'മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന' വാദവുമായി ആബിദ് അടിവാരം; 'ബിഹാര്‍ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ ഹിന്ദു - മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള പരിശ്രമമെന്ന' തിയറിയുമായി എന്‍ മാധവന്‍ കുട്ടി; മീഡിയാ വണിന്റെ കമന്റ് ബോക്‌സില്‍ ഗൂഢാലോചനാ തിയറിക്കാരുടെ സമ്മേളനം; ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ നിഗൂഢതാ വാദക്കാര്‍ സൈബറിടത്തില്‍ സജീവം
'മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ലെന്ന' വാദവുമായി ആബിദ് അടിവാരം
തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഡല്‍ഹി സ്‌ഫോടനത്തിന് പിന്നാലെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശം പോലീസും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളും നല്‍കിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാറിനെയും നിശിദമായി വിമര്‍ശിച്ചുകൊണ്ട് സൈബറിടങ്ങളില്‍ ഗൂഢാലോചനാ തിയറിക്കാര്‍ രംഗത്തുവരികയാണ്. ഇത്തരക്കാര്‍ ഉയര്‍ത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ സുരക്ഷാ വീഴ്ച്ചയെ കുറിച്ചും ബിഹാര്‍ തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ശ്രമങ്ങളുമാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്.
സോഷ്യല്‍ മീഡിയിയല്‍ തീവ്രനിലപാടുകള്‍ കൊണ്ടും വിവാദ തിയറികള്‍ അവതരിപ്പിക്കുന്നതും പതിവാക്കിയ ആബിദ് അടിവാരമാണ് കേന്ദ്രത്തെയും മോദിയെയും വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്തുണ്ടായ ഭീകരാക്രമണങ്ങളുടെ പട്ടിക നിരത്തിക്കൊണ്ടാണ് ആബിദിന്റെ വിമര്‍ശനം. ബിജെപിക്കാര്‍ ഉള്‍പ്പെട്ട ചാരവൃത്തികള്‍ അടക്കം നടക്കുന്നുണ്ടെന്നാണ് ഇയാളുടെ വാദം.
പ്രധാനമന്ത്രിമാര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടക്ക് തൊട്ടരികെ സ്‌ഫോടനമുണ്ടായത് വലിയ വീഴ്ച്ചയാണെന്ന് ആബിദ് വിമര്ശിക്കുന്നു. മുംബൈ സ്‌ഫോടനം നടന്ന ആദ്യമണിക്കൂറില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളാണ് നരേന്ദ്ര മോദി, രാജ്യത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്തവര്‍ രാജിവെക്കണമെന്നും ആബിദ് അടിവാരം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
ആബിദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
മോദിയുടെ കയ്യില്‍ രാജ്യം സുരക്ഷിതമല്ല...
നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിന് ശേഷം നടന്ന ഭീകരാക്രമണങ്ങള്‍.
2014: ഉറി ആക്രമണം (ഡിസംബര്‍ 5) 11 പേര്‍ കൊല്ലപ്പെട്ടു.
2016: പഠാന്‍കോട്ട് വ്യോമസേനാ താവളം ആക്രമണം (ജനുവരി 2) ഏഴു പേര്‍ കൊല്ലപ്പെട്ടു.
2016: ഉറി ആക്രമണം (സെപ്റ്റംബര്‍ 18) 19 പേര്‍ കൊല്ലപ്പെട്ടു.
2017: അമര്‍നാഥ് തീര്‍ഥാടക ആക്രമണം (ജൂലൈ 10) 7 പേര്‍ കൊല്ലപ്പെട്ടു.
2019: പുല്‍വാമ ആക്രമണം (ഫെബ്രുവരി 14) 41 പേര്‍ കൊല്ലപ്പെട്ടു.
2024: റിയാസി തീര്‍ഥാടക ആക്രമണം (ജൂണ്‍ 9) 10 പേര്‍ കൊല്ലപ്പെട്ടു.
2025: പഹല്‍ഗാം ആക്രമണം (ഏപ്രില്‍ 22) 28 പേര്‍ കൊല്ലപ്പെട്ടു.
ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തിക്കൊടുത്തതിന് പിടിയിലായവരുടെ പേരുകള്‍ രാജ്യം ഓര്‍ക്കുന്നുണ്ടാകും മിക്കവാറും ബിജെപി ബന്ധം ഉള്ളവര്‍.
ഈയിടെ നമ്മള്‍ വായിച്ച ചില വാര്‍ത്തകള്‍....
1. പാക് ചാരവൃത്തി കേസില്‍ ബിജെപി നേതാവായ മനോജ് മണ്ടലിനെ മധ്യപ്രദേശ് എ ടി എസ് അറസ്റ്റ് ചെയ്തു.
2. പാകിസ്ഥാന്‍ രഹസ്യാന്വേഷണ സംഘത്തിന് ഹണിട്രാപ്പിന് ഇരയായ ഉദ്യോഗസ്ഥര്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് 13 നാവികസേന ഉദ്യോഗസ്ഥരെ ആന്ധ്രാപ്രദേശ് പൊലീസും നാവിക രഹസ്യാന്വേഷണ വിഭാഗവും അറസ്റ്റ് ചെയ്തു.
3. പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ BJP കൗണ്‍സിലറടക്കം 11 RSS കാര്‍ മദ്ധ്യപ്രദേശില്‍ അറസ്റ്റില്‍
4. പാക് ചാരവൃത്തിക്കേസില്‍ ബിജെപിയുടെ ഐടി സെല്‍ അംഗമായ ധ്രുവ് സക്സേനയെ ബിഹാര്‍ പോലീസ് അറസ്റ്റ് ചെയ്തു.
5. പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇസ്ലാമബാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയായ മാധുരി ഗുപ്ത അറസ്റ്റിലായി.
6. സൈനിക രഹസ്യം ചോര്‍ത്തികൊടുത്ത DSP രവീന്ദ്രനാഥ് അറസ്റ്റില്‍
7. പാകിസ്താനില്‍ നിന്നും അനധികൃത ആയുധങ്ങളും മയക്കുമരുന്നും കടത്തി; ബി.എസ്.എഫ് ജവാന്‍ സുമിത് കുമാര്‍ അറസ്റ്റില്‍
8. 'ഓപ്പറേഷന്‍ മാഡം ജി' പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്ന മഹേഷ് കുമാര്‍ അറസ്റ്റില്‍
9. ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങള്‍ ചൈനയ്ക്ക് ചോര്‍ത്തി നല്‍കിയതിന് ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്റെ സജീവ പ്രവര്‍ത്തകനായ
ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശര്‍മ്മ അറസ്റ്റില്‍
10. ഇന്ത്യന്‍ യുദ്ധ വിമാനങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ ചാരന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) ഉദ്യോഗസ്ഥന്‍ ദീപക് ശിര്‍സാത്ത് അറസ്റ്റില്‍
11. പാകിസ്ഥാന്‍ മിലിറ്ററി ഇന്റലിജന്‍സിലെ ഒരു വനിതക്ക് രാജ്യത്തിന്റെ സൈനിക സംബന്ധിയായ സുരക്ഷാ വിവരങ്ങള്‍ കൈമാറിയ പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനായ മഹേഷ് കുമാര്‍
അറസ്റ്റില്‍
12. 5,000 രൂപയ്ക്ക് രാജ്യരഹസ്യങ്ങള്‍ പാക് 'സുന്ദരി'ക്ക് ചോര്‍ത്തിക്കൊടുത്തു; ചാരന്മാരിലെ മലയാളി സാന്നിധ്യം കേട്ട് ഞെട്ടി കേരളം; അഭിലാഷ്, വേതന്‍, ലക്ഷ്മണ്‍ തണ്ടല്‍, അക്ഷയ് രവി എന്നിവര്‍ NIA യുടെ പിടിയില്‍.
ഒരു ഭാഗത്ത് പാകിസ്ഥാനില്‍ നിന്നുള്ള ആക്രമണം മറുഭാഗത്ത് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം.!
മോദി അധികാരത്തില്‍ വന്ന ശേഷം കാശ്മീരില്‍ നടക്കുന്ന ഓരോ അക്രമവും വോട്ടാക്കി മാറ്റുകയല്ലാതെ അത് തടയാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ല. അക്രമികള്‍ക്ക് വേണ്ട ഡാറ്റ എത്തിച്ചു കൊടുക്കുന്ന പ്രത്യേക വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരെ കാര്യമായ നടപടിയുമില്ല..!
ഇന്ന് തലസ്ഥാന നഗരിയിലാണ് സ്‌ഫോടനം നടന്നത്, പ്രധാനമന്ത്രിമാര്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടക്ക് തൊട്ടരികെ.
രാജ്യത്തിന്റെ സുരക്ഷയോളം പ്രാധാന്യം മറ്റൊന്നിനുമില്ല. ഡല്‍ഹി പോലും സംരക്ഷിക്കാന്‍ കഴിയാത്തവര്‍ എങ്ങനെ രാജ്യം സംരക്ഷിക്കും?
മുംബൈ സ്‌ഫോടനം നടന്ന ആദ്യമണിക്കൂറില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടയാളാണ് നരേന്ദ്ര മോദി, രാജ്യത്തിന് സുരക്ഷയൊരുക്കാന്‍ കഴിയാത്തവര്‍ രാജിവെക്കണം.
ഡല്‍ഹിയില്‍ ജീവന്‍ നഷ്ടപ്പെട്ട സഹോദരങ്ങള്‍ക്ക് ആദരാഞ്ജലി
-ആബിദ് അടിവാരം
അതേസമയം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എന്‍ മാധവന്‍കുട്ടിയും ഡല്‍ഹി സ്‌ഫോടനത്തില്‍ ഗൂഢാലോചനാ തിയറി ഉയര്‍ത്തുന്നുണ്ട്. ബിഹാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയാണ് അദ്ദേഹം ഉയര്‍ത്തുന്നത്. ''ബിഹാറിലെ ഒന്നാം റൗണ്ട്, തിരഞ്ഞെടുപ്പില്‍ ഹിന്ദു
മുസ്ലീം വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള ശ്രമം അമ്പേ പൊളിഞ്ഞു. രണ്ടാം റൗണ്ടില്‍അതിനു കഴിയുമോ എന്ന തല്‍പര കക്ഷികളുടെ
പരിശ്രമത്തിന്റെ ഭാഗമാക്കിയത്'' എന്നാണ് മാധവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.''
സമാനമായി വിധത്തില്‍ ഗൂഢാലോചനാ തിയറിക്കാര്‍ നിരവധിയുണ്ട്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് നിഗൂഢ തിയറി ഉയര്‍ത്തുന്ന ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇത്തരം ഗൂഢാലാചനാ സിദ്ധാന്തങ്ങള്‍ പതിവായി ഉയര്‍ത്തുന്ന മീഡിയ വണ്‍ ചാനല്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത് വാര്‍ത്തകളുടെ കമന്റ് ബോക്‌സുകളിലും ഗൂഢാലോചന തിയറി ഉന്നയിക്കുന്നവരുടെ സമ്മേളമാണ്. നിരവധി പേരാണ് ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സ്‌ഫോടനമാണെന്ന തിയറി ഉയര്‍ത്തിയയത്.
മലയാളം സോഷ്യല്‍ മീഡിയയില്‍ ഇത്തരം തിയറി ഉയര്‍ത്തുന്നവര്‍ നിരവധിയുണ്ട്. ഇത്തരക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയിയല്‍ ഉയരുന്നത്. രാജ്യം ഒറ്റക്കെട്ടായ നില്‍ക്കേണ്ട ദുരന്ത വേളയിലാണ് അനാവശ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ഇവരുടെ പക്ഷം. അതേസമയം ഡല്‍ഹിയില്‍ സ്‌ഫോടനത്തിനിടയാക്കിയ കാര്‍ ഓടിച്ചതായി കരുതുന്ന ഡോ.ഉമര്‍ മുഹമ്മദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. സ്‌ഫോടനത്തില്‍ ഉമര്‍ കൊല്ലപ്പെട്ടുവെന്നും, ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം പൊലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉമറിന്റെ അമ്മയെയും സഹോദരങ്ങളെയും ഉള്‍പ്പെടെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം ഫരീദാബാദില്‍ നടന്ന വന്‍ സ്ഫോടകവസ്തു വേട്ടയില്‍ പിടിയിലായ ഡോക്ടര്‍മാരുമായി ഉമറിന് ബന്ധമുണ്ടെന്നാണ് സൂചനകള്‍. ജമ്മു കശ്മീര്‍ പൊലീസിന്റെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന പരിശോധനയില്‍ രണ്ട് ഡോക്ടര്‍മാരുള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. 2,900 കിലോഗ്രാം അമോണിയം നൈട്രേറ്റ് ഉള്‍പ്പെടെയുള്ള സ്ഫോടകവസ്തു നിര്‍മാണ സാമഗ്രികളും ആയുധങ്ങളും ഹരിയാനയിലെ ഫരീദാബാദില്‍നിന്ന് കണ്ടെത്തിയിരുന്നു.
ജമ്മു കശ്മീരിലെ നൗഗാമില്‍ ഒക്ടോബര്‍ 19ന് സുരക്ഷാ സേനകളെ ഭീഷണിപ്പെടുത്തുന്ന ജയ്ഷെ മുഹമ്മദിന്റെ പേരിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്. പാകിസ്ഥാനുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് നിയന്ത്രിക്കുന്ന 'വൈറ്റ് കോളര്‍ ഭീകര ശൃംഖല'യിലെ പ്രധാനികളാണ് അറസ്റ്റിലായതെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു . ജെയ്ഷെ മുഹമ്മദ്, അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവരുമായി ബന്ധമുള്ള ശൃംഖലയെ തകര്‍ക്കാന്‍ സാധിച്ചെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫരീദാബാദില്‍ ജോലി ചെയ്യുന്ന ഡോ. മുഹമ്മദ് ഷക്കീല്‍, ഡോ.ആദില്‍ അഹമ്മദ് റാത്തര്‍ എന്നിവരാണ് പിടിയിലായ ഡോക്ടര്‍മാര്‍. ഇവരെ ചോദ്യം ചെയ്തതില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡോ.ഉമറിനെ പൊലീസ് തിരയുകയായിരുന്നു.
