'ക്ഷേത്രത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്; ശബ്ദം കേട്ട് വിരണ്ട ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി; കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു; ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു; ആളുകള്‍ ഇതിനടിയിലായിപ്പോയി'; ആന ആരേയും ഉപദ്രവിച്ചില്ലെന്നും പ്രദേശവാസി; ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകള്‍; ആനയെ ഉടന്‍ തളച്ചതിനാല്‍ വന്‍ അപകടം ഒഴിവായി

ആളുകള്‍ മരിച്ചത് കെട്ടിടം ഇടിഞ്ഞ്, ആന ആരെയും ഉപദ്രവിച്ചില്ലെന്ന് പ്രദേശവാസി

Update: 2025-02-13 16:04 GMT

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആന ആരെയും ഉപദ്രവിച്ചില്ലെന്നും ഓഫീസ് കെട്ടിടം തകര്‍ത്തതോടെ ഇതിനടിയില്‍പ്പെട്ടാണ് രണ്ടുപേര്‍ മരിച്ചതെന്നും പ്രദേശവാസി. വെടിക്കെട്ട് നടന്നത് ക്ഷേത്രകുളത്തിന് സമീപത്താണെന്നും ഉഗ്ര ശബ്ദം കേണ്ട് വിരണ്ട ആന മുന്നിലെ ആനയെ കുത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറയുന്നു. തുടര്‍ന്ന് ആന ഓഫീസ് കെട്ടിടം തകര്‍ത്തെന്നും സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ കെട്ടിടത്തിനടിയിലായിപ്പോയെന്നും പ്രദേശവാസി ബാലകൃഷ്ണന്‍ പറഞ്ഞു.

'എന്റെ കണ്‍മുന്നിലാണ് സംഭവം നടക്കുന്നത്. ഉത്സവത്തിന് കൊണ്ടുവന്ന ആനകള്‍ അമ്പലം ചുറ്റുന്നതിനിടെയാണ് ഇടഞ്ഞത്. സാധാരണ വെടിക്കെട്ട് നടത്തുന്നത് ഗ്രൗണ്ടില്‍ നിന്നാണ്. എന്നാല്‍ അമ്പലത്തിന് തൊട്ടടുത്തുള്ള കുളത്തിന് സമീപത്തുനിന്നാണ് വെടിക്കെട്ട് നടത്തിയത്. അതിന് പിന്നാലെയാണ് ആന ഇടയുന്നത്. പിറകിലെ ആന മുന്നിലുണ്ടായിരുന്ന ആനയെ കുത്തി. കുത്തേറ്റ ആന മുമ്പിലുണ്ടായിരുന്ന ഓഫീസ് റൂമില്‍ ഇടിച്ചു. ഓഫീസ് ഒന്നിച്ചു തകര്‍ന്നുവീണു. ആളുകള്‍ ഇതിനടിയിലായിപ്പോയി.'- ബാലകൃഷ്ണന്‍ പറഞ്ഞു.

കെട്ടിടത്തിന്റെ സമീപത്തും ഓഫീസിനകത്തും ഉണ്ടായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ളവരും കെട്ടിടത്തിനടിയിലായിപ്പോയി. മരിച്ച രണ്ടുപേര്‍ കെട്ടിടത്തിനടിയില്‍പ്പെട്ടുപോയവരാണ്. ആന പ്രത്യേകമായി ആരേയും ഉപദ്രവിച്ചില്ല. ഓഫീസിന്റെ വരാന്തയിലുള്ളവര്‍ കെട്ടിടത്തിന്റെയടിയില്‍ പെട്ടുപോയതാണ്. ആന കയറിവരുമ്പോള്‍ കാലിനടിയില്‍ ആളുകള്‍ പെട്ടിട്ടുണ്ടാകും. പരിക്കേറ്റവരെ കിട്ടാവുന്ന വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചതായും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച വൈകുന്നേരമാണ് ആന ഇടയുന്നത്. മൂന്നുപേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ആനകളെ പിന്നീട് പാപ്പാന്മാര്‍ തളച്ചു.

വിരണ്ടോടിയ ആനകള്‍ കെട്ടിടം തകര്‍ത്തതാണ് ഇത്രയും ആളുകള്‍ക്ക് പരിക്ക് പറ്റാന്‍ കാരണമെന്ന് വടകര റൂറല്‍ എസ്.പി അറിയിച്ചു. പടക്കം പൊട്ടിച്ചത് മൂലമാണ് ആനകള്‍ ഇടഞ്ഞതെന്നും എസ്.പി പറഞ്ഞു. അപകട സമയത്ത് ക്ഷേത്രത്തില്‍ ഉണ്ടായിരുന്നത് 500 ലധികം ആളുകളാണ്. ആനയെ തളയ്ക്കാന്‍ കഴിഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായതെന്നും പ്രദേശവാസികള്‍ പറയുന്നു.

കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, കൊയിലാണ്ടി സ്വദേശി രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ 7 പേരുടെ നില ഗുരുതരമാണ്.

ധനജ്ഞയന്‍, ഗോകുല്‍ എന്നീ ആനകളാണ് ഇടഞ്ഞത്. ആന വിരണ്ടോടിയപ്പോള്‍ അടുത്തുണ്ടായിരുന്ന ആളുകളും ചിതറിയോടി. തിക്കിലും തിരക്കിലും പെട്ടാണ് ആളുകള്‍ക്ക് പരിക്കേറ്റിരിക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനകളെ തളച്ചത്. അതുവരെ രണ്ട് ആനകളും ക്ഷേത്ര പരിസരത്ത് ഭീതി പരത്തി ഓടുകയായിരുന്നു.

ബാലുശ്ശേരി ധനഞ്ജയന്‍ എന്ന ആന ആണിടഞ്ഞത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോകുല്‍ എന്ന ആനയെ ആണ് കുത്തിയത്. ഇടഞ്ഞ ആനകള്‍ ഓടിക്കയറിയത് തൊട്ടടുത്തുള്ള കെട്ടിടത്തിനുള്ളിലേക്കായിരുന്നു. കെട്ടിടം തകര്‍ന്ന് വീണാണ് മൂന്ന് പേര്‍ മരിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ആന തകര്‍ത്ത ഓഫീസിനുള്ളിലും സമീപത്തും ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളുമാണ്. അക്രമാസക്തരായ ആനകള്‍ ക്ഷേത്രകെട്ടിടത്തിന്റെ മേല്‍ക്കൂരയും ഓഫീസ് മുറിയും തകര്‍ത്തു. പത്തുവര്‍ഷം മുമ്പും ഇതേ ക്ഷേത്രത്തില്‍ ആനയിടഞ്ഞിരുന്നു.

വിദഗ്ധ ചികിത്സ ഉറപ്പാക്കും

ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

Tags:    

Similar News