ധര്‍മ്മസ്ഥല വ്യാജ പ്രചാരണങ്ങളുടെ ആസൂത്രകന്‍ കേരള എം പി എന്ന് ഓര്‍ഗനൈസര്‍; ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും മനാഫ്; ലോറിക്കാരന്‍ വ്ളോഗറെ തിങ്കളാഴ്ച എസ്ഐടി ചോദ്യം ചെയ്യും: ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനാ അന്വേഷണം കേരളത്തിലേക്ക് നീളുന്നോ?
ധര്‍മ്മസ്ഥല വ്യാജ പ്രചാരണങ്ങളുടെ ആസൂത്രകന്‍ കേരള എം പി എന്ന് ഓര്‍ഗനൈസര്‍
മംഗളുരു: കര്‍ണ്ണാടകയിലെ ലോക പ്രശസ്തമായ ധര്‍മ്മസ്ഥല ശ്രീ മഞ്ജുനാഥ ക്ഷേത്രത്തെക്കുറിച്ച് വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിച്ച കേസിലെ അന്വേഷണം കേരളം കേന്ദ്രീകരിച്ച്. ഒരു കേരളാ എം പിയാണ് സംഭവങ്ങളുടെ സൂത്രധാരന്‍ എന്നാണ് കര്‍ണ്ണാടകയിലെ സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ പറയുന്നത്. ധര്‍മ്മസ്ഥലയിലെ കൊലപാതകങ്ങളെ കുറിച്ച് നിരവധി വീഡിയോകള്‍ മനാഫ് യൂട്യൂബില്‍ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നേരിടുന്ന ജയന്തിനൊപ്പമാണ് മനാഫ് വീഡിയോകള്‍ പങ്കുവച്ചത്.
ഇതോടെ ഈ തിങ്കളാഴ്ച മനാഫിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എസ്എടി മനാഫിന് നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടു.സഹകരിക്കാത്ത പക്ഷം ക്രിമിനല്‍ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ ഓണത്തിന്റെ പേര് പറഞ്ഞ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ എസ്എടി തീരുമാനിച്ചത്.
അതിനിടെ, പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മനാഫ് രംഗത്തെത്തി. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും മനാഫ് പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം നല്‍കുമെന്ന് കമ്മീഷണര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ധര്‍മസ്ഥലയില്‍ ഒരുപാട് ആളുകള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനാഫ് ആവര്‍ത്തിച്ചു. സത്യം തെളിയണമെന്ന് മാത്രമാണ് തന്റെ ആവശ്യമെന്നും ഒരുപക്ഷേ താന്‍ അറസ്റ്റിലായേക്കാമെന്നും മനാഫ് പറഞ്ഞു. പൊലീസ് സംരക്ഷണയില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് മനാഫ് കൂട്ടിച്ചേര്‍ത്തു.
പിന്നില്‍ കേരളാ എം പി?
ധര്‍മ്മസ്ഥല വ്യാജ പ്രചാരണ കേസില്‍ ശക്തമായ പ്രചാരണമാണ് ബിജെപി നടത്തിയത്. ഇതോടെ ഭരണകക്ഷിയായ കോണ്‍ഗ്രസും പ്ലേറ്റ് മാറ്റിയിരിക്കയാണ്. ധര്‍മ്മാധികാരി വീരേന്ദ്ര ഹെഗ്ഗഡെയ്ക്ക് പിന്തുണ അറിയിക്കാന്‍ ധര്‍മ്മസ്ഥല സന്ദര്‍ശിച്ച ബിജെപി, ജെഡിഎസ് നേതാക്കള്‍ക്ക് വന്‍ ജന പിന്തുണയാണ് ലഭിച്ചത്. ഇത് കൂടാതെ ബിജെപി ധര്‍മ്മസ്ഥല ചലോ യാത്ര നടത്തിയിരുന്നു. ഇത് കൂടാതെ നിഖില്‍ കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ ഡി എസ് സത്യ യാത്രയും നടത്തി.
പ്രതിപക്ഷ കക്ഷികള്‍ ഇതിലൂടെ ജന പിന്തുണ ആര്‍ജ്ജിക്കുന്നു എന്ന് കണ്ടപ്പോഴാണ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് പദ്ധതിയിട്ടത്. കേസില്‍ എസ്‌ഐടി രൂപീകരിച്ചതിനുശേഷം ധര്‍മ്മസ്ഥല സന്ദര്‍ശിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കളും ധര്‍മ്മസ്ഥലയിലെത്തി പിന്തുണ അറിയിക്കയാണ്.
അതിനിടെ ധര്‍മ്മസ്ഥല വ്യാജ പ്രചരണക്കേസില്‍ എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് മതനേതാക്കള്‍ ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കണ്ടിരുന്നു. 'സനാതന്‍ സന്ത് നിയോഗ'ത്തിന്റെ നേതൃത്വത്തില്‍ കര്‍ണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികളാണ് ഡല്‍ഹിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ധര്‍മ്മസ്ഥല കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.
എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്നും അമിത് ഷാ പ്രതിനിധി സംഘത്തിന് ഉറപ്പ് നല്‍കിയതായി സംഘാംഗമായിരുന്ന രാജശേഖരാനന്ദ സ്വാമിജി പറഞ്ഞു.
വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ കേരളത്തില്‍ നിന്നുള്ള സിപിഐ എംപിയും സംശയത്തിന്റെ നിഴലിലായി. രാജ്യസഭ എം.പി പി. സന്തോഷ് കുമാറിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്ളത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാവുമെന്നാണ് പറയുന്നത്.