടും ലൈസന്‍സ് കാലാവധി തീരാതെ ഒഴിപ്പിക്കില്ലെന്ന വിചിത്രവാദവും; വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്

വലിയങ്ങാടി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയരുമ്പോള്‍ പൊറുക്കാനാവാത്ത അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്

Update: 2026-02-23 12:56 GMT

കോഴിക്കോട്: നഗരത്തിന്റെ വാണിജ്യ ഹൃദയമായ വലിയങ്ങാടിയില്‍ ഉണ്ടായ നടുക്കുന്ന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി ഉയര്‍ന്നു. കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള പഴയ പാസ്പോര്‍ട്ട് ഓഫീസ് കെട്ടിടത്തിന്റെ സണ്‍ഷൈഡ് സ്ലാബുകള്‍ തകര്‍ന്ന് വീണാണ് നാല് കയറ്റിറക്ക് തൊഴിലാളികള്‍ക്ക് ദാരുണമായി കൊല്ലപ്പെട്ടത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കൊയിലാണ്ടി സ്വദേശി വിനോദനാണ് വൈകുന്നേരത്തോടെ മരിച്ചത്.

ജബ്ബാര്‍, ബഷീര്‍, അഷ്‌റഫ് എന്നിവരാണ് മരിച്ച മറ്റുതൊഴിലാളികള്‍. നിലവില്‍ ഒരാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. രാവിലെ ഏകദേശം 11:30 ഓടെയാണ് അപകടം സംഭവിച്ചത്. വലിയങ്ങാടി പ്രധാന പ്രവേശന കവാടത്തിന് സമീപമുള്ള കോര്‍പ്പറേഷന്‍ ഗോഡൗണ്‍ കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്ക് മേലേക്ക് കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമും സ്ലാബുകളും അടര്‍ന്ന് വീഴുകയായിരുന്നു.

അപകടസമയത്ത് ഏഴ് പേര്‍ സ്ഥലത്തുണ്ടായിരുന്നു. സ്ലാബ് വീഴുന്നത് കണ്ട് രണ്ട് പേര്‍ ഓടിമാറി. ബാക്കി അഞ്ച് പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബീമിനടിയില്‍ പെട്ടവരെ പുറത്തെടുത്തത്.

അനാസ്ഥയുടെ തെളിവുകള്‍: ഭരണകൂടം പ്രതിക്കൂട്ടില്‍

അപകടാവസ്ഥയിലാണെന്ന് കണ്ട് പൊളിച്ചുനീക്കാന്‍ തീരുമാനിച്ച കെട്ടിടം മാറ്റമില്ലാതെ നിലനിര്‍ത്തിയ കോര്‍പ്പറേഷന്റെ ഗുരുതരമായ വീഴ്ചയാണ് ഈ ദുരന്തത്തിന് വഴിവെച്ചത്. കെട്ടിടം അപകടാവസ്ഥയിലാണെന്നും (Unfit) പൊളിച്ചുമാറ്റണമെന്നും 2024-ല്‍ തന്നെ കണ്ടെത്തി ഡി.പി.ആര്‍ (DPR) തയ്യാറാക്കിയതാണ്.

കെട്ടിടം അണ്‍ഫിറ്റായിരുന്നുവെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.യു. ഹരീഷ് സമ്മതിച്ചു. എന്നാല്‍ ലൈസന്‍സ് കാലാവധി തീരാത്തതിനാലാണ് ഒഴിപ്പിക്കാതിരുന്നത് എന്ന വിചിത്രമായ വാദമാണ് അദ്ദേഹം ഉയര്‍ത്തുന്നത്. കെട്ടിടം ഒഴിയണമെന്ന് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നില്ലെന്നും ഈ മാസം വരെയുള്ള വാടക കൃത്യമായി നല്‍കിയിട്ടുണ്ടെന്നും ഗോഡൗണ്‍ ഉടമകള്‍ പറയുന്നു.

രാഷ്ട്രീയ പോര് മുറുകുന്നു

ദുരന്തത്തിന് പിന്നാലെ കോഴിക്കോട് നഗരത്തില്‍ രാഷ്ട്രീയ പ്രതിഷേധം കത്തുകയാണ്. കോര്‍പ്പറേഷന്‍ അധികാരികളാണ് കൊലപാതകികള്‍ എന്ന് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ദുരന്തത്തിന് കാരണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം കോര്‍പ്പറേഷന് മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബി.ജെ.പി പ്രഖ്യാപിച്ചു. അപകടത്തെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കരുതെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പ്രതികരിച്ചു.

വലിയങ്ങാടി നിശ്ചലം

മരിച്ച തൊഴിലാളികളോടുള്ള ആദരസൂചകമായി വലിയങ്ങാടിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം അടച്ചു. നാളെയും (ഫെബ്രുവരി 24) വലിയങ്ങാടിയില്‍ ഹര്‍ത്താല്‍ ആചരിക്കും. മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ബീച്ച് ആശുപത്രിയിലും മെഡിക്കല്‍ കോളേജിലുമായി പൂര്‍ത്തിയാക്കും.

Tags:    

Similar News