ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ചത് ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെ കൊടുംഭീകരരെ; വിമാനറാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളി യൂസുഫ് അസര്‍ അടക്കം കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍; ഭീകരരുടെ സംസ്‌കാര ചടങ്ങില്‍ പാക്ക് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണറും; ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ ഭയന്ന് മാളത്തില്‍ ഒളിച്ച് മസൂദ് അസറും സംഘവും

ഓപ്പറേഷന്‍ സിന്ദൂറില്‍ ചുട്ടെരിച്ചത് ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെ കൊടുംഭീകരരെ

Update: 2025-05-10 09:04 GMT

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാന്‍ മണ്ണിലെ ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത് കൊടും ഭീകരര്‍. കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിശദ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ ബന്ധുവും ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മെയ് 7നാണ് പാക്കിസ്ഥാനില്‍ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയത്.

മൗലാന മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസര്‍. മൗലാന മസൂദ് അസറിന്റെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് പാക് സര്‍ക്കാരിന്റെ ബഹുമതികളോടെയാണ്. പാകിസ്ഥാന്‍ സേനയുടെ തണലില്‍ ആണ് ഇവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നാളുകളായി തിരഞ്ഞുകൊണ്ടിരുന്ന ഭീകരരെയാണ് അവരുടെ താവളത്തില്‍ കയറി ഇന്ത്യന്‍ സേന വധിച്ചത്.

മുഹമ്മദ് ഹസന്‍ ഖാന്‍, മുഹമ്മദ് യൂസഫ് അസര്‍, മുദാസര്‍ ഖാദിയാന്‍ ഖാസ് ( ലഷ്‌കര്‍ ഹെഡ്ക്വാട്ടേഴ്‌സ് തലവന്‍), ഹാഫിസ് മുഹമ്മദ് ജമീല്‍ (മസൂജ് അസറിന്റെ ബന്ധു), ഖാലിദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബ നേതാവ് മുദാസര്‍ ഖാദിയാന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാക്കിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. പാക് ആര്‍മി മേധാവിയും പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസിന്റെ പേരില്‍ റീത്ത് വെക്കുകയും ചെയ്തിരുന്നു. ആഗോള ഭീകരന്‍ ഹാഫിസ് അബ്ദുള്‍ റൗഫിന്റെ നേതൃത്വത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് ഈ ഭീകരന്റെ സംസ്‌കാരം നടന്നത്. പാക് ആര്‍മിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പോലീസ് ഐജിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ജെയ്ഷെ-ഇ-മുഹമ്മദ് ഭീകരനായ ഹാഫിസ് മുഹമ്മദ് ജമീല്‍ മൗലാന മസൂദ് അസറിന്റെ സഹോദരീഭര്‍ത്താവ് ആണ്. ബഹവല്‍പൂരിലെ മര്‍കസ് സുബ്ഹാന്‍ അല്ലയുടെ ചുമതലയായിരുന്നു ഈ ഭീകരന്. യുവാക്കള്‍ക്ക് ഭീകര പരിശീലനം ധനസമാഹരണം ഇതൊക്കെയായിരുന്നു ചുമതല. മൗലാന മസൂദ് അസറിന്റെ സഹോദരീഭര്‍ത്താവ് മുഹമ്മദ് യൂസഫ് അസ്ഹറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജെയ്ഷെ മുഹമ്മദിനായി ആയുധ പരിശീലനം നല്‍കുന്ന ഭീകരനാണ് ഇയാള്‍. ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐസി-814 ഹൈജാക്കിംഗ് കേസില്‍ തിരയുന്ന ഭീകരനായിരുന്നു ഇയാള്‍.

ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനായ അബു ഖാലിദ് ജമ്മു കശ്മീരിലെ ഒന്നിലധികം ഭീകരാക്രമണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ആയുധങ്ങള്‍ കടത്തുന്നവരില്‍ പ്രധാനിയായിരുന്നു അബു ഖാലിദ്. ഫൈസലാബാദില്‍ നടന്ന സംസ്‌കാരത്തില്‍ മുതിര്‍ന്ന പാക്കിസ്ഥാന്‍ ആര്‍മി ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തിരുന്നു.

പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ കമാന്‍ഡറായ മുഫ്തി അസ്ഗര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസ്സന്‍ ഖാനും ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിരുന്ന ഭീകരനാണ് മുഹമ്മദ് ഹസ്സന്‍ ഖാന്‍.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാക്കിസ്ഥാന് കനത്ത നാശനഷ്ടമുണ്ടായത് ബഹാവല്‍പുരിലും മറിഡ്കെയിലുമെന്ന് സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. മറിഡ്കെയിലെ ലഷ്‌കറെ തൊയ്ബയുടെ താവളങ്ങള്‍ പൂര്‍ണമായും തകര്‍ത്തു. ക്ലിനിക്കല്‍ കൃത്യതയോടെ നടന്ന ആക്രമണത്തില്‍ ഭീകരതാവളങ്ങള്‍ മാത്രമാണ് തകര്‍ത്തതെന്നും ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുരിലുള്ള ജെയ്ഷെ മുഹമ്മദിന്റെ പ്രധാന പരിശീലനകേന്ദ്രമായ മര്‍കസ് സുഭാനള്ളാ പൂര്‍ണമായും നശിപ്പിച്ചു. അവിടെയുള്ള പ്രധാന പള്ളിയുടെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ന്നു. ഈ പരിശീലനകേന്ദ്രത്തിന്റെ ഭാഗമായ 2100 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന കെട്ടിടസമുച്ചയവും തവിടുപൊടിയായെന്ന് അമേരിക്കന്‍ എര്‍ത്ത് ഇമേജിങ് സ്ഥാപനമായ മക്സര്‍ ടെക്നോളജീസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു

15 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നതാണ് മര്‍ക്കസ് സുഭാനള്ളാ പരിശീലനകേന്ദ്രം. ഇവിടെയാണ് ചെറുപ്പക്കാരെ ഭീകരവാദത്തിലേക്ക് റിക്രൂട്ട് ചെയ്ത് പരിശീലിപ്പിക്കുന്നത്. 11 ദിവസത്തോളം നീണ്ടുനിന്ന മുന്നൊരുക്കത്തിനൊടുവിലാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നടപ്പാക്കിയത്.

അബ്ദുല്‍ റൗഫിനെ വധിച്ചതോടെ ജയ്‌ഷെ മുഹമ്മദിന് നഷ്ടമായത് സുപ്രീംകമാന്‍ഡറെയാണ്. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പുര്‍, മുറിഡ്‌കെ എന്നിവിടങ്ങളിലെ ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ ആസ്ഥാനങ്ങള്‍ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിലാണ് അസര്‍ കൊല്ലപ്പെട്ടത്. മസൂദ് അസറിന്റെ 10 കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചിരുന്നു.1999-ല്‍ ഇന്ത്യന്‍ ജയിലില്‍ തടവിലായിരുന്ന സഹോദരന്‍ മസൂദ് അസറിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി 'കാണ്ഡഹാര്‍ വിമാനംറാഞ്ചലി'ന് ചുക്കാന്‍പിടിച്ചപ്പോള്‍ കൊടുംഭീകരന് പ്രായം 24.

2007 ഏപ്രില്‍ 21-ന് ജയ്‌ഷെയുടെ സുപ്രീംകമാന്‍ഡറായാണ് അബ്ദുള്‍ റൗഫ് ചുമതലയേറ്റത്. ഇന്ത്യക്കെതിരായ പ്രവര്‍ത്തനങ്ങളുടെ മുഖ്യകണ്ണികളിലൊരാള്‍. സഹോദരന്‍ മസൂദ് അസര്‍ ഒളിവില്‍പ്പോയതിന് പിന്നാലെയാണ് റൗഫ് കമാന്‍ഡറായി ചുമതലയേറ്റത്. താലിബാന്‍, അല്‍ഖായിദ അടക്കമുള്ള ഭീകരസംഘടനകളുമായി അടുത്തബന്ധം പുലര്‍ത്തിയ റൗഫിന് പാക് അധികാരികളുമായും അടുത്ത സൗഹൃദമുണ്ടായിരുന്നു. ജയ്ഷെ കേഡര്‍മാരെ പ്രചോദിപ്പിക്കുക, പ്രചാരണസാമഗ്രികള്‍ തയ്യാറാക്കുക, പാക് സര്‍ക്കാരുമായും ഐഎസ്ഐയുമായും ബന്ധപ്പെടുകയും ഫണ്ട് ക്രമീകരിക്കുകയും മറ്റ് ഭീകരസംഘടനകളുമായി ബന്ധംസ്ഥാപിക്കുക എന്നിവയെല്ലാമായിരുന്നു പ്രധാനപ്രവര്‍ത്തനങ്ങള്‍.

ഇന്ത്യയിലെ പ്രധാന ജയ്ഷെ ആക്രമണങ്ങള്‍ ആസൂത്രണംചെയ്തതും ഇയാളാണ്. 2001-ല്‍ ജമ്മു-കശ്മീര്‍ നിയമസഭയ്ക്കും പാര്‍ലമെന്റിനും നേരേയുണ്ടായ ആക്രമണം, 2016-ല്‍ പത്താന്‍കോട്ട് ആക്രമണം, നഗ്രോട്ട, കഠുവ ക്യാമ്പുകള്‍ക്കുനേരേയുള്ള ആക്രമണം, പുല്‍വാമ ആക്രമണം എന്നിവയുള്‍പ്പെടെ റൗഫിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നു.

മുറിവുണക്കിയ പ്രതികാരം

1999 ഡിസംബര്‍ 24 ക്രിസ്മസ് തലേന്ന് 176 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ഐസി-814 വിമാനം ഹര്‍ക്കത്തുല്‍ മുജാഹിദ്ദീന്‍ ഭീകരര്‍ റാഞ്ചി. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ അസര്‍ റൗഫായിരുന്നു. അന്ന് ഇന്ത്യയുടെ തടവിലായിരുന്ന ഭീകരരായ മസൂദ് അസര്‍, മുഷ്താഖ് സര്‍ഗര്‍, ഒമര്‍ ഷെയ്ഖ് എന്നിവരെ വിട്ടുനല്‍കണമെന്നതായിരുന്നു ആവശ്യം. ഭീകരരുടെ ആവശ്യത്തിനുമുന്നില്‍ ഇന്ത്യയ്ക്ക് വഴങ്ങേണ്ടിവന്നു. മൂവരെയും വിട്ടുനല്‍കി. ഇതിനുശേഷം ഡിസംബര്‍ 31-നാണ് ഭീകരര്‍ യാത്രക്കാരെ വിട്ടയച്ചത്.

Tags:    

Similar News