സോഷ്യല്‍ മീഡിയയില്‍ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന് പൃഥ്വിരാജ് ചോദിച്ചു; എമ്പുരാന്‍ വിവാദത്തിനിടെ ദീപക് ദേവിന്റെ വാക്കുകള്‍ ഇങ്ങനെ; വിവാദത്തില്‍ നിശ്ശബ്ദത പാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി; മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാപോസ്റ്റും ഷെയര്‍ ചെയ്തില്ല
സോഷ്യല്‍ മീഡിയയില്‍ കയറാതിരിക്കൂ; എനിക്കില്ലാത്ത പേടി നിങ്ങള്‍ക്കെന്തിന് പൃഥ്വിരാജ് ചോദിച്ചു
തിരുവനന്തപുരം: പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍ വിവാദങ്ങള്‍ക്ക് നടുവിലൂടെ കടന്നു പോകുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ ദീപക് ദേവാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. ചിത്രത്തിലെ സംഗീത സംവിധാനത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചിരുന്നു.
സംഗീത സംവിധാനം ചെയ്യുന്ന വേളയിലെ വെല്ലുവിളികളെ കുറിച്ച് ഒരു അഭിമുഖത്തില്‍ ദീപക് ദേവ് സംസാരിച്ചിരുന്നു. ലൂസിഫറിന്റെ സംഗീത സംവിധാനത്തില്‍ നിന്നും എമ്പുരാനിലേക്ക് എത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ കുറിച്ചാണ് ദീപക് ദേവ് സംസാരിച്ചത്. ലൂസിഫര്‍ വലിയ ചലഞ്ചിംഗ് ആയിരുന്നുവെന്നാണ് ദീപക് ദേവ് പറഞ്ഞത്. ലൂസിഫറിലെ പാട്ടുകള്‍ക്കും പശ്ചാത്തല സംഗീതത്തിലും വലിയ അഭിപ്രായങ്ങളുണ്ടായിരുന്നു. എമ്പുരാന്‍ വന്നപ്പോഴും തന്നെ കുറിച്ചു കണ്ടിരുന്നു. ഇതൊക്കെ ഞാന്‍ പൃഥ്വിരാജിന് അയച്ചു നല്‍കിയിരുന്നു.
എനിക്ക് പകരം വേറെ ആരെയെങ്കിലും നോക്കുന്നോയെന്ന് ചോദിച്ചിരുന്നു. തനിക്കില്ലാത്ത പേടിയെന്തിനാണ് ദീപക്കിനെന്ന് പൃഥ്വിരാജ് അപ്പോള്‍ ചോദിച്ചെന്നെന്നും ദീപക് ദേവ് വ്യക്തമാക്കി. നിങ്ങള്‍ ലൂസിഫര്‍ ചെയ്ത ആളല്ലായിരുന്നോ അതിനു മുമ്പും ഇതുതന്നെയാണ് ചെയ്തിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരിക്കാതിരിക്കൂ. എമ്പുരാനില്‍ വേറെ തരം സംഗീതമാണ് തനിക്ക് വേണ്ടതെന്നും പൃഥ്വിരാജ് വ്യക്തമാക്കിയതായും ദീപക് ദേവ് പറഞ്ഞു.
അതിനിടെ 'എമ്പുരാന്‍' വിവാദത്തില്‍ നിശ്ശബ്ദതപാലിച്ചിരിക്കയാണ് തിരക്കഥാകൃത്ത് മുരളിഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും ഞായറാഴ്ച രാത്രിവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല. സിനിമ വിവാദമായതിനേക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. മറ്റ് കാര്യങ്ങളിലൊന്നും അദ്ദേഹം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എമ്പുരാന്റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ഇതോടൊപ്പം പരക്കുന്നു. റിലീസ് ദിവസമാണ് മുരളിഗോപിയും പൂര്‍ണരൂപത്തില്‍ സിനിമ കണ്ടതെന്നാണ് ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെപേരില്‍ നേരത്തേ ഇടതുസംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലിയെന്നായിരുന്നു വിമര്‍ശനം.
അതേസമയം വമ്പന്‍ ഹൈപ്പില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. 48 മണിക്കൂറിനുള്ളിലാണ് ചിത്രം 100 കോടിയിലെത്തിയത്. ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി എമ്പുരാന്‍ മാറി. വിദേശത്തും ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു. ഓവര്‍സീസ് കളക്ഷന്‍ ബോളിവുഡ് സിനിമകള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിങ് ആണ് എമ്പുരാന്‍ നേടിയത്. യുകെയിലും ന്യൂസിലാന്‍ഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും എമ്പുരാന്‍ നേടിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടത്.
സിനിമയെച്ചൊല്ലിയുള്ള പ്രതിഷേധങ്ങളും വ്യാപകപരാതികളും ദേശീയ തലത്തില്‍ ഉയര്‍ന്നിരുന്നു. ആര്‍എസ്എസ് മുഖപത്രം ഉള്‍പ്പെടെ മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ സിനിമയിലെ ഭാഗങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു. കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അടിയന്തര ഇടപെടലില്‍ അവധി ദിവസത്തില്‍ തന്നെ റീ എഡിറ്റിങ് നടത്തുകയായിരുന്നു.ചിത്രത്തിലെ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന സീന്‍ ആണ് ഒഴിവാക്കിയത്. എമ്പുരാനിലെ മൂന്ന് മിനിറ്റ് ദൃശ്യങ്ങള്‍ വെട്ടിമാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതിയായത്. ചിത്രത്തിലെ വില്ലന്‍ കഥാപാത്രമായ ബജ്രംഗിയുടെ പേരും മാറ്റി. ബല്‍രാജ് എന്നതാണ് പുതിയ പേര്.