'അന്വേഷണ ഏജന്‍സികളെ തെറ്റായി ചിത്രീകരിച്ചു; തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ദേശ സുരക്ഷയെ ബാധിക്കും'; എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി മുന്‍ നാവിക ഉദ്യോഗസ്ഥന്‍
എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി മുന്‍ നാവിക ഉദ്യോഗസ്ഥന്‍
ന്യൂഡല്‍ഹി: മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി മുന്‍ നാവിക ഉദ്യോഗസ്ഥര്‍. സിനിമ തീവ്രവാദത്തെ പ്രോത്സാഹിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് സ്വദേശി ശരത് ഇടത്തില്‍ ആണ് പരാതി നല്‍കിയത്. അന്വേഷണ ഏജന്‍സികളെ ചിത്രം തെറ്റായി ചിത്രീകരിച്ചുവെന്നും പരാതിയില്‍ ഉണ്ട്. സിനിമ ദേശ സുരക്ഷയെ ബാധിക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എമ്പുരാന്‍ സിനിമക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ എന്‍ഐഎയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവെന്നും എമ്പുരാനെതിരായ പരാതിയില്‍ പറയുന്നു. ബിഎന്‍എസ് 353, 148, 196, 353 എന്നീ വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍ നാവികനായ ശരത് ഇടത്തില്‍ എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്.
ചിത്രം ദേശീയ അന്വേഷണ ഏജന്‍സിയുടെ ഓഫീസിനെ വ്യക്തമായി അപകീര്‍ത്തിപ്പെടുത്തുകയും രാജ്യത്തിന്റെ സുരക്ഷ, സാമൂഹിക ഐക്യം, പൊതു ക്രമം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും ശരത് ഇടത്തിലിന്റെ പരാതിയില്‍ പറയുന്നു. ചിത്രം ഭീകരതയെയും ദേശീയ സുരക്ഷയില്‍ ഉള്‍പ്പെട്ട രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള പദ്ധതിയെയും അപകടകരമാംവിധം മഹത്വവല്‍ക്കരിക്കുന്നുവെന്നും ശരത് ഇടത്തില്‍ എന്‍ഐഎക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം, എമ്പുരാനെതിരെയുള്ള വിമര്‍ശനം തുടരുകയാണ് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍. പൃഥ്വിരാജിനും മുരളി ഗോപിക്കുമെതിരെയാണ് ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസറിന്റെ പുതിയ ലേഖനം പുറത്തുവിട്ടിരിക്കുന്നത്. വെട്ടി ചുരുക്കിയിട്ടും സിനിമ അടിസ്ഥാനപരമായി ദേശവിരുദ്ധമാണ് എന്നാണ് ഓര്‍ഗനൈസര്‍ ഉന്നയിക്കുന്നത്. ഇസ്ലാമിക ഭീകരരെ അനുകമ്പയുള്ള വ്യക്തികളായി ഇപ്പോഴും സിനിമ ചിത്രീകരിക്കുന്നു. ചിത്രത്തില്‍ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
തിരക്കഥാകൃത്തും സംവിധായകനും മുസ്ലീം ഭീകരതയുടെ ഉത്തരവാദിത്തം ഹിന്ദുക്കളുടെ മേല്‍ ചുമത്തുകയാണ്. എമ്പുരാന്‍ ഇസ്ലാമിക ഭീകരതയെ ന്യായീകരിക്കുകയും, വെള്ളപൂശുകയും ചെയ്യുന്നു. ഹിന്ദു വിരുദ്ധ നിലപാട് പ്രോത്സാഹിപ്പിച്ചതിന് ചലച്ചിത്ര നിര്‍മ്മാതാക്കള്‍ പൊതുജനങ്ങളോട് ക്ഷമ ചോദിക്കണമെന്നും ലേഖനത്തില്‍ ആവശ്യപ്പെട്ടു.
സിനിമ ദേശ വിരുദ്ധം അരാജകത്വം പ്രോത്സാഹിപ്പിക്കുന്നു. മലയാള സിനിമ മേഖലയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. സമീപകാലത്തായി മയക്കുമരുന്നും അരാജകത്വവുമാണ് സിനിമയുടെ പ്രധാന വിഷയം. മട്ടാഞ്ചേരി മാഫിയയുടെ ഭാഗമായുള്ള സിനിമകളിലാണ് ഈ രീതി കാണുന്നതെന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്. നിരവധി ലേഖനങ്ങളാണ് എമ്പുരാന്‍ ചിത്രത്തിനെതിരെ ഓര്‍ഗനൈസര്‍ പുറത്തുവിടുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ചര്‍ച്ചകളില്‍ മോഹന്‍ലാല്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് പോസ്റ്റിട്ടപ്പോള്‍ എല്ലാം അദ്ദേഹത്തിന്റെ തോളില്‍ ചാരി പൃഥ്വിരാജ് മാറി നിന്നുവെന്നും മൗനം പാലിച്ചുവെന്നുവെന്നുമുള്ള തരത്തില്‍ ലേഖനം പുറത്തുവിട്ടിരുന്നു.
അതിനിടെ എമ്പുരാന്‍ റീ എഡിറ്റ് ചെയ്ത പതിപ്പിന്റെ പ്രദര്‍ശനം സംസ്ഥാനത്ത് പല തിയേറ്ററുകളിലും ആരംഭിച്ചു. കൊച്ചിയിലടക്കം ചില തിയേറ്ററുകളില്‍ സിനിമയുടെ ഡൗണ്‍ലോഡിങ് അവസാന ഘട്ടത്തിലാണ്. 24 മാറ്റങ്ങളുമായി എത്തിയ ചിത്രം 2.08 മിനിറ്റ് കുറഞ്ഞിട്ടുണ്ട്. ചിത്രത്തിത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ്ങില്‍ നേരിയ കുറവ് കാണുന്നുണ്ടെങ്കിലും റീ എഡിറ്റിംഗ് ബാധിച്ചിട്ടില്ലെന്നാണ് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കുന്നത്.
മാര്‍ച്ച് 27നായിരുന്നു പ്രേക്ഷകര്‍ കാത്തിരുന്ന എമ്പുരാന്‍ തീയറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും ഉയര്‍ന്നു. ഗോധ്ര സംഭവും ഗുജറാത്ത് കലാപവും അടക്കമുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ പ്രതിപാദിച്ചത് ചൂണ്ടിക്കാട്ടി സംഘ്പരിവാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ചിത്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം ഉയര്‍ന്നു. ഇതിന് പുറമേ പലരും ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്തു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ സംഘ്പരിവാര്‍ ഹാന്‍ഡിലുകളില്‍ നിന്നുള്ള അഭിപ്രായപ്രകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ബിജെപി സംസ്ഥാന നേതൃത്വം തയ്യാറായില്ല. സിനിമയെ സിനിമയായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കി. ഇതിന് ശേഷവും സിനിമയ്‌ക്കെതിരെ പ്രതിഷേധം കനത്തു. ഇതോടെ ചിത്രം റീ എഡിറ്റ് ചെയ്യാന്‍ അണിറപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി നടന്‍ മോഹന്‍ലാലും പൃഥ്വിരാജും രംഗത്തെത്തിയത്.